കുടുംബം വനിതാ ശാസ്ത്രജ്ഞരെ കൂട്ടിലടയ്ക്കുന്നുവോ ? – ആര്‍.വി.ജി
അന്നാ മാണിയുടെയും മറ്റൊരു പ്രശസ്ത മലയാളി വനിതാ ശാസ്ത്രജ്ഞ ആയ ഈ കെ ജാനകി അമ്മാളിന്റെയും ജീവിതത്തില്‍ കാണുന്ന ചില സമാനതകള്‍ ശ്രദ്ധേയം ആണ്‌, എന്നതും തിരുവനന്തപുരത്ത് നടന്ന വനിതാശാസ്ത്രജ്ഞരുടെ സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. രണ്ട് പേരും ഔദ്യോഗിക ലോകത്ത് വളരെ കണിശക്കാരികള്‍ ആയിരുന്നു എന്നാണ് അവരെ നേരിട്ടു പരിചയം ഉണ്ടായിരുന്നവര്‍ പറയുന്നത്. “അവര്‍ ഒരു ‘ടെറര്‍ ‘ ആയിരുന്നു” എന്ന പ്രയോഗം രണ്ട് പേരെ കുറിച്ചും കേള്‍ക്കാം. രണ്ട് പേരും അവിവാഹിതകള്‍ ആയി ജീവിച്ചു എന്നതും യാദൃശ്ചികം മാത്രം ആണോ?
സി വി രാമന്റെ കൂടെ മൂന്ന് വനിതകള്‍ ആണ്‌ പി എച് ഡി ചെയ്യാനായി ചേര്‍ന്നത്‌. അവരില്‍ ശ്രീമതി ലളിത പിന്നീട് നോബല്‍ ജേതാവായ എസ് ചന്ദ്രശേഖരെ വിവാഹം ചെയ്തു ഗവേഷണത്തില്‍ നിന്ന്‌ പിന്‍ വാങ്ങി. രണ്ടാമത്തെ സ്ത്രീ, ശ്രീമതി സുനന്ദ ബായി സ്വീടെനിലേക്ക് ഒരു സ്കൊലര്ഷിപ് കിട്ടി ഇരിക്കുന്ന സന്ദര്‍ഭത്തില്‍ ദുരൂഹ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തു. മൂന്നാമത്തെ വനിത ആയിരുന്നു അന്നാ മാണി. അവര്‍ക്കും മദ്രാസ് യൂനിവേര്‍സിറ്റിയുടെ ചില കടും പിടിത്തങ്ങള്‍ കാരണം പി എച് ഡി ബിരുദം നേടാന്‍ കഴിഞ്ഞില്ല. ഗവേഷണ വിദ്യാര്‍ഥിനി എന്ന നിലയില്‍ സി വി രാമനില്‍ നിന്ന്‌ തന്നെ അനുഭവിക്കേണ്ടി വന്ന പെരുമാറ്റത്തെ പറ്റിയും (ബഹുമാനപൂര്‍വ്വം തന്നെ) അന്നാ മാണി ചില അഭിമുഖങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. നമ്മുടെ ചില “സദാചാര പോലീസുകാരെ” അനുസ്മരിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു രാമന്റെ മട്ടും ഭാവവും. പെണ്‍ കുട്ടികള്‍ ഏതെങ്കിലും ആണ്‍ കുട്ടികളുമായി സംസാരിച്ചാല്‍ പോലും കുറ്റം. (ഈ ‘രാമന്‍ എഫ്ഫെക്റ്റ്‌’ നമ്മുടെ പല അക്കാദമിക ഗുരുക്കന്‍മാര്‍ക്കിടയിലും വ്യാപകമായി ഉണ്ട്.) ഗവേഷക വിദ്യാര്‍ഥികള്‍ തമ്മിലുള്ള അനൌപചാരിക സംഭാഷണങ്ങളും ആശയവിനിമയവും അവരുടെ ഗവേഷണ പുരോഗതിയില്‍ സുപ്രധാനമാണ്‌. ഇത്തരം നിയന്ത്രണങ്ങളും വിലക്കുകളും അവയോടു പോരാടി വിജയിക്കേണ്ടി വന്ന സാഹചര്യവും ആണോ അവരെ ‘പരുക്കന്‍ മട്ടുകാര്‍’ ആക്കി മാറ്റിയത്?

മറ്റൊന്ന് നമ്മുടെ ശാസ്ത്ര സാങ്കേതിക രംഗം ഏതാണ്ട് പൂര്‍ണമായും ഒരു പുരുഷ മേധാവിത്വ മേഖല ആണല്ലോ. അതില്‍ കൊണ്ടും കൊടുത്തും മത്സരിച്ചും മുന്നേറണം എങ്കില്‍ ആക്രമണോത്സുകത (agression ), ധാര്‍ഷ്ട്യം തുടങ്ങി “പുരുഷ ഗുണങ്ങള്‍” എന്ന്‌ സമൂഹം വിധിച്ചിട്ടുള്ള ചില സ്വഭാവ സവിശേഷതകള്‍ ഉള്കൊണ്ടാല്‍ മാത്രമേ പറ്റൂ എന്നുണ്ടോ? അവ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പുരുഷന്‍മാര്‍ പോലും പിന്‍തള്ളപ്പെടുന്നുടോ?
അന്നാ മാണിയും ജാനകി അമ്മാളും മാത്രമല്ല, ഇന്ത്യന്‍ ശാസ്ത്ര രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രഗത്ഭ വനിതകളുടെ കഥ പറയുന്ന “ലീലാവതിയുടെ പെണ്‍ മക്കള്‍ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന വനിതകളില്‍ 27 % പേരും അവിവാഹിതകള്‍ ആയിരുന്നു എന്നതും യാദൃച്ഹികം ആണോ? പ്രഗത്ഭരും പ്രശസ്തരും ആയ പുരുഷ ശാസ്ത്രജ്ഞന്മാര്‍ക്ക് അവരുടെ കുടുംബ ജീവിതവും ശാസ്ത്ര സപര്യയും ഒന്നിച്ച്‌ തടസ്സം കൂടാതെ കൊണ്ടുപോകാന്‍ കഴിയുമ്പോള്‍ ഇവര്‍ക്ക് മാത്രം എന്തു കൊണ്ട് ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് വേണ്ടിവരുന്നു? അതും ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ് എന്ന്‌ അഭിപ്രായം ഉയര്‍ന്നു. ശാസ്ത്ര രംഗത്തേയ്ക്ക് കൂടുതല്‍ പെണ്‍ കുട്ടികള്‍ കടന്നു വരണം എന്ന്‌ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതുപോലുള്ള പ്രശ്നങ്ങളെ ഗൌരവ പൂര്‍വ്വം കൈ കാര്യം ചെയ്യേണ്ടതുണ്ട്.
(അന്താരാഷ്ട്ര രസതതന്ത്രവര്‍ഷത്തിന്റെ ഭാഗമായി മാഡം ക്യൂറിയുടെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്ത് പരിഷത്ത് സംഘടിപ്പിച്ച വനിതാശാസ്ത്രജ്ഞ സംഗമത്തിലെ ചര്‍ച്ചകളെ ആധാരമാക്കി തയ്യാറാക്കിയ കുറിപ്പ്)

Categories: Updates