വിജ്ഞാനപരീക്ഷ
1970ലാണ് യുറീക്കാ മാസിക പ്രസിദ്ധീകരണം ആരംഭിക്കുന്നത്. കുട്ടികളിലേക്ക് ശാസ്ത്രവിജ്ഞാനം എത്തിക്കുകയെന്നതായിരുന്നു അതിന്റ ലക്ഷ്യം. സ്‌കൂൾ തലങ്ങളിൽ നൽകിവരുന്ന ശാസ്ത്രവിജ്ഞാനം വളരെ പരിമിതമായിരുന്നു. ശാസ്ത്രവിഷയങ്ങളിൽ കൂടുതൽ താൽപര്യം കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് പരിഷത്തിനു ബോധ്യമായി. അതിനുവേണ്ടിയാണ് ശാസ്ത്രവിജ്ഞാന സമ്പാദന പ്രക്രിയയിൽ ആരോഗ്യകരമായ മത്സരം വളർത്തുന്നതിന് ഒരു പരീക്ഷാ സമ്പ്രദായം രൂപപ്പെടുത്തുന്നതിന് തീരുമാനിച്ചത്. തുടക്കമെന്നനിലയിൽ 1974-ൽ ഒരു പൈലറ്റ് പ്രൊജക്റ്റ് എന്ന നിലക്ക് യു. പി. സ്‌കൂൾ വിദ്യാർഥികൾക്കായി തൃശ്ശൂർ ജില്ലയിൽ യുറീക്കാ വിജ്ഞാന പരീക്ഷ നടത്തി. സംസ്ഥാനവ്യാപകമായി വിജ്ഞാനപരീക്ഷ നടത്തുവാൻ ആവേശം നൽകുന്നതായിരുന്നു തൃശൂർ ജില്ലയിൽ നടത്തിയ പൈലറ്റ് പ്രൊജക്ടിന്റെ അനുഭവം. 1975 മുതൽ യുറിക്കാ വിജ്ഞാന പരീക്ഷ സംസ്ഥാന വ്യാപകമാക്കുകയും ചെയ്തു.
വിജ്ഞാനോത്സവം
19 വർഷമായി സ്‌കൂളിനകത്ത് നടത്തിവരുന്ന വിജ്ഞാന പരീക്ഷകൾ 1991 മുതലാണ് വിജ്ഞാനോത്സവങ്ങളായി സ്‌കൂളിനു പുറത്ത് നടത്താൻ തുടങ്ങിയത്. 1991ൽ പഞ്ചായത്ത്, മേഖലാ, ജില്ലാ തലങ്ങളിൽ നടന്ന വിജ്ഞാനോത്സവങ്ങളിൽ ഒന്നര ലക്ഷത്തോളം വിദ്യാർഥികളും അരലക്ഷം പ്രവർത്തകരും പങ്കാളികളായി. പരിഷത്തിന്റെ ബഹുഭൂരിഭാഗം യൂണിറ്റുകളെയും പ്രവർത്തകരെയും ചലിപ്പിക്കാനായി. പരിഷത്ത് സംഘടനയുമായൊ പ്രവർത്തനങ്ങളുമായൊ യാതൊരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്ത നൂറുകണക്കിന് രക്ഷിതാക്കളെയും അധ്യാപകരെയും ആവേശഭരിതരാക്കി സഹകരിപ്പിക്കാൻ വിജ്ഞാനോത്സവങ്ങൾക്ക് കഴിഞ്ഞു.