എന്‍ഡോ സള്ഫാന് നിരോധിക്കുക
എന്‍ഡോ സള്ഫാന് പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നിലപാട് തികച്ചും ജനവിരുദ്ധവും അശാസ്ത്രീയവുമാണ്. എന്‍ഡോ സള്ഫാന് ദോഷമില്ലാത്ത കീടനാശിനിയാണെന്ന് കേന്ദ്ര സഹമന്ത്രി കെ.വി. തോമസിന്റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. അന്താരാഷ്ട്ര വേദികളില്‍ ഇന്‍ഡ്യ മാത്രമാണ് എന്‍ഡോ സള്ഫാന് നിരോധനത്തെ എതിര്‍ക്കുന്നത്. എന്‍ഡോ സള്ഫാന് മൂലം ദുരിതമനുഭവിക്കുന്നവര്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്‍ഡ്യ എന്നതാണ് ഏറെ വിരോധാഭാസം.
ഓര്‍ഗാനോ ക്ളോറിന്‍ വിഭാഗത്തില്‍പ്പെട്ട ഒരു കീടനാശിനിയാണ് എന്‍ഡോ സള്ഫാന്. ലോകത്തിലെ ഏറ്റവും അപകടകാരിയായ കീടനാശിനികളില്‍ ഒന്നായിട്ടാണ് ഇത് ഇപ്പോള്‍ കണക്കാക്കുന്നത്. ഈ കീടനാശിനിയുടെ അപകടസാധ്യതകള്‍ നിരവധി ഗവേഷണത്തിലൂടെ കണ്ടെത്തിയതിന്റെ ഫലമായാണ് യൂറോപ്യന്‍ യൂണിയന് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇത് നിരോധിച്ചിട്ടുള്ളത്. ജനിതക സംബന്ധിയായ വൈകല്യങ്ങള്‍ ഉള്‍പ്പെടെ മനുഷ്യരില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് എന്‍ഡോ സള്ഫാന് കാരണമാകുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലാണ് തികച്ചും അശാസ്ത്രീയവും വ്യാപകവുമായി എന്‍ഡോ സള്ഫാന് ഉപയോഗിക്കുന്നത്. ഇതിന്റെ ഫലമായി അവിടത്തെ ജനങ്ങളില്‍ ഇത് കടുത്ത വിഷബാധയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. എന്‍ഡോ സള്ഫാന് മൂലമാണ് ഈ രോഗങ്ങള്‍ എന്ന് തെളിയിച്ചിട്ടില്ലെന്ന വാദത്തില്‍ കഴമ്പില്ല. ഇങ്ങനെയൊരു സാങ്കേതിക ന്യായം പറയാമെങ്കിലും എല്ലാ അനുഭവസാക്ഷ്യങ്ങളും സാഹചര്യ തെളിവുകളും കാണിക്കുന്നത് ഈ പ്രദേശങ്ങളിലെ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് എന്‍ഡോ സള്ഫാന് ആണ് കാരണമെന്നാണ്. നിരവധി മരണങ്ങളും ഇതുമായി ബന്ധപ്പെട്ട് അവിടെ സംഭവിച്ചിട്ടുണ്ട്. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ആഘാതങ്ങള്‍ ഈ കീടനാശിനി ഉണ്ടാക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ സൂചനകളാണിവ. ഇക്കാര്യം സംശയാതീതമായി തെളിയുന്നതുവരെ ഇതിന്റെ ഉപയോഗം നിര്‍ത്തി വയ്ക്കുകയും ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ പഠനങ്ങള്‍ക്കുള്ള അടിയന്തിര നടപടി സ്വീകരിക്കുകയും വേണം. അതിനുപകരം എന്‍ഡോ സള്ഫാന് ഉപയോഗം തുടരാന്‍ അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കീടനാശിനി കമ്പിനികള്‍ക്ക് ഒത്താശ ചെയ്യുന്നതിനുവേണ്ടി മാത്രമാണ്. ഭോപ്പാല്‍ ദുരന്തം ഉണ്ടായപ്പോഴും ഇതേ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത് എന്നു കാണാം.
ഈ സാഹചര്യത്തില്‍ ഇന്‍ഡ്യയിലെ ജനങ്ങളുടെ താത്പര്യം പരിഗണിച്ച് എന്‍ഡോ സള്‍ഫാന്റെ ഉത്പാദനവും ഉപയോഗവും അടിയന്തിരമായി രാജ്യത്ത് നിരോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
സംസ്ഥാന പ്രസിഡന്റ് ജനറല്‍ സെക്രട്ടറി
ഡോ. കാവുമ്പായി ബാലകൃഷ്ണന് ടി.പി. ശ്രീശങ്കര്‍