കേരളവും കര്‍ണ്ണാടകവും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതായി വാര്‍ത്ത വന്നിരിക്കുന്നു. ഏറെ പ്രതിഷേധത്തോടുകൂടി മാത്രമേ ഈ നീക്കത്തെ കാണാനാവൂ.
കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി ഇപ്പോള്‍ അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ജനിതകവും ശാരീരികവും മാനസീകവുമായ പ്രശ്‌നങ്ങള്‍ പരക്കെ ചര്‍ച്ചചെയ്യപ്പെടുകയും ലോകം തന്നെ ശ്രദ്ധിക്കുകയും ചെയ്ത കാര്യങ്ങളാണ്. ഇത് സംബന്ധമായി നടത്തപ്പെട്ട ഒരു പഠനത്തിലും ആ പ്രദേശത്ത് കാണപ്പെടുന്ന വൈകല്യങ്ങളുടെ കാരണം എന്‍ഡോസള്‍ഫാന്‍മൂലമല്ല എന്ന് തെളിയിച്ചിട്ടില്ല. അതേസമയം എന്‍ഡോസള്‍ഫാന്‍ ആണ് യഥാര്‍ത്ഥവില്ലന്‍ എന്ന് സൂചന നല്‍കുന്ന ഒട്ടേറെ പഠനങ്ങള്‍ വെളിച്ചത്ത് വരികയും ചെയ്തു. എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദശാബ്ദങ്ങളായി ഈ പ്രദേശത്ത് പ്രക്ഷോഭം നടക്കുന്നു. 20 ല്‍ പരം കമ്മീഷനുകള്‍ ഈ വിഷയം പഠിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇവയൊക്കെ പരിഗണിച്ചാണ്് ബഹുമാനപ്പെട്ട സുപ്രീം കോടതി 2011 മെയ് മാസം എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനവും, ഉപയോഗവും വില്പനയും നിരോധിച്ച്‌കൊണ്ട് ഉത്തരവ് ഇറക്കിയത്.
പി. ഒ. പി. വിഭാഗത്തില്‍പെട്ട കീടനാശിനി ആയതിനാല്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും (യു. എസ്. എ. അടക്കം) മുമ്പ്തന്നെ നിരോധിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ 2010 ല്‍ ഐക്യരാഷ്ട്ര സഭയും നിരോധിച്ചിട്ടുള്ളതാണ്. കേരളത്തിന്റെ അനുഭവങ്ങള്‍കൂടിയാണ് ഈ നിരോധനത്തിന് പ്രേരകമായത്. മനുഷ്യന് ജീവിക്കാനും നിലനില്‍ക്കാനുമുള്ള അവകാശമാണ് ലാഭകരമായി പ്രവര്‍ത്തിക്കാനുള്ള കമ്പനിയുടെ അവകാശത്തേക്കാള്‍ വലുതെന്ന സമീപനമാണ് ഇതിലൂടെ ഉയര്‍ത്തിപ്പിടിക്കപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മറിച്ചൊരു സമീപനം ഇപ്പോള്‍ കൈക്കൊണ്ടിരിക്കയാണ്. ജനകീയ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവന്ന കേരളവും കര്‍ണ്ണാടകവും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ അവിടുത്തെ സര്‍ക്കാരുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്ന കാരണത്താല്‍ അത്യപകടകരമായ ഒരു കീടനാശിനി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് വാദിക്കുന്നത് കീടനാശിനി ലോബികളെ സഹായിക്കാനാണെന്ന് വ്യക്തമാണ്.ജനങ്ങളുടെ ആരോഗ്യകരമായ ജീവിതം ഉറപ്പ് വരുത്താന്‍ ചുമതലപ്പെട്ട ഭരണകൂടം, പ്രക്ഷോഭങ്ങളും ചെറുത്ത് നില്‍പ്പുകളും ഉയര്‍ന്നു വരാത്ത സ്ഥലങ്ങളില്‍ അതിന് ബാദ്ധ്യസ്ഥരല്ല എന്ന് പറയുന്നത് ലജ്ജാകരമാണ്. ഈ ജനദ്രോഹ സമീപനത്തിനെതിരെ വന്‍തോതിലുള്ള ജനകീയ പ്രക്ഷോഭം ഇനിയും ഉയരേണ്ടിയിരിക്കുന്നു.
കെ.ടി. രാധാകൃഷ്ണൻ
പ്രസിഡന്റ്