കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കൂടംകുളം ഐക്യദാര്ഢ്യജാഥയെ കേരളാതിര്ത്തിയില്വച്ച് പോലീസ് തടഞ്ഞു. തമിഴ്നാട്ടിലേക്ക് പ്രവേശിച്ചാല്‍ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന് പറഞ്ഞ് പാറശാല എസ്.ഐ.യുടെ നേതൃത്വത്തിലുള്ള കേരള പോലീസ് കളിയിക്കാവിളയില്‍ വച്ച് ജാഥയെ തടയുകയായിരുന്നു. തുടര്‍ന്ന് പരിഷത്ത് പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ പ്രതിഷേധ സമ്മേളനം നടത്തി. സെപ്തംബര്‍ 24-ന് കണ്ണൂരിലെ പെരിങ്ങോമില്‍ നിന്ന് കൂടംകുളം ആണവനിലയത്തിലേക്കായിരുന്നു പരിഷത്ത് ജാഥ സംഘടിപ്പിച്ചത്.
കൂടംകുളം സമരത്തെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് ഭരണകൂടം വ്യാമോഹിക്കേണ്ടെന്ന് ജാഥാ ക്യാപ്റ്റന്‍ പ്രൊഫ. പി.കെ. രവീന്ദ്രന് പറഞ്ഞു. ആണവനിലയജാഥയെ തമിഴ്നാട്ടിലേക്ക് കടത്തിവിടാത്തത് സഞ്ചാരസ്വാതന്ത്ര്യത്തിന്റെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടംകുളം നിലയത്തിനെതിരായുള്ള സമരം അത് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ തുടങ്ങിയ സമയത്തുതന്നെ പരിസ്ഥിതി സംഘടനകള്‍ ആരംഭിച്ചിരുന്നു എന്നും പരിഷത്ത് അക്കാലത്തുതന്നെ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു എന്നും യോഗത്തില്‍ സംസാരിച്ച സംസ്ഥാനപ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. ആണവനിലയം പൂട്ടേണ്ടിവന്നാല്‍ ഉണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം ഈ പ്രതിഷേധങ്ങെ കണക്കിലെടുക്കാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അധികാരികള്ക്കുമായിരിക്കും. ഒരു പടക്കശാലയില്‍ നടന്ന സ്ഫോടനത്തില്പോലും കാര്യക്ഷമമായി ഇടപെടാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ ആണവനിലയത്തില്‍ അപകടമുണ്ടായാല്‍ ഇടപെടും എന്ന് അവകാശപ്പെടുന്നത് അടിസ്ഥാനരഹിതമാണ്. അത്തരമൊരു സാഹചര്യത്തില്‍ നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ പണം കായ്ക്കുന്ന മരമൊന്നുമില്ല എന്നുപറഞ്ഞ് ഒഴിയാനാവും അവര്‍ ശ്രമിക്കുക. ആണവസാങ്കേതികവിദ്യയെക്കാള് ആധുനികമായ സൗരോര്‍ജത്തെയും പവനോര്ജത്തെയും അണവഊര്ജ്ത്തിനു ബദലായി സ്വീകരിക്കാമെന്നിരിക്കെ ആണവനിലയം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം. കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരിലെ പെരിങ്ങോമില്‍ നിന്ന് ആരംഭിച്ച ജാഥ വിവിധ ജില്ലകളിലെ സ്വീകരണങ്ങള്ക്കും വിശദീകരണങ്ങള്‍ക്കും ശേഷമാണ് കളിയിക്കാവിളയിൽ എത്തിച്ചേര്‍ന്നത്. പ്രതിഷേധ യോഗം കൂടംകുളം ആണവനിലയത്തിനെതിരായി പൊരുതുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കൂടംകുളം ആണവനിലയത്തിനെതിരായ പ്രചാരണപരിപാടികള്‍ തുടരുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. സമ്മേളനത്തില്‍ ജാഥാ മാനേജര്‍ വി. വിനോദ്, പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്, ടി.കെ മീരാഭായി, ഡോ. എന്‍.കെ. ശശിധരന്‍പിള്ള, സംസ്ഥാനട്രഷറര്‍ വി.ജി. ഗോപിനാഥന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ.രാമനാഥന് സ്വാഗതവും ബി. രമേശ് നന്ദിയും പറഞ്ഞു.