കേരളത്തിലെ വിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ പുനഃസ്ഥാപിക്കാന്‍ എന്ത് അക്കാദമീയമായ കാരണങ്ങളാണ് സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

കേരളത്തില്‍ നിലവിലുള്ള അക്കാദമിക സ്ഥാപനമായ എസ് സി ഇ ആർ ടിയോ കരിക്കുലം കമ്മിറ്റിയോ ഇത്തരമൊരു ശുപാര്‍ശ ഗവണ്മെന്റിന് സമര്‍പ്പിച്ചതായി അറിയില്ല. ഒട്ടേറെ ആലോചനകള്‍ക്കും ചർച്ചകള്‍ക്കും ശേഷം എസ് സി ഇ ആര്‍ ടി, കരിക്കുലം കമ്മിറ്റി എന്നിവ ടെർമിനല്‍ പരീക്ഷകളില്‍ മാത്രം ഒതുങ്ങാതെ നിരന്തര മൂല്യനിർണയത്തിന് പ്രാധാന്യം നല്‍കണമെന്ന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യൂണിറ്റ് ടെസ്റ്റുകള്‍, സെമിനാറുകള്‍, ചർച്ചകള്‍, പ്രായോഗിക പ്രവർത്തനങ്ങള്‍, ആസൂത്രിത ഗൃഹപാഠങ്ങള്‍ എന്നിവ വഴി വിദ്യാര്‍ത്ഥിയെ തുടര്‍ച്ചയായും സമഗ്രമായും മൂല്യനിർണയം ചെയ്യാനായിരുന്നു നിര്‍ദേശിച്ചത്. ഈ രീതിയാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും മുന്നോട്ടു വച്ചത്.

വിദ്യാര്‍ത്ഥികളുടെ പുസ്തകഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ പാഠപുസ്തകങ്ങള്‍ രണ്ട് ഭാഗങ്ങളായാണ് അച്ചടിച്ചുവരുന്നത്. ഓരോ ഭാഗവും പഠിപ്പിച്ചു കഴിയുമ്പോള്‍ ഒരെഴുത്തു പരീക്ഷ, ഓരോ യൂണിറ്റും കഴിയുമ്പോള്‍ അധ്യാപകര്‍ തീരുമാനിക്കുന്ന അനുയോജ്യമായ പരീക്ഷകള്‍. ഇതായിരുന്നു രീതി. ഈ രീതിക്ക് പിഴവുകളുണ്ടെങ്കില്‍ അത് പരിഹരിച്ച് ശക്തിപ്പെടുത്തുന്നതിനു പകരം ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ എന്ന തീരുമാനം പാഠ്യപദ്ധതി പരിഷ്‌കാരങ്ങളുടെ തിരിച്ചുപോക്കിനാണ് വഴിവെക്കുക. ദേശീയതലത്തില്‍ തന്നെ പരമ്പരാഗത പരീക്ഷകളുടെ ബാഹുല്യം കുറക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് എന്‍ സി ഇ ആര്‍ ടി അടക്കം സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ പോലും 1, 2 ക്ലാസ്സുകളില്‍ ഔപചാരികമായ പരീക്ഷകളില്ല. 3 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ ഒരു അക്കാദമിക വര്‍ഷത്തെ 2 സെമസ്റ്ററുകളാക്കി തിരിച്ച് ഓരോ സെമസ്റ്ററിന്റെയും അന്ത്യത്തില്‍ അതത് വിദ്യാലയത്തിലെ അധ്യാപകര്‍ തന്നെ ചോദ്യങ്ങള്‍ തയ്യാറാക്കി പരീക്ഷ നടത്തുന്ന രീതിയാണ് നിലവിലുള്ളത്.
വിദ്യാര്‍ത്ഥികളുടെ പഠന മണിക്കൂറുകള്‍ ഫലപ്രദമാക്കി വർധിപ്പിക്കാനും നിരന്തര മൂല്യനിർ‍ണയത്തിലൂടെ പോരായ്മകള്‍ കണ്ടെത്തി തിരുത്തി മുന്നേറാനുമുള്ള നിലവിലുള്ള ശരിയായ രീതിക്ക് പകരം പരീക്ഷകളുടെ എണ്ണം വര്‍ധിപ്പിച്ച് നിലവാരം മെച്ചപ്പെടുത്താമെന്ന പ്രചാരണം ശാസ്ത്രീയമല്ല. ഗവണ്മെന്റുകള്‍ മാറുന്നതനുസരിച്ച് യാതൊരു പഠനത്തിന്റെയും അടിസ്ഥാനമില്ലാതെ വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങള്‍ വരുത്തുന്നത് അപകടകരമാണ്. ആയതിനാല്‍, പഠനങ്ങളോ ചര്‍ച്ചകളോ നടത്താതെയുള്ള പുതിയ പരീക്ഷാ പരിഷ്‌കാരങ്ങളില്‍ നിന്നും പിന്തിരിയണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

കെ.ടി രാധാകൃഷ്ണന്‍ ടി.പി ശ്രീശങ്കര്‍
പ്രസിഡന്റ് ജനറല്‍ സെക്രട്ടറി

Categories: Updates