ഗണിതാധ്യയനം ജീവിതഗന്ധിയാകണം പ്രൊഫ. സി.പി. നാരായണന്‍ എം.പി. മറ്റെല്ലാ വിഷയങ്ങളെയുംപോലെ സമൂഹങ്ങളുമായും ജീവിതസന്ദര്‍ഭങ്ങളുമായും ഏറ്റവും ബന്ധപ്പെട്ട ഒന്നാണ് ഗണിതമെന്നും ഗണിതപഠനം ജീവിതഗന്ധിയായും ചരിത്രത്തിന്റെ പശ്ചാത്തലത്തിലും അവതരിപ്പിക്കുകയാണെങ്കില്‍ ഗണിതപഠനത്തില്‍ വിദ്യാര്‍ഥികള്‍ ഇന്നനുഭവിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും പ്രൊഫ. സി. പി. നാരായണന്‍ എം.പി. അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം വൈ.എം.സി.എ. ഹാളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ഗണിതശാസ്ത്ര സംഗമത്തിലും കണക്കറിവ് പുസ്തകപ്രകാശന ചടങ്ങിലും അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ഗണിതപഠനരീതിയില്‍ പലപ്പോഴും കണക്കും ജീവിതവുമായുള്ള ബന്ധത്തെ വിശദീകരിക്കാതെ കേവലം അമൂര്‍ത്തമായി അതിനെ കൈകാര്യം ചെയ്യുകയാണ്. ഇത് മൂലം വിദ്യാര്‍ഥികള്‍ക്ക് കണക്ക് പഠനം വിഷമകരമാവുകയും അവരുടെ താത്പര്യം കുറയുകയും ചെയ്യുന്നു. അതിനാല്‍ ഗണിതപഠനം ജീവിതഗന്ധിയാകുന്ന തരത്തില്‍ മാറ്റാനാവശ്യമായ പരിശീലനവും അതിനനുസരിച്ച് അധികവായനയ്ക്കുള്ള പുസ്തകങ്ങളുമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു
കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഗണിതശാസ്ത്രവിഭാഗത്തിലെ ഡോ. എ. വിജയകുമാര്‍ പുസ്തകം പ്രകാശനം ചെയ്തു. ശ്രീമതി അനിത പുസ്തകം ഏറ്റുവാങ്ങി. ഡോ. സി.ജി. രാമചന്ദ്രന്‍നായര്‍ പുസ്തകം പരിചയപ്പെടുത്തി. ഗണിതാധ്യാപനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും കണക്കറിവ് രചനാനുഭവവും ഡോ. ഇ. കൃഷ്ണന്‍ അവതരിപ്പിച്ചു. ടി.കെ. കൊച്ചുനാരായണന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ബി. രമേഷ് എന്നിവര്‍ സംസാരിച്ചു.

Categories: Updates