കേരളത്തിന്റെ ആരോഗ്യനേട്ടങ്ങള്‍ തിരികെ പിടിക്കണം –
ഡോക്ടര്‍ അനീഷ്
പിരാരൂര്‍ (അങ്കമാലി)
9 ഒക്ടോബര്‍ 2010

കേരളത്തിന്റെ ആരോഗ്യനേട്ടങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്. തുടച്ചുനീക്കപ്പെട്ട പല പകര്‍ച്ചവ്യാധികളും തിരിച്ചുവരുന്നു. പുതിയ പകര്‍ച്ചവ്യാധികള്‍ രംഗപ്രവേശം ചെയ്യുന്നു. ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. പക്ഷെ, പഴയ നേട്ടങ്ങള്‍ തിരിച്ചു പിടിക്കാനാവുമെന്ന് ഡോക്ടര്‍ അനീഷ് (തിരുവനന്തപുരം മെഡിക്കല്‍ കോളേജ്) അഭിപ്രായപ്പെട്ടു. പിരാരൂര്‍ (അങ്കമാലി) നടന്ന ആരോഗ്യ പ്രവര്‍ത്തക സംഗമത്തില്‍ “ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ വ്യായാമം” എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്തെ പരിഷത്തിന്റെ ഇടപെടലുകള്‍ (ശ്രീ ശിവരാമ പിള്ള, ആലപ്പുഴ), കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ (ശ്രീ കെ.എം. വിനോദ്), സ്കൂള്‍ ശുചിത്വം (ശ്രീ അസൈനാര്‍), വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സുകള്‍ (ശ്രീ വിദ്യാധരന്‍) എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. ശ്രീ രവി സ്വാഗതവും, ശ്രീ വിദ്യാധരന്‍ നന്ദിയും പറ‍ഞ്ഞു.

50 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ജില്ലയില്‍ 1000 വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സുകള്‍ നടത്താന്‍ തീരുമാനിച്ചു. ആരോഗ്യകരമായ ഭക്ഷണമൊരുക്കുന്നതിനും ചിട്ടയായ സംഘാടനം നടത്തുന്നതിലും സ്വാഗതസംഘം ശ്രദ്ധിച്ചു.

Categories: Updates