സര്‍ക്കാരേതര സംഘടന(എന്‍.ജി.ഒ.)കള്‍ വികസനപദ്ധതികള്‍ തടസ്സപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുന്നുവെന്നും അതിനാല്‍ അത്തരം സംഘടനകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും കാണിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വികസനത്തിന്റെ മറവില്‍ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനും ജനകീയ പ്രക്ഷോഭങ്ങളെ തളര്‍ത്താനുമുള്ള സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമാണ്. വിദേശ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനകള്‍ രാജ്യത്തിന്റെ വികസനത്തെ തളര്‍ത്തുന്നുവെന്ന് ആരോപിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ചാല്‍ യഥാര്‍ഥത്തില്‍ അത് വിദേശ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് എതിര്‍പ്പുകളെ ഇല്ലാതാക്കി രാജ്യത്തെ ചൂഷണം ചെയ്യാനുള്ള മണ്ണൊരുക്കലാണെന്നു ബോധ്യമാകും. ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങള്‍ കവര്ന്നെടുത്തുകൊണ്ടും രാജ്യത്തിന്റെ മണ്ണും ജലവിഭവും വനങ്ങളുമെല്ലാം യഥേഷ്ടം ഉപയോഗപ്പെടുത്തിയും ഇത്തരം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ആവിഷ്കരിക്കുകയോ നടപ്പാക്കുകയോ ചെയ്യുന്ന നിരവധി പദ്ധതികള്‍ക്കെതിരെ അതാതിടങ്ങളില്‍ അതിനിരയാകുന്ന ജനങ്ങളുടെ വലിയതോതിലുള്ള പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അത്തരം പ്രക്ഷോഭങ്ങളെ എന്‍ജിഒകള്‍ സഹായിക്കുന്നുണ്ടാകാം. എന്നാല്‍ എന്‍ജിഒകളെ പഴിചാരുക വഴി ഈ ജനകീയ പ്രക്ഷോഭങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഐബി റിപ്പോര്‍ട്ടിനു പിന്നിലെ പ്രേരണയെന്ന് വ്യക്തമാണ്. വലിയ തോതില്‍ ജനങ്ങളെ നിഷ്കാസനം ചെയ്യുന്നതിന്റെ പേരില്‍ എതിര്‍പ്പുകള്‍ നേരിടുന്ന ഒറീസ്സയിലെ പോസ്കോ സ്റ്റീല്‍ പദ്ധതി, വിദേശ ധനസഹായത്തോടെ നടപ്പാക്കപ്പെടുന്ന കൂടംകുളം ഉള്‍പ്പെടെയുള്ള ആണവോര്‍ജപദ്ധതികള്‍, മൊണ്‍സാന്റോ പോലുള്ള ബഹുരാഷ്ട്ര ഭീമന്മാരുടെ താത്പര്യപ്രകാരം ആവിഷ്കരിച്ചിട്ടുള്ള ജി.എം. വിള പരീക്ഷണങ്ങള്‍ എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളാണ് കേന്ദ്ര ഏജന്‍സിയെ ഏറെ പ്രകോപിപ്പിച്ചിട്ടുള്ളതെന്ന വസ്തുത തന്നെ ഇതിനു തെളിവാണ്.
രാജ്യത്തെ നിലവിലുള്ള ആയിരക്കണക്കായ സര്‍ക്കരേതര സംഘടനകള്‍ എല്ലാം ജനകീയ താത്പര്യങ്ങളോടെ പ്രവര്ത്തിക്കുന്നവയാകണമെന്നില്ല. അവയില്‍ പലതിനും ലഭിക്കുന്ന വിദേശ ധനസഹായങ്ങള്‍ക്കു പിന്നില്‍ പലതരം കാണാച്ചരടുകളുമുണ്ടാകാം. അവയെ വ്യവഛേദിച്ചു കാണുകയും എല്ലാ സര്‍ക്കാരേതര സംഘടനകളെയും കൃത്യമായ സാമൂഹിക പരിശോധനകള്‍ക്കു വിധേയമാക്കുകയുമാണ് വേണ്ടത്. എന്നാല്‍ അത്തരമൊരു ശ്രമമല്ല ഇപ്പോഴത്തെ ഐബി റിപ്പോര്‍ട്ടിനു പിന്നില്‍ കാണുന്നത്. മറിച്ച്, കോര്‍പ്പറേറ്റ് – വിദേശ താത്പര്യപ്രേരിതമായ ചില വികസനപദ്ധതികളും വികസനമേഖലകളുമായി ബന്ധപ്പെട്ട് അതിന്റെ ഇരകളാകുന്ന ജനവിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും മാത്രമാണ് ഐബി ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ ധനസഹായം ലഭിക്കുന്ന ആത്മീയ ഏജന്‍സികളെയോ വനവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങള്‍ക്കു ലഭിച്ച വിദേശഫണ്ട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കായി വഴിതിരിച്ചുവിട്ടുവെന്ന് ആരോപണം നേരിടുന്ന ചില സംഘടകളെയോ പറ്റി ഐബിക്കു പരാതിയില്ലെന്നത് ഇതിനുദാഹരണമാണ്.
ഒറീസ്സയിലെ സ്റ്റീല്‍ പദ്ധതി, ആണവവൈദ്യുത പദ്ധതികള്‍, ജിഎം.വിളകള്‍ തുടങ്ങി ഐബി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല വികസനപദ്ധതികളെയും എതിര്‍ക്കുന്നതില്‍ എന്‍ജിഒകള്‍ മാത്രമല്ല ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള വിദേശ ധനസഹായം സ്വീകരിക്കാത്ത ശാസ്ത്രസംഘടനകളും സാമൂഹികപ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എന്തിന്, പാര്‍ലമെന്ററി സമിതികള്‍ പോലുമുണ്ട്. വികസനം സുസ്ഥിരമല്ലെങ്കില്‍ ആത്യന്തികമായി അത് രാജ്യത്തെ പിന്നോട്ടടിപ്പിക്കുകയാവും ചെയ്യുക. വികസനത്തിന്റെ പേരില്‍ നടപ്പാക്കപ്പെടുന്ന പദ്ധതികള്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ട-കോട്ട വിലയിരുത്തലില്‍ കോട്ടങ്ങളാണോ കൂടുതല്‍ സൃഷ്ടിക്കുക, ജനങ്ങളെ വലിയതോതില്‍ ദുരിതത്തിലാഴ്ത്തുന്നുണ്ടോ എന്നെല്ലാം പരിശോധിച്ച് ഉചിതമായ നിലപാടെടുക്കാനും അതു പ്രചരിപ്പിക്കാനും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനുമൊക്കെയുള്ള മൗലികാവകാശം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അതിനാല്‍ രാജ്യതാത്പര്യത്തിനെതിരെന്ന മുദ്രകുത്തി അത്തരം പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാനുള്ള നീക്കത്തില്‍ നിന്നു പിന്തിരിയണമെന്ന് കേന്ദ്രസര്‍ക്കാരിനോടും എതിര്‍സ്വരങ്ങളെ നിശബ്ദമക്കാനുമുള്ള ഫാസിസ്റ്റ് അജണ്ടയെ എതിര്‍ത്തു തോല്‍പ്പിക്കണമെന്ന് എല്ലാ പ്രസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിര്‍വാഹക സമിതി അഭ്യര്‍ഥിക്കുന്നു.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…