സംഘടനാ വൃക്ഷം

പ്രസ്ഥാനത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകം യൂണിറ്റ് ആണ്‌. ഗ്രാമങ്ങളായിരിക്കും ഒട്ടുമിക്ക യൂണിറ്റിന്റേയും പ്രവർ‌ത്തന പരിധി. ചില യൂണിറ്റുകൾ ചിലപ്പോൾ ഒരു പഞ്ചായത്ത് തന്നെ ഉൾക്കൊള്ളുന്നതായിരിക്കും. അംഗങ്ങളുടെ എണ്ണവും, പ്രവർത്തന പരിധിയുടെ വിസ്തീർണ്ണവും എല്ലാം യൂണിറ്റ് നിർണ്ണയിക്കുന്നതിൽ പങ്കു വഹിക്കുന്നു. യൂണിറ്റിനു മുകളിൽ മേഖലാ ഘടകം ആണ്‌ ഉള്ളത്. ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ്‌ മേഖലകൾ രൂപവത്കരിച്ചിരിക്കുന്നത്. അതിനു മുകളിൽ ജില്ലാ ഘടകം.ഏറ്റവും മുകളിലായി കേന്ദ്ര നിർ‌വാഹക സമിതി ( സംസ്ഥാന കമ്മറ്റി). സംഘടനാ പരമായുള്ള അന്തിമ തീരുമാനങ്ങൾ കേന്ദ്ര നിർ‌വാഹക സമിതിയുടേതായിരിക്കും.നിലവിൽ 141 മേഖലകളും 1314 യൂണിറ്റുകളുമുണ്ട്.

ഇപ്പോൾ ഓൺലൈൻ ആയും പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ ഒട്ടനവധി മാർഗ്ഗങ്ങളുണ്ട്. സയൻസ് ഇൻ ആക്ഷൻ പോലുള്ള സന്നദ്ധപ്രവർത്തന രംഗങ്ങളും അതല്ലാതെ തന്നെ ഓൺലൈൻ സംഘടനാ അംഗത്വവും സ്വീകരിക്കാവുന്നതാണ്.

18 വയസ്സ് കഴിഞ്ഞ ആർക്കും പരിഷത്തിൽ അംഗമാകാം. പ്രാദേശിക യൂണിറ്റുകളിൽ പങ്കാളിയാവാൻ താങ്കളുടെ പ്രദേശത്തുള്ള പരിഷത്ത് പ്രവർത്തകരെ സമീപിക്കുക.

ഓൺലൈൻ അംഗത്വത്തിന് ഇവിടെ തൊടുക

 

ഒരു പുതിയ യൂണിറ്റ് എങ്ങിനെ തുടങ്ങാം?

ചുരുങ്ങിയത് 10 പേരെങ്കിലും ഉള്ള ഒരു സംഘമാണെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള മേഖലാ കമ്മിറ്റിയെ സമീപിച്ച് ഒരു പുതിയ പരിഷത്ത് യൂണിറ്റ് രൂപീകരിക്കാവുന്നതാണ്.  ഇത് ഡിസംബർ – ജനുവരി മാസങ്ങളിൽ നടക്കുന്ന മെംബർഷിപ് ക്യാമ്പെയിനോട് അനുബന്ധിച്ചാണ് നടത്തേണ്ടത്. യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചുരുങ്ങിയത് 7 പേരുണ്ടായിരിക്കണം. ഒരു പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ചുരുങ്ങിയത് മൂന്ന് അംഗങ്ങൾ എന്നിവയുൾപ്പെടെ ഏറ്റവും കുറഞ്ഞത് 7 പേർ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടായിരിക്കണം. ബാലവേദി, സമതാ യൂണിറ്റുകൾ തുടങ്ങിയവയും യൂണിറ്റുകൾക്ക് അനുബന്ധമായി തുടങ്ങാവുന്നതാണ്.

ഇപ്പോഴുള്ള അംഗങ്ങളെപ്പറ്റി

2020-21 പ്രവർത്തന വർഷത്തിൽ 55,338 പേരാണ് സംഘട
നയിൽ അംഗങ്ങളായുള്ളത്. ആകെ അംഗത്വത്തിൽ 19948 (36%)
പേര്‍ സ്ത്രീകളും 35390 (64%) പേര്‍ പുരുഷന്മാരുമാണ്. കഴിഞ്ഞ
പ്രവർത്തന വർഷത്തെ അംഗങ്ങളിൽ 47813 (86.4%) പേർ
അംഗത്വം പുതുക്കി. 7525 (13.6%) പേര്‍ പുതുതായി അംഗങ്ങളായിട്ടുണ്ട്.
കഴിഞ്ഞ വർഷത്തേക്കാൾ ആകെ അംഗത്വത്തിൽ 3186 (5.76%)
പേരുടെയും വനിതകളുടെ എണ്ണത്തില്‍ 1440 (7.2%) പേരുടെയും
വർധന ഉണ്ടായിട്ടുണ്ട്.