സമൂഹത്തില്‍ ശാസ്‌ത്രബോധവും യുക്തി ചിന്തയും വളര്‍ത്തുന്നതിനും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരായും വിപുലമായ ശാസ്‌ത്രബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന വാര്‍ഷികം തീരുമാനിച്ചു. ഗ്രന്ഥശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ ശാസ്‌ത്രത്തിന്റെ രീതി, യുക്തിചിന്ത എന്നിവെയക്കുറിച്ചുള്ള ക്ലാസ്സുകളും സംവാദങ്ങളും സംഘടിപ്പിക്കും. ഇതിനായി സംസ്ഥാന ജില്ലാ തലത്തില്‍ പരിശീലനങ്ങളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ നിയന്ത്രിക്കുന്നതിന്‌ ഒരു നിയമം കൊണ്ടു വരേണ്ടതുണ്ട്‌. നിയമം കൊണ്ട്‌ അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലും ഇത്തരം ഒരു നിയമം ഈ രംഗത്ത്‌ ഇടപെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ബലം നല്‍കും. ജനബോധവല്‍ക്കരണത്തിനും അത്‌ സഹായകമാകും. അതിനാല്‍ ഇത്തരം ഒരു നിയമം ഒട്ടും വൈകാതെ കേരള അസംബ്ലിയില്‍ അവതരിപ്പിച്ച്‌ പാസ്സാക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന്‌ സര്‍ക്കാറിനോടും അതിനുവേണ്ടിയുള്ള സമ്മര്‍ദം സൃഷ്‌ടിക്കാന്‍ വേണ്ട പ്രചാരണത്തിലും പ്രക്ഷോഭങ്ങളിലും പങ്കുചേരാന്‍ കേരളത്തിലെ ജനങ്ങളോടും ജനങ്ങളുടെ പ്രസ്ഥാനങ്ങളോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള ജനകീയ മെമ്മോറാണ്ടം ഡോ.കെ.എന്‍. ഗണേശും പ്രമേയം പ്രൊഫ.കെ. പാപ്പൂട്ടിയും അവതരിപ്പിച്ചു. അഖിലേന്ത്യാ ജനകീയ ശാസ്‌ത്ര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി.ഗംഗാധരനും പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐ ആര്‍ ടി സി പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഡോ. ലളിതാംബികയും സംസാരിച്ചു. കേരളത്തിന്‌ ഒരു സമഗ്ര ഊര്‍ജാസൂത്രണം എന്ന വിഷയത്തില്‍ ഡോ. എം. പി. പരമേശ്വരന്‍ പിടിബി സ്‌മാരക പ്രഭാഷണം നടത്തി. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. പ്രൊഫ. പി.കെ.രവീന്ദ്രന്‍ സംഘടനാ രേഖ അവതരിപ്പിച്ചു. പരിഷത്ത്‌ ആരംഭിക്കുന്ന ഓണ്‍ലൈന്‍ മാസികയായ ലൂക്കയുടെ പ്രകാശനവും നവീകരിച്ച വെബ്‌സൈറ്റ്‌, സംസ്ഥാന കമ്മറ്റിയുടെ ഫേസ്‌ബുക്ക്‌ പേജ്‌ എന്നിവയുടെയും പ്രകാശനം നടന്നു.
കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ നിയന്ത്രിക്കുക, സമചിത്തതയോടെയുള്ള സംവാദാത്മക അന്തരീക്ഷം ഉറപ്പുവരുത്തുക, വിദ്യാഭ്യാസരംഗത്ത്‌ ദുര്‍ബലരുടെ നീതിക്കും ഭാഷാസംസ്‌കാരങ്ങളുടെ സംരക്ഷണത്തിനും വേണ്ടി അണിചേരുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

Categories: Updates