കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഡോ. സിറിയക് തോമസ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മുഖേന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണല്ലോ. വളരെ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന തീരുമാനങ്ങള്‍ ആവശ്യമായ ചര്‍ച്ചകളോടെയോ സുതാര്യമായ രീതികളിലൂടെയോ കൈക്കൊള്ളുന്നതിനുപകരം ദുരൂഹമായ ധൃതിയോടെ എടുക്കുന്ന രീതി ഇക്കാര്യത്തിലും ഉണ്ടായേക്കാം എന്ന് സംശയിക്കുന്ന തരത്തിലാണ് സംഭവങ്ങളുടെ ഗതിവികാസം. ഉന്നതവിദ്യാഭ്യാസരംഗത്ത് പൊതുവേ ഭേദപ്പെട്ട പൊതുപ്രവേശന നിരക്ക് (24%) നേടാനായിട്ടുള്ള നമ്മുടെ സംസ്ഥാനത്ത് ഒരുകേന്ദ്ര സര്‍വ്വകലാശാലയും 4 അഫിലിയേറ്റിങ്ങ് സര്‍വ്വകലാശാലകളും അടക്കം 17 സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്ത പ്രശ്‌നം ഗുരുതരമായവിധം നിലനില്‍ക്കുന്നതായി ഇതുവരെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. നിലവിലുള്ള ഈ സംവിധാനങ്ങളെ മെച്ചപ്പെട്ട രീതിയില്‍ പുനസ്സംവിധാനം ചെയ്താല്‍ത്തന്നെ യുനെസ്‌കോയും മറ്റും വിഭാവനം ചെയ്യുന്ന 30 ശതമാനം എന്ന പൊതുപ്രവേശന നിരക്ക് (GER) നേടാനാകും എന്നതാണ് യാഥാര്‍ത്ഥ്യം. ആയതുകൊണ്ടുതന്നെ സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസം കാംക്ഷിക്കുന്ന വിദ്യാര്‍ത്ഥിസാമാന്യത്തിന് ഉതകുന്നതാണ് എന്ന് കരുതുക വയ്യ. വേറൊരുവാദം വിദേശസര്‍വ്വകലാശാലകളിലേക്ക് കേരളത്തില്‍ നിന്ന് വലിയൊരുവിഭാഗം ഉപരിപഠനത്തിനായി പോകുമെന്നും അവരെ പിടിച്ചുനിര്‍ത്താന്‍ സ്വകാര്യസര്‍വ്വകലാശാലകള്‍ ഉപകരിക്കുമെന്നുമാണ്. സംസ്ഥാനത്ത് സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുമ്പോഴും ഇതേ വാദമാണ് ഉയര്‍ന്നത് എന്നും വന്‍തോതില്‍ പ്രസ്തുത സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടും ആ അവസ്ഥ മാറ്റാന്‍ കഴിഞ്ഞില്ലെന്നും ഓര്‍ക്കേണ്ടതാണ്. സ്വകാര്യസര്‍വ്വകലാശാല എന്ന സങ്കല്‍പ്പത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വിലയിരുത്തുമ്പോള്‍ കിട്ടുന്ന ചിത്രം അങ്ങേയറ്റം ദയനീയമാണ്. നിലവില്‍ രാജ്യത്ത് 129 കല്‍പ്പിത സര്‍വ്വകലാശാലകളും 187 സ്വകാര്യസര്‍വ്വകലാശാലകളും ഉണ്ടെങ്കിലും ഉയര്‍ന്ന അക്കാദമികനിലവാരവും കുറ്റമറ്റ നടത്തിപ്പും അവകാശപ്പെടാന്‍ കഴിയുക ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിരലിലെണ്ണാവുന്നവയ്ക്ക് മാത്രമാണ്. മറ്റുള്ളവയെല്ലാം ഉയര്‍ന്ന ഫീസ് നിരക്ക് ഈടാക്കുകയും മോശമായ സേവനം നല്‍കുകയും ചെയ്യുന്നതാണ്. ഈയൊരു പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വകാര്യസര്‍വ്വകലാശാലകള്‍ അനുവദിക്കാനുള്ള നീക്കം ഒട്ടനവധി സംശയങ്ങളും ആശങ്കകളും ഉയര്‍ത്തുന്നു. സ്വകാര്യസര്‍വ്വകലാശാലകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പലതും ഇതിനകം വെളിവായിട്ടുണ്ട്. ഭൂമിക്കും ആസ്തിക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മാനദണ്ഡങ്ങളാണ് പ്രധാനമായിട്ടുള്ളത്. സമൂഹത്തില്‍ വൈജ്ഞാനികതയുടെയും പ്രബുദ്ധതയുടെയും ദീപസ്തംഭങ്ങളാണ് സര്‍വ്വകലാശാലകള്‍ എന്നിരിക്കെ (ഇതിനായി ശ്രമിക്കുന്നവര്‍ക്ക് വിദ്യാഭ്യാസരംഗത്ത് ശ്ലാഘനീയമായ സേവനപാരമ്പര്യം ഉണ്ടോ എന്ന പരിശോധന നിബന്ധിക്കാതെ) ഇത്തരം നിബന്ധനകളും മാനദണ്ഡങ്ങളും മുന്നോട്ടു വയ്ക്കുന്നത് ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതല്‍ കച്ചവടത്തിനും കൊള്ളക്കും മാത്രമേ ഉതകുകയുള്ളൂ. കേരളത്തിലെ സവിശേഷമായ സാമൂഹ്യ-രാഷ്ട്രീയ പരിസരത്തില്‍, വിദ്യാഭ്യാസരംഗത്ത് വിവിധങ്ങളായ നിക്ഷിപ്ത താല്‍പര്യങ്ങള്‍ പുലര്‍ത്തുന്ന ജാതി-മത-സാമുദായിക സംഘടനകള്‍ സ്വകാര്യ സര്‍വ്വകലാശാല സ്ഥാപിക്കുന്നതില്‍ തല്‍പ്പരരാണെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടുകഴിഞ്ഞു. ഇത്തരം താല്‍പ്പര്യങ്ങള്‍ നമ്മുടെ മതേതര പൊതുസമൂഹത്തിന്റെ തകര്‍ച്ചയിലേക്കും സമൂഹത്തിന്റെ ശൈഥില്യത്തിലേക്കും വഴിതെളിച്ചേക്കാമെന്ന് ആശങ്ക അസ്ഥാനത്തല്ല. സ്വകാര്യസര്‍വ്വകലാശാലകളെപ്പറ്റി ഇത്രയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സര്‍ക്കാരോ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലോ നിലവിലുള്ള സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുതകുന്ന ഒരു ശ്രമവും നടത്തുന്നില്ല. മാത്രമല്ല വൈസ്ചാന്‍സലര്‍മാരുടെ നിയമനം മുതല്‍, സര്‍വ്വകലാശാലകള്‍ക്കുള്ള ധനസഹായവും അവയുടെ സ്വയംഭരണവും ജനാധിപത്യപരമായ നടത്തിപ്പും അടക്കമുള്ള കാര്യങ്ങളിലെല്ലാം സങ്കുചിതമായ രാഷ്ട്രീയ-മത താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള നടപടികളിലൂടെ അവയെ ഉള്ളില്‍ നിന്നും തകര്‍ക്കുന്ന സമീപനം കൈക്കൊള്ളുകയുമാണ് ചെയ്യുന്നത്. സമൂഹത്തിന്റെ വിശാലമായ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള ഉന്നതവിദ്യാഭ്യാസനയവും സമീപനവുമാണ് നമുക്കിന്നാവശ്യം. അതുകൊണ്ടുതന്നെ സ്വകാര്യസര്‍വ്വകലാശാലകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ത്തി വയ്ക്കണമെന്നും സംസ്ഥാനസര്‍വ്വകലാശാലകളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സര്‍ക്കാറിനോട് ആവശ്യപ്പെടന്നു.

ഡോ.കെ.പി. അരവിന്ദന്‍                           

പ്രസിഡണ്ട്    

   പി. മുരളീധരന്‍    
  .ജനറല്‍ സെക്രട്ടറി

Categories: Updates