കാതിക്കുടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിയിലേക്ക് അവിടത്തെ സാധാരണ ജനങ്ങള്‍ സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ക്രൂരമര്‍ദ്ദനത്തിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും പ്രതിഷേധിക്കണമെന്ന് കേരളശാസ്ത്രസാഹിത്യപരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പരിസരവാസികള്‍ ജീവിക്കാനുള്ള അവകാശത്തിനായി പൊരുതുകയാണ്. ചാലക്കുടി പുഴയില്‍ നിന്നും വലിയ നിരക്കില്‍ വെള്ളം ശേഖരിച്ച് (ഒരു ദിവസം ശരാശരി 30 ലക്ഷം ലിറ്റര്‍) 100-130 ടണ്‍ എല്ല്, ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ത്ത് ശുദ്ധീകരിച്ച് ഓസീന്‍ എന്നറിയപ്പെടുന്ന പ്രോട്ടീന്‍ നിര്‍മ്മാണമാണ്കമ്പനി ചെയ്തുകൊണ്ടിരിക്കുന്നത്. വേണ്ടത്ര പാരിസ്ഥിതിക മുന്‍കരുതലോ സുരക്ഷയോ ഉറപ്പാക്കാതെ  പ്രവര്‍ത്തിക്കുന്നത് മൂലം കമ്പനി പുറംതള്ളുന്ന ഖര, ദ്രാവക, വായു മാലിന്യങ്ങള്‍ പരിസരമാകെ മലിനമാക്കുകയും ആരോഗ്യകരമായ ജീവിതം അസാദ്ധ്യമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജനങ്ങള്‍ പൊറുതിമുട്ടി സമരരംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഇതിനിടയില്‍ പല വികസനസമിതികളും മോണിറ്ററിംഗ് കമ്മിററികളും പ്രശ്‌നപരിഹാരത്തിനായി നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നെങ്കിലും ജനങ്ങള്‍ക്ക് ബോധ്യപെടുന്ന വിധത്തില്‍ അവ നടപ്പിലാക്കാന്‍ ഇതുവരെയും ആയിട്ടില്ല. ഇതുവരെ നടന്നിട്ടുള്ള എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത് പരിസര പ്രദേശത്തെ മണ്ണും ജലസ്രോതസ്സുകളും ഗുരുതരമായ തോതില്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ്.

ജലശുദ്ധീകരണത്തിനും പുനരുപയോഗത്തിനും ലളിതമായ സാങ്കേതിക വിദ്യകള്‍ ഉണ്ടായിരിക്കെ വേണ്ടവിധം സമയബന്ധിതമായി അതൊന്നും ചെയ്യാതെ കമ്പനി തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയായിട്ടേ കാണാന്‍ കഴിയൂ. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അടുത്തകാലത്ത് മാലിന്യനിര്‍മാര്‍ജ്ജനത്തിനായി ബയോഗ്യാസ് പ്ലാന്റ്, ജലശുദ്ധീകരണ സംവിധാനം തുടങ്ങിയവ ആരംഭിച്ചിട്ടുണ്ടെങ്കിലും പഴയകാലത്ത് കമ്പനിക്കകത്ത് തന്നെ കൂട്ടിയിട്ടിരുന്ന ഖരമാലിന്യങ്ങള്‍ പരിസരപ്രദേശത്തേക്ക് ഒലിച്ചിറങ്ങുന്നത് വലിയ പാരിസ്ഥിതിക-ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം ഒരിക്കലും സുതാര്യമായിരുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. കമ്പനി പുഴയില്‍ നിന്ന് എടുക്കുന്ന വെള്ളത്തെകുറിച്ചും കമ്പനി പുറന്തള്ളുന്ന മലിനജലത്തെക്കുറിച്ചും രൂക്ഷമായ ഗന്ധം പുറത്തുവിടുന്നത് സംബന്ധിച്ചും കൃത്യവും സത്യസന്ധവുമായി പരിശോധിക്കാനുള്ള ഒരു സംവിധാനവും ഇല്ല. പരിസരവാസികളെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെടുന്നു എന്നതാണ് പ്രധാന പ്രശ്‌നം. അതുപോലെതന്നെ ക്യാന്‍സര്‍പോലുള്ള അസുഖങ്ങള്‍ കൂടുതലായി കണ്ടുവരുന്നു എന്ന ആശങ്ക പരിശോധിക്കാനും ഉത്തരം നല്‍കാനും ആവശ്യമായ പഠനങ്ങളും നടന്നിട്ടില്ല.

സാഹചര്യത്തില്‍ കമ്പനി ഉണ്ടാക്കിവച്ചിട്ടുള്ളതും ഇപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതുമായ പരിസരമലിനീകരണം സംബന്ധിച്ച് ഹ്രസ്വകാലത്തെ ഒരു പഠനംകൊണ്ട് തീരുമാനത്തിലെത്താന്‍ കഴിയില്ല. അതിനാല്‍  കളക്ടറുടെ ഉത്തരവ് പ്രകാരം ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ള വിദഗ്ധസമിതിക്ക് കൂടുതല്‍ അധികാരവും ആവശ്യമായ സൗകര്യങ്ങളും വേണ്ടത്ര സമയവും നല്‍കി സമഗ്രമായ പഠനം നടത്തുകയുംപഠനത്തിന്റെ റിപ്പോര്‍ട്ട് ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കമ്പനി തുടര്‍ന്നുപ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്നും അതുവരെ കമ്പനിയുടെ പ്രവര്‍ത്തനം, തൊഴിലാളികള്‍ക്ക് പൂര്‍ണവേതനം നല്‍കികൊണ്ട് തന്നെ നിര്‍ത്തിവെക്കണമെന്നും കേരളശാസ്ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെടുന്നു.

ഡോ. എന്‍.കെ.ശശീധരന്‍ പിള്ള  

(പ്രസിഡന്റ് )                   

വി.വി.ശ്രീനിവാസന്‍
(ജനറല്‍ സെക്രട്ടറി)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌

Categories: Updates