images (36)ഇക്കൊല്ലം സംസ്ഥാനത്ത് വീണ്ടുമുണ്ടായ പ്രളയത്തെയും ഉരുൾപൊട്ടലുകളേയും തുടർന്ന് ക്വാറികളുടെ പ്രവർത്തനം സർക്കാർ നിർത്തിവെച്ചത് ശ്ലാഘനീയമായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം തന്നെ നിയന്ത്രണം പൂർണമായി പിൻവലിക്കുകയാണ് ഉണ്ടായത്. ഈ നടപടി ശരിയല്ലെന്നും നിയന്ത്രണം നീക്കിയത് പുനപ്പരിശോധിക്കണമെന്നും കേരള ശാസ്ത സാഹിത്യ പരിഷത്ത് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നു.
അതിവൃഷ്ടിയെ തുടർന്ന് മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിടിച്ചിലും കഴിഞ്ഞ വർഷത്തെപ്പോലെ ഈ കാലവർഷത്തിലും അനേകം ജീവനും സ്വത്തും നശിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട് . ഇത്തരം പ്രദേശങ്ങളിൽ നടക്കുന്ന അശാസ്ത്രീയവും അനിയന്ത്രിതവുമായ മാനുഷിക ഇടപെടലുകൾ ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പാറഖനനം മൂലമുണ്ടാകുന്ന പ്രകമ്പനങ്ങൾ ഇതിൽ ഒരു പ്രധാന ഘടകമാണ്. മഴയിൽ കുതിർന്ന മലഞ്ചരിവുകളിൽ ഉരുൾപൊട്ടലുണ്ടാകാൻ ഒരു ബ്ലാസ്റ്റിങ്ങ് തന്നെ ധാരാളമാണ്. ക്വാറികളും വീടുകളും തമ്മിലുള്ള കുറഞ്ഞ ദൂരം കേവലം 50 മീറ്റർ മാത്രമാണ് എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രത്യക്ഷ അനുഭവത്തിന്റേയും ശാസ്ത്രീയ മുന്നറിയിപ്പിന്റേയും പശ്ചാത്തലത്തിൽ പ്രത്യേകിച്ച് മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ച ഇടങ്ങളിൽ പോലും നിരോധനം പിൻവലിച്ച നടപടി അറിഞ്ഞു കൊണ്ട് അപകടം വിളിച്ചു വരുത്തലാണ്. പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കെട്ടിട നിർമാണത്തിന് പ്രകൃതി ചൂഷണം കുറയ്ക്കുന്ന നിർമിത സാങ്കേതികവിദ്യകൾ ഉപയോഗ പ്പെടുത്തുമെന്ന് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യം ഉൾപ്പെടുത്തി കെട്ടിടനിർമാണ ചട്ടങ്ങൾ ഭേദഗതി ചെയ്യേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിൽ നിലവിൽ ഉരുൾപൊട്ടലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ച ഇടങ്ങളിലുള്ള ക്വാറികളുടെ പ്രവർത്തനങ്ങൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും അനധികൃത ക്വാറികൾ അടച്ചു പൂട്ടുന്നതിനു വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ശാസ്ത്രീയ പഠനങ്ങൾക്കുശേഷം അനുവദനീയമായ ഇടങ്ങളിൽ അനിവാര്യമായ അളവിൽ മാത്രമേ പാറ, കളിമണ്ണ്, മണൽ തുടങ്ങിയവ ഇനിമേൽ ഖനനം നടത്താവൂ എന്ന് സർക്കാർ നിഷ്കർഷിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സർക്കാറിനോട് ആവശ്യപ്പെടുന്നു.

എ പി മുരളീധരൻ പ്രസിഡണ്ട്
കെ രാധൻ ജനറൽ സെക്രട്ടറി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Categories: Press Release