‘എന്തുകൊണ്ട് ? എന്തുകൊണ്ട് ? എന്തുകൊണ്ട് ?’ എന്ന ഈ പരിഷത്ത് പ്രസിദ്ധീകരണത്തിന്റെ മുപ്പതാം പതിപ്പാണിത്. 1987-ലാണ് ഇതിന്റെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചത്. കാല്‍നൂറ്റാണ്ടിലധികംകാലം അപ്രസക്തമാകാതെ നിലകൊള്ളാന്‍ കഴിയുക എന്നത് ഒരു പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല. ഈ കാലയളവില്‍ വിവിധ പതിപ്പുകളിലായി ഈ പുസ്തകത്തിന്റെ ഒന്നരലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞുപോയിട്ടുണ്ട്. ഇത് മലയാളപ്രസിദ്ധീകരണരംഗത്തെ ഒരു സര്‍വകാല റെക്കോഡാണ്. ഒരിക്കലും മറക്കാനാവാത്ത ഒരു രാപ്പകല്‍ കൂട്ടായ്മയിലൂടെയാണ് എന്തുകൊണ്ടിന്റെ ആദ്യപതിപ്പ് രൂപപ്പെട്ടത്. ഒട്ടേറെ എഴുത്തുകാരും കലാകാരന്മാരും തിരുവനന്തപുരത്തെ പാറ്റൂര്‍ ജങ്ഷനു സമീപത്തുണ്ടായിരുന്ന പരിഷദ്ഭവനിലെ എന്തുകൊണ്ട് മുറിയില്‍ ഒന്നിച്ചുകൂടി. മൂന്നുമാസത്തോളം ചോദ്യങ്ങളുമായെത്തുന്ന അധ്യാപകരും ശരിയുത്തരങ്ങള്‍ക്കായി തര്‍ക്കിക്കുന്ന എഴുത്തുകാരും ഉത്തരങ്ങള്‍ക്കുപറ്റിയ ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരന്മാരും പിന്നെ പരിഷത്ത് പ്രവര്‍ത്തകരും ഒക്കെചേര്‍ന്ന ഒരസാധാരണ സ്‌നേഹക്കൂട്ടായ്മയാണ് ഈ വിജയം സാധ്യമാക്കിയത്. പുസ്തകത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍മായി പ്രവര്‍ത്തിച്ച ടി.ടി.പ്രഭാകരന്‍, റസി ജോര്‍ജ്, സി.വി.ചന്ദ്രന്‍, ചിത്രങ്ങളൊരുക്കിയ വിജയന്‍, നെയ്യാറ്റിന്‍കര ചന്ദ്രാനന്ദ്, ഗോഡ്‌ഫ്രെ ദാസ്, വി.ജയചന്ദ്രന്‍ എന്നിവരെയും നൂറുകണക്കിന് എഴുത്തുകാരെയും ഇത്തരുണത്തില്‍ മറക്കാനാവില്ല. ഉന്മേഷഭരിതമായ ആ നാളുകളെക്കുറിച്ച് ടി.ടി.പ്രഭാകരന്‍ എഴുതിയ ഒരു ചെറുകുറിപ്പ് ഈ പുസ്തകത്തിന്റെ ഒടുവില്‍ ചേര്‍ത്തിട്ടുണ്ട്. തുടര്‍ച്ചയായി പരിഷ്‌കരിച്ചും മെച്ചപ്പെടുത്തിയുമാണ് എന്തുകൊണ്ടിന്റെ ഓരോ പതിപ്പും വായനക്കാരുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇനിയും ധീരമായി ‘എന്തുകൊണ്ട് ? എന്തുകൊണ്ട് ? എന്തുകൊണ്ട് ?’ എന്ന് ചോദ്യമുയര്‍ത്താന്‍ കെല്‍പ്പുള്ള ഒരു പുതിയ തലമുറയുടെ സൃഷ്ടിയില്‍ എളിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയോടെ ഞങ്ങള്‍ എന്തുകൊണ്ടിന്റെ ഈ പതിപ്പ് അഭിമാനപൂര്‍വം വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.
കഴിഞ്ഞ 35 വര്‍ഷമായി വിദ്യാഭ്യാസകാര്യങ്ങളില്‍ സജീവമായി ഇടപെടാന്‍ ശ്രമിച്ചതിന്റെ ഒട്ടേറെ അനുഭവങ്ങള്‍ ഉള്ള സംഘടനയാണ് ശാസ്ത്രസാഹിത്യ പരിഷത്ത്. ശരിയായ ചോദ്യങ്ങള്‍ ചോദിക്കാനും അവയ്ക്കുള്ള ഉത്തരങ്ങള്‍ തേടാനും പ്രാപ്തമാക്കലാകണം വിദ്യാഭ്യാസം. പക്ഷേ നമ്മുടെ വിദ്യാഭ്യാസം പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള കുട്ടികളുടെ വാസനയെയും, ജിജ്ഞാസയെയും വന്ധീകരിക്കുന്നു. ഔപചാരികവിദ്യാഭ്യാസം ഇന്നും വിരസതയുടെ ശാരീരികവും മാനസികവുമായ ആവിഷ്‌കാരമായി തുടരുന്നു.
വിരസവും ജനവിരുദ്ധവുമായ പാഠപുസ്തകങ്ങളുടെ തടവറയില്‍നിന്ന് കുട്ടികളെ മോചിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പഠനം പാല്‍പായസവും അധ്യാപനം അതിമധുരവുമാകണം. വായന അനായാസവും ചിന്തോദ്ദീപകവുമാകണം. പാഠപുസ്തകപഠനം ലളിതമാക്കാനുപകരിക്കുന്ന, കുട്ടികളുടെ ജിജ്ഞാസയെ ചലനാത്മകമാക്കാനുതകുന്ന ഒട്ടേറെ കാര്യങ്ങളില്‍ പ്രധാനമായതാണ് പാഠ്യവിഷയവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട അധികവായനയ്ക്കുള്ള പുസ്തകങ്ങള്‍. ഇത്തരം പാഠപുസ്തകങ്ങള്‍ ഇന്നും മലയാളത്തില്‍ കുറവാണ്. ഈ രംഗത്തേക്കുള്ള എളിയ സംഭാവനകളാണ് പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങള്‍. അറിയുവാനും അന്വേഷിക്കുവാനും ഒരുപാടുണ്ടെന്ന തിരിച്ചറിവിലേക്ക് ബാലമനസ്സുകളെ തുയിലുണര്‍ത്തുവാന്‍ ഒരിത്തിരിയെങ്കിലും ഈ പുസ്തകത്തിനു കഴിഞ്ഞെങ്കില്‍… ഞങ്ങള്‍ കൃതാര്‍ഥരാണ്.
ഈ പുസ്തകം ഒരാവൃത്തി വായിച്ചുതീരുമ്പോള്‍ ഒരായിരം പുതിയ ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉയരട്ടെ.

Categories: Updates