എഞ്ചിനീയറിംഗ് കോളേജ് പ്രവേശനം:
സ്വാശ്രയ മാനേജ്‌മെന്റുകളുടെ കച്ചവടതാല്പര്യത്തിന് വഴങ്ങരുത്

എന്‍ട്രന്‍സ് പരീക്ഷയിലെ മിനിമം മാര്‍ക്ക് നോക്കാതെ ഹയര്‍സെക്കണ്ടറി പരീക്ഷയിലെ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ അവരുടെ കോളേജുകളിലേക്ക് പ്രവേശനം നടത്താന്‍ അനുവദിക്കണമെന്ന് കേരളത്തിലെ സ്വാശ്രയകോളേജുകളുടെ മാനേജര്‍മാരുടെ സംഘടന കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത മാനേജ്‌മെന്റിന് വിദ്യാര്‍ഥികളോടുള്ള സ്‌നേഹമോ ദയയോ കൊണ്ടല്ല ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവരുടെ കോളേജുകളിലൊട്ടാകെ 18000 സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇക്കൊല്ലവും ആവശ്യത്തിന് കുട്ടികളെ കിട്ടില്ല എന്ന ഭയമുണ്ട്. അതു കൊണ്ടുമാത്രമാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷയില്‍ 10 മാര്‍ക്ക് ആണ് മിനിമം. അതുപോലും കിട്ടാത്തവര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പോയാല്‍ അവിടത്തെ പരീക്ഷകള്‍ പാസ്സാകുമോ? ഡിഗ്രി കിട്ടുമോ? ഇപ്പോഴും എഞ്ചിനീയറിംഗ് പരീക്ഷയിലെ ശരാശരി വിജ യശതമാനം 40 ആണ്. സ്വാശ്രയകോളേജുകളില്‍ പലതിലും പത്തും പതിനഞ്ചുമാണ് വിജയശതമാനം. ഇങ്ങനത്തെ കോളേജുകളെ നിലനിര്‍ത്താനായി കുട്ടികളെ പ്രവേശിപ്പിച്ച് അവരെ കുരുതി കൊടുക്കരുത്. അവര്‍ അവര്‍ക്കു താല്‍പര്യവും കഴിവുമുള്ള മറ്റേതെങ്കിലും വിഷയമെടുത്തു പഠിച്ചുകൊള്ളട്ടെ. വിജയശതമാനം കുറഞ്ഞ സ്വാശ്രയ കോളേജുകള്‍ നിലനിര്‍ത്തുന്നതിനേക്കാള്‍ പ്രധാനം കുട്ടികളുടെ ഭാവിയാണ് എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കില്ല എന്ന സര്‍ക്കാര്‍ നിലപാടിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മാനേജ്‌മെന്റിന്റെ കച്ചവടതാല്‍പര്യങ്ങള്‍ക്ക് വഴങ്ങരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.

ഡോ.കെ.പി. അരവിന്ദന്‍ പി. മുരളീധരന്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി

Categories: Updates