ഡോ.കെ.പി.കണ്ണന്‍

കേരള വികസന മാതൃക എന്നറിയപ്പെടുന്ന വികസനാനുഭവം അതിന്റെ രണ്ടാം ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഒരു സന്നിഗ്ധാവസ്ഥയാണ് നാം കാണുന്നത്. സാമൂഹികവും പിന്നീട് രാഷ്ട്രീയവുമായ ജനകീയ പ്രസ്ഥാനങ്ങള്‍വഴി സാമൂഹിക വികസന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇപ്പോഴും മങ്ങലില്ലാതെ തുടരുന്നു. സമഗ്രമായ ഒരു കാഴ്ചപ്പാടില്‍ നോക്കിയാല്‍ ഗുജറാത്തിനല്ല മറ്റൊരു സംസ്ഥാനത്തിനും കേരളത്തെ മറികടക്കാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇതുകൊണ്ടുമാത്രം തൃപ്തിപ്പെടാന്‍ കഴിയുന്ന ഒരവസ്ഥയിലല്ല കേരളം. ചിലപ്പോഴെങ്കിലും ഈയൊരു വിജയം കൂടുതല്‍ സാമൂഹ്യസാമ്പത്തിക പിരിമുറുക്കത്തിന് ആക്കം കൂട്ടിയിട്ടില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ പഴയതും പുതിയതുമായ വെല്ലുവിളികള്‍ നേരിടുന്ന ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സാക്ഷരത കൊണ്ടും വിദ്യാഭ്യാസം കൊണ്ടും ആരോഗ്യരംഗത്തെ പരിപാലനം കൊണ്ടും ഉണ്ടായ ജനസംഖ്യാപരിണാമം ഇന്ന്്്് കേരളത്തിനൊരു അനുഗ്രഹമായി വേണം കരുതാന്‍. എല്ലാ കുട്ടികള്‍ക്കും സ്‌ക്കൂള്‍ വിദ്യാഭ്യാസവും, ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രാഥമിക ആരോഗ്യസംരക്ഷണവും നല്‍കുന്നതിലും കേരളം വിജയിച്ചിട്ടുണ്ട്്്. എന്നാല്‍ 1980 കളുടെ അവസാനം വരെ അനുഭവപ്പെട്ട മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും ചിലപ്പോള്‍ മുരടിപ്പും കൂടുതല്‍ തൊഴിലില്ലായ്്്മയ്ക്കും (പ്രത്യേകിച്ചും അഭ്യസ്തവിദ്യര്‍ക്ക്്്) മറ്റ്്് സാമൂഹിക പിരിമൂറുക്കങ്ങള്‍ക്കും ഇടയാക്കി.
ഗള്‍ഫ്്് പണമെന്ന പ്രതിഭാസം

ഈയവസരത്തിലാണ് ഗള്‍ഫ്്് മേഖലയില്‍ ഉണ്ടായ സമ്പദ്് വര്‍ധന സൃഷ്്്ടിച്ച വലിയൊരു തൊഴില്‍ വിപണിയാണ് കേരളത്തിലുള്ള അനേകം ചെറുപ്പക്കാരെ അങ്ങോട്ടാകര്‍ഷിച്ച്്് രക്ഷിച്ചത്. അതിന്റെ ഫലമായുണ്ടായ പ്രവാസി പണമൊഴുക്ക് കേരളത്തിന്റെ സമ്പദ് മേഖലയെ വല്ലാതെ സ്വാധീനിച്ചു എന്നുമാത്രമല്ല ഇപ്പോഴും സ്വാധീനിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. തിരിച്ചു വരുന്ന പ്രവാസികളേക്കാള്‍ കൂടുതല്‍ പേര്‍ വര്‍ഷാവര്‍ഷം ഗള്‍ഫ് മേഖലയിലേക്കും മറ്റ് രാജ്യങ്ങളിലേയ്ക്കും പോയിക്കൊണ്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമായി പ്രവാസികളായവരുടെ സംഖ്യ കേരളത്തിലുള്ള ജനസംഖ്യയുടെ പത്തുശതമാനത്തോളം വരും. കേരളത്തിന് പുറത്ത്് സ്ഥിരതാമസമാക്കിയവര്‍ ഉള്‍പ്പെടാതെയുള്ള കണക്കാണിത്. പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോത് കൂടിവരികയല്ലാതെ കുറഞ്ഞിട്ടില്ല. ഇപ്പോഴത് കേരളത്തിന്റെ മൊത്തം വാര്‍ഷിക വരുമാനത്തിന്റെ മുപ്പതു ശതമാനത്തോളം വരും. അതായത് 60,000 കോടിയോളം രൂപ.

രണ്ടു തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ പ്രവാസി പണംമൂലം ഉണ്ടായിട്ടുണ്ട്. ഒന്ന് കേരളത്തിലെ മൊത്തം കുടുംബങ്ങളിലെ നാലിലൊന്ന് വിഭാഗം ഇതുമൂലം സാമ്പത്തികമായി രക്ഷപ്പെട്ടു; അതില്‍ നല്ലൊരു വിഭാഗം സമ്പന്നരായെന്നും പറയാം. രണ്ടാമതായി, പ്രവാസിപ്പണം പലകാര്യങ്ങള്‍ക്കു വേണ്ടിയും ഇവര്‍ ചിലവഴിക്കുന്നതിലൂടെ പല തൊഴിലിനും കിട്ടുന്ന വേതനം കൂടി പ്രത്യേകിച്ചും ശാരീരികാധ്വാനം വേണ്ടിവരുന്ന തൊഴിലുകളില്‍. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ സേവനങ്ങള്‍ക്ക് ഡിമാന്റ്്് വര്‍ദ്ധിച്ചു. ഉപഭോഗ വസ്തുക്കള്‍ക്കും ഡിമാന്റ് കൂടി. കുറച്ചൊക്കെ ചെറുകിട വ്യവസായ നിക്ഷേപങ്ങളും ഉണ്ടായി. ചുരുക്കത്തില്‍ ഒരു മള്‍ട്ടിപ്ലയര്‍ ഇഫക്ടിലൂടെ കേരള സമ്പദ് ഘടന കൂടുതല്‍ വേഗത്തില്‍ വളരാന്‍ തുടങ്ങി. ദേശീയ തലത്തില്‍ വിപണിയെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള നയങ്ങളും കൂടിയായപ്പോള്‍ ഈ വളര്‍ച്ചാ നിരക്ക് 8-9 ശതമാനം വരെ എത്തി. അങ്ങനെയാണ്്്്്്്് പ്രതിശീര്‍ഷ ഉപഭോഗത്തില്‍ കേരളം കുറച്ചു കാലമായി ഒന്നാം സ്ഥാനത്ത്് നില്‍ക്കുന്നത്്.

സ്വകാര്യ മേഖലയുടെ അസന്തുലിത വളര്‍ച്ച
ഇതുമൂലവും നേരത്തെ ഉണ്ടായിരുന്നതും പിന്നീട് വിപുലപ്പെടുത്തിയതുമായ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ കൊണ്ട് അറ്റ ദാരിദ്ര്യം വളരെ കുറഞ്ഞു. എന്നാല്‍ സമൂഹത്തില്‍ സാമ്പത്തിക അസന്തുലിതാവസ്ഥ കൂടിക്കൊണ്ടു വന്നു. അപ്രധാനമല്ലാത്ത ഒരു വിഭാഗത്തിന്റെ കൈയ്യില്‍ സമ്പത്തും വരുമാനവും കൂടുകയും അവരുടെ ഉപഭോഗത്തിനും സേവനങ്ങള്‍ക്കും വേണ്ട പുതിയ സ്വകാര്യ വിപണി ഉയര്‍ന്നു വരികയും ചെയ്തു. 1990-കളുടെ തുടക്കത്തില്‍ ദേശീയ ഗവണ്‍മെന്റ് തുടങ്ങി വച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഈ പ്രക്രിയയ്ക്ക് കൂടുതല്‍ പ്രോത്സാഹനവും ആക്കവും കൂട്ടി. സമ്പദ് വ്യവസ്ഥ വളരുന്നതിനനുസരിച്ച് ഗവണ്‍മെന്റിന്റെ ധനസ്ഥിതി വളര്‍ന്നില്ല. വെട്ടിപ്പിലൂടെയും മറ്റും പിരിക്കാതെ പോകുന്ന നികുതിയും, നികുതിയേതര വരുമാനങ്ങളും ഇപ്പോഴും അതേ നിലയില്‍ തുടരുന്നു. ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റിനു കിട്ടേണ്ട വരുമാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം പോലും കിട്ടുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതു കൂടാതെ പൊതുമേഖലയുടെ തളര്‍ച്ചയും തകര്‍ച്ചയും ഗവണ്‍മെന്റിന്റെ സാമ്പത്തിക ഭാരം കൂട്ടാന്‍ കാരണമായി. ഈയൊരവസ്ഥയിലാണ് സാമ്പത്തികമായി ഉയര്‍ന്നു വരുന്ന മധ്യവര്‍ത്തികളടക്കമുള്ള വിഭാഗത്തിന് വേണ്ടി സ്വകാര്യ ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഇതില്‍ പ്രാമുഖ്യം കച്ചവടത്തിനാണെന്ന് പറയേണ്ടതില്ലല്ലോ. നേരത്തെ സാമൂഹ്യ-സമുദായ സേവനമെന്ന കാഴ്ചപ്പാടില്‍ ഉയര്‍ന്നുവന്ന വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍ ഇന്ന് ബിസിനസ്സ് സ്ഥാപനങ്ങളാണ്. മാര്‍ക്കില്ലെങ്കിലും പണം കൊടുത്ത് മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ വെന്വുന്ന മാര്‍ക്കറ്റ് സജീവമാണ്. കെട്ടിട നിര്‍മ്മാണ മേഖലയാണ് ദ്രുതഗതിയില്‍ വളര്‍ന്ന മറ്റൊരു മേഖല. വിലക്കൂടുതലും കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിച്ച് നിര്‍മ്മിക്കുന്നതുമായ, പ്രാദേശിക വസ്തുക്കള്‍ വളരെ കുറവായ, അസംസ്‌കൃത വസ്തുക്കളും, സാമഗ്രികളുമാണിവിടെ ഉപയോഗിക്കുന്നത്. അവയില്‍ പ്രാദേശിക ഉത്പന്നമായ മണലിനും, കല്ലിനും ഡിമാന്റ് ഏറിവന്നപ്പോള്‍ നിയമത്തെ മറികടക്കാനായി മാഫിയ സംഘങ്ങളും ഉയര്‍ന്നു വന്നു. പ്രവാസിപണത്തിനു പുറമെ കൈക്കൂലി പണം, നിയമവിരുദ്ധമായി ഉണ്ടാക്കുന്ന പണം എന്നിവ കൂടിവരുന്ന സാഹചര്യത്തില്‍ ഭൂമിക്കും വലിയ ഡിമാന്റായി. എളുപ്പം പണമുണ്ടാക്കാനുള്ള ഈവിധ മാര്‍ഗങ്ങളും, മറ്റു മാര്‍ഗങ്ങളും (സ്വര്‍ണ്ണ വ്യാപാരം, ഹോട്ടല്‍, ഷോപ്പിംഗ്്് മാളുകള്‍, വിവാഹ ഹാളുകള്‍) വളര്‍ന്നുവലുതായപ്പോള്‍ ഉല്‍പ്പാദനരംഗത്തേക്കുള്ള ആകര്‍ഷണം കുറഞ്ഞു. നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള തൊഴില്‍ സംസ്‌കാരവുംകൂടിയായപ്പോള്‍ ഉല്‍പ്പാദനമേഖല വേണ്ടവിധം വളര്‍ന്നില്ല (തളര്‍ന്നിട്ടില്ല എന്നതും ഓര്‍ക്കേണ്ടതാണ്്്). അതുകൊണ്ടുതന്നെ ഭൂമാഫിയയും വളര്‍ന്നു വന്നു.
തൊഴില്‍ വിപണിയിലെ വന്‍മാറ്റങ്ങള്‍

ഇങ്ങനെയൊരു സാഹചര്യത്തിലാണ് തൊഴില്‍ വിപണിയിലും ദ്രുതഗതിയിലുള്ള മാറ്റങ്ങളുണ്ടായത്. കാര്‍ഷികേതര സമ്പദ്ഘടനയില്‍ കൂടുതല്‍ വേതനം കിട്ടുന്നതുകൊണ്ട് കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കാന്‍ ആളെക്കിട്ടാതായി. പുതിയ തലമുറ നേടിയ വിദ്യാഭ്യാസവും, അവരുടെ തൊഴില്‍ സങ്കല്‍പ്പവും ഇതിന് ആക്കം കൂട്ടി. കാര്‍ഷിക മേഖലയില്‍ വേതനവും, ഉദ്പാദന ക്ഷമതയും തമ്മിലുള്ള ബന്ധം ശോഷിച്ചു പോയി. കാര്‍ഷികേതര മേഖലയിലും അഭ്യസ്തവിദ്യര്‍ അവര്‍ കരുതുന്നതുപോലെ ‘മാന്യമായ’ ജോലിക്കായിരുന്നു അന്വേഷണം. അതുകൊണ്ടുതന്നെ ഈ കുറവ് പരിഹരിക്കുന്നതിന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്, പ്രത്യേകിച്ചും കുറഞ്ഞ വേതനവും അറ്റദാരിദ്ര്യവും ഇപ്പോഴും നടമാടുന്ന സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി ലക്ഷക്കണക്കിന് ആളുകള്‍ കേരളത്തിലെത്തി. ഈയൊരു പ്രതിഭാസം മലയാളികള്‍ക്ക്്് വ്യക്തിപരമായി അന്യമല്ലെങ്കിലും ഇത്്് കേരള സമൂഹവും ഭരണവും എങ്ങനെ മാനേജ് ചെയ്യണമെന്നത്്് ഒരു പുത്തന്‍ വെല്ലുവിളി തന്നെ.

നഗരവത്കരണവും ചില പ്രത്യാഘാതങ്ങളും

മേല്‍പ്പറഞ്ഞ പ്രക്രിയയുടെ ഫലമായാണ് കേരളം ഇപ്പോള്‍ ഒരു നഗരവത്കൃത സംസ്ഥാനമായിരിക്കുന്നത്. 2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനങ്ങളില്‍ പകുതിയോളം പേര്‍ (48%) നഗരവാസികളാണ്. നഗരവത്കരണം പരിതപിക്കേണ്ട ഒരു പ്രതിഭാസമായി കാണേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. എന്നാല്‍ നഗരവത്കരണം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള ഭരണസ്ഥാപനങ്ങളും, മറ്റ് സംവിധാനങ്ങളും ഉണ്ടാകണം. അതില്ലാത്തതുകൊണ്ടാണ് റോഡപകടങ്ങള്‍, മാലിന്യസംസ്‌ക്കരണം എന്നിവ വലിയൊരു സാമൂഹ്യപ്രശ്‌നമായി കേരളത്തില്‍ മാറിക്കൊണ്ടിരിക്കുന്നത്. ഈ പുത്തന്‍ വെല്ലുവിളി ശക്തമായി നേരിട്ടില്ലെങ്കില്‍ ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാകും എന്ന സംശയം വേണ്ട. അതുമൂലമുണ്ടാവാനിടയുള്ള സാമൂഹ്യ ദുരന്തങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയരുത്.

പൊതുവായി പറഞ്ഞാല്‍ സാമൂഹ്യനീതിയിലും, സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും കൂടി ഉയര്‍ന്നു വന്ന കേരള മോഡലിന് യുക്തിപരമായ അല്ലെങ്കില്‍ ജൈവപരമായ ഒരു വികാസത്തിന് തൊണ്ണൂറുകളുടെ തുടക്കത്തോടെ ഒരു തിരിച്ചടി അനുഭവപ്പെട്ടു. ദേശീയതലത്തിലുള്ള സാമ്പത്തിക പരിഷ്‌കാരമാണ് ഇതിന്റെ ഒരു പ്രധാന കാരണം. അതുമൂലം ഒരു പ്രത്യേക തരത്തിലുള്ള സാമ്പത്തിക വളര്‍ച്ച ഉണ്ടായെങ്കിലും സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസന പ്രക്രിയയെ അത് വൈഷമ്യത്തിലാക്കി. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ തക്കവണ്ണം നേരത്തെ പരിപാലിച്ചു കൊണ്ടുവന്ന രണ്ടുമേഖലകളുടെ പരാജയവും കാരണമാണ്. അതിലൊന്നാണ് പൊതുമേഖലയുടെ പരാജയം.

പൊതുമേഖലയുടെ തളര്‍ച്ചയും തകര്‍ച്ചയും
നൂറിലധികം പൊതുമേഖല സ്ഥാപനങ്ങള്‍ക്ക്്് രൂപം നല്‍കിയ സംസ്ഥാനമാണ് കേരളം. ഇവയില്‍ മിക്കവയും 1970 നു ശേഷം തുടങ്ങിയവയാണ്. ശക്തമായ ഒരു സ്വകാര്യ മേഖലയുടെ അഭാവം തീര്‍ക്കാനും, അസംഘടിത മേഖലയിലെ സാമ്പത്തിക പിന്നോക്കാവസ്ഥ മാറ്റാനും, പുതുതായി തൊഴില്‍ തേടുന്ന ചെറുപ്പക്കാര്‍ക്ക്്് ഉദ്്്പാദനക്ഷമത കൂടിയതും തദ്വാര കൂടുതല്‍ സേവന വേതന സൗകര്യങ്ങളുള്ള തൊഴിലുകള്‍ ഉറപ്പാക്കാനും വേണ്ടിയായിരുന്നു ഇത്. പൊതുമേഖല എന്നാല്‍, ആ വാക്ക്്് സൂചിപ്പിക്കുന്നതു പോലെ, പൊതു സമൂഹത്തിന്റെ ആസ്തിയുള്ള സ്ഥാപനങ്ങളാണ്. അവ കാര്യക്ഷമമായി പ്രവര്‍ത്തിച്ച്്് സമൂഹത്തിന് ആവശ്യമുളള ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുക മാത്രമല്ല സാമ്പത്തിക മിച്ചമുണ്ടാക്കുകയും അതിന്റെ തുടര്‍ നിക്ഷേപം വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും എന്നായിരുന്നു അവയുടെ സൈദ്ധാന്തിക വശം. എന്നാല്‍ അതില്‍ എത്രത്തോളം വിജയിച്ചു? മിച്ചമുണ്ടാക്കി സമ്പദ്് ഘടനയുടെ തുടര്‍ വികസനത്തെ സഹായിക്കുന്നതിനു പകരം പൊതു മേഖലയെ നിലനിര്‍ത്താന്‍ ജനങ്ങള്‍ക്ക്്് അധിക ഭാരം ചുമക്കേണ്ടി വന്നു. പൊതുമേഖലയ്ക്ക്്്് ലക്ഷ്യ ബോധവും, കര്‍മ്മ ബോധവുമായിട്ടുള്ള നേതൃത്വം കൊടുക്കേണ്ട വികസന രാഷ്്്ട്രീയം ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ട്്് സങ്കുചിത രാഷ്്്ട്രീയമായി മാറിയിട്ടുണ്ടെന്നു ജനങ്ങള്‍ വിശ്വസിക്കുന്നു. കഴിവുറ്റ ഒരു മാനേജ്‌മെന്റ് സ്ഥാപനവത്കരിക്കുന്നതിനു പകരം പൊതു ഉദ്യോഗസ്ഥരെയും വിദഗ്ധരല്ലാത്തവരെയും ഭരണ സാരഥ്യം ഏല്‍പ്പിച്ച് കാര്യക്ഷമത കുറയാനും ചിലപ്പോള്‍ തകരാനും കാരണമായിട്ടുണ്ടോ? പൊതുമേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും ജനസ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിലും തൊഴിലാളി യൂണിയനുകള്‍ എന്തു പങ്കാണ് വഹിച്ചിട്ടുള്ളത്്? സാങ്കേതിക വിദ്യയടക്കം വേണ്ടി വരുന്ന ആധുനികവത്കരണത്തിന് പ്രതികൂലമായി ആരൊക്കെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്? മാതൃകയാക്കാവുന്ന ഒരു തൊഴില്‍ സംസ്‌കാരവും, മാനേജ്‌മെന്റ് സംസ്‌കാരവും പൊതുമേഖലയില്‍ നിന്നും ഉയര്‍ന്നു വരാത്തതെന്തുകൊണ്ട്? വികസനത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് പൊതുവായി നോക്കുമ്പോള്‍ പൊതുമേഖലയുടെ തകര്‍ച്ചയും തളര്‍ച്ചയും ജനങ്ങളെ പൊതുവെയും അസംഘടിത മേഖലയിലെ തൊഴിലാളികളെ പ്രത്യേകിച്ചും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അവര്‍ക്കു കിട്ടാതെ പോയ അവസരങ്ങള്‍ എന്ന നിലയിലും പൊതു നഷ്ടം വരുത്തി ജനങ്ങളുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിച്ചതു വഴിയും.

സഹകരണ മേഖല വികസിച്ചുവോ?
രണ്ടാമത്തെ മേഖല സഹകരണമേഖലയാണ്. കേരളത്തിലെ സമ്പദ്ഘടനയില്‍ സഹകരണമേഖലയ്ക്ക് നിര്‍ണ്ണായകമല്ലെങ്കിലും പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. പ്രത്യേകിച്ചും സേവന മേഖലയിലെ സഹകരണ പ്രസ്ഥാനങ്ങളായ ബാങ്കിംഗ് മേഖല, വിപണന മേഖല, മറ്റു സേവന മേഖല എന്നിവ. എന്നാല്‍ ഉത്പാദന/ സംസ്‌കരണ മേഖലയില്‍ എന്തുകൊണ്ട് സഹകരണ പ്രസ്ഥാനത്തിന് ഉറച്ച കാല്‍വെപ്പുകള്‍ വയ്ക്കാനായില്ല? കുറെയൊക്കെ നന്നായി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും സഹകരണ മേഖലയുടെ പരാജയം, അല്ലെങ്കില്‍ അഭാവം, വളരെയധികം തൊഴിലാളികളെ അസംഘടിത മേഖലയിലേയ്ക്ക് തള്ളിവിട്ടു എന്നതല്ലേ യാഥാര്‍ത്ഥ്യം? പരമ്പരാഗത വ്യവസായ പ്രവര്‍്ത്തനങ്ങളായ കയര്‍ മേഖല, കൈത്തറി മേഖല എന്നീ മേഖലകളില്‍ ഉണ്ടാക്കിയ സഹകരണ ശ്യംഖലകള്‍ ദയനീയമായി പരാജയപ്പെട്ടത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ഈ രംഗത്തും വികസന രാഷ്ട്രീയം എന്നത് സഹകരണ സ്ഥാപനങ്ങള്‍ കക്ഷി രാഷ്ട്രീയ വടംവലികളില്‍ പെടുന്നതും ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നതായ ഭരണ കാര്യങ്ങളിലേയ്ക്കും മറ്റുമാണ് എന്നു ജനം വിശ്വസിച്ചാല്‍ അതല്ല എന്നു പറയാന്‍ കഴിയുമോ ?
പൊതുമേഖല, സഹകരണ മേഖല എന്നിവ വികസിപ്പിക്കേണ്ട വെല്ലുവിളി പഴയതാണെങ്കിലും ഇപ്പോഴും പ്രസക്തമായി തുടരുന്ന ഒന്നാണ്്് എന്നാണെന്റെ അഭിപ്രായം.

ഉന്നത വിദ്യാഭ്യാസവും തൊഴില്‍ വൈദഗ്്ധ്യ പരിശീലനവും
ഇവ രണ്ടും കൂടാതെ എടുത്തു പറയേണ്ട ഒരു പ്രധാന മേഖലയാണ് സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷമുള്ള വിദ്യാഭ്യാസ മേഖല. അവിടെ ഗുണപരമായ മാറ്റങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കാതെവന്നത് ഇന്നത്തെ സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്കും, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്കും, കാര്യക്ഷമതകുറഞ്ഞ അസംഘടിത മേഖലയുടെ തുടര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. എണ്ണം കൂട്ടാനുള്ള ആവേശം ഗുണം വര്‍ദ്ധിപ്പിക്കുന്നതില്‍ കാണുന്നില്ല. ഗുണം ഇല്ലാത്ത ഉന്നത വിദ്യാഭ്യാസം കൂടുതല്‍ സാമൂഹ്യ പ്രശ്‌നങ്ങളും പിരിമുറുക്കങ്ങളുമാണ് സൃഷ്ടിക്കുക. അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പോകാന്‍ സാധിക്കാത്ത എന്നാല്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ വലിയൊരു വിഭാഗം ചെറുപ്പക്കാരുടെ സ്ഥിതി. കാര്യമായ തൊഴില്‍ വൈദഗ്ധ്യ പരിശീലനം കൊടുക്കാനുള്ള സ്ഥാപനങ്ങള്‍ തുലോം കുറവാണ്. ലാഭം വര്‍ദ്ധിപ്പിക്കാനുളള അവസരം കുറവായതു കൊണ്ട് സ്വകാര്യമേഖലയ്ക്ക് ഇതില്‍ വലിയ താത്പര്യമില്ല അഥവാ താല്പര്യമുണ്ടെങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന ഫീസ് കൊടുക്കാന്‍ ത്രാണിയില്ലാത്തവരാണ് ഈ ചെറുപ്പക്കാര്‍. ഈ പുത്തന്‍ വെല്ലുവിളി നേരിടാന്‍ കാര്യമായ നീക്കങ്ങള്‍ ഗവണ്‍മെന്റ് തലത്തിലുണ്ടാവേണ്ടതാണ്. പ്രത്യേകിച്ചും, വ്യവസായ ശാലകള്‍ക്കു വേണ്ട തൊഴില്‍ വൈദഗ്ധ്യവും, കെട്ടിട നിര്‍മ്മാണം പോലുള്ള ക്രീയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട വൈദഗ്ധ്യവും.

സ്വകാര്യ ലാഭവും പൊതു നഷ്ടവും
ചുരുക്കത്തില്‍ കേരളം ഇന്നനുഭവിക്കുന്നത് സ്വകാര്യ സമ്പദ്ഘടനയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും, പൊതുസംവിധാനത്തിന്റെയും, പൊതുമേഖലയുടെയും തളര്‍ച്ചയുമാണ്. ഈ ഒരു സാഹചര്യത്തില്‍ വേണം ഈ പ്രക്രിയ ഉത്പാദിപ്പിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളേയും നോക്കിക്കാണുവാന്‍. നിയന്ത്രണമില്ലാത്ത സ്വകാര്യമേഖലയുടെ പ്രവര്‍ത്തനം സ്വകാര്യ ലാഭവും അതേസമയം സമൂഹ നഷ്ടവും സൃഷ്ടിക്കുന്നു. ഇതുകൂടാതെ പൊതുസംവിധാനത്തിന്റെ കീഴില്‍ വികസനമെന്ന പേരില്‍ വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സന്തുലനത്തെ വകവെക്കാതെ പ്രവര്‍ത്തിക്കുമ്പോള്‍ അവ വെളുക്കാന്‍ തേച്ചത്് പാണ്ടായതുപോലെ ആയിവരുന്നു. അതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്്്. ഇതിനെല്ലാറ്റിനും പുറമെയാണ് വിപണിയെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു പരിപ്രേഷ്യവും പ്രയോഗവും സൃഷ്ടിക്കുന്ന മറ്റു സാമൂഹ്യപ്രശ്‌നങ്ങള്‍. അതില്‍ ഉള്‍പ്പെടുന്നതാണ് സാമൂഹ്യമായോ, സാമ്പത്തികമായോ അല്ലെങ്കില്‍ അവ രണ്ടുമായോ അവശത അനുഭവിക്കുന്നവര്‍ക്കു കിട്ടേണ്ട നീതി. ഒരു ആധുനിക സമൂഹത്തില്‍ സ്ത്രീകള്‍ക്ക്്് ലഭിക്കേണ്ട നീതിയും, പങ്കാളിത്തവും ഇതിലുള്‍പ്പെടുന്നു.

ഈ ഒരു പശ്ചാത്തലത്തിലാണ് കേരളവികസന സംഗമം എന്ന പേരില്‍ വികസനത്തിന്റെ പഴയതും പുതിയതുമായ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുവാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്്, തിരുവനന്തപുരത്ത്് ഏപ്രില്‍ 30, മെയ്്് 1 എന്നീ തീയതികളില്‍ വേദി ഒരുക്കുന്നത്്. പല ആശയങ്ങളും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്യുവാനും അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പല തലങ്ങളിലും നടക്കുന്ന വികസന ചര്‍ച്ചകള്‍ക്ക്്്് പുതിയൊരു പരിപ്രേഷ്യവും, ദിശാബോധവും നല്‍കാനും കഴിയുമെന്നാണ് വിശ്വാസം. 1976-ല്‍ ‘കേരളത്തിന്റെ സമ്പത്ത്്’ എന്ന പുസ്തത്തിലൂടെ അഴിച്ചുവിട്ട വികസന സംവാദം പിന്നീട് സൈലന്റ്് വാലി സംവാദത്തിലൂടെ പരിസ്ഥിതി പ്രശ്്്‌നങ്ങളിലേയ്ക്കും അതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജ്ജം, വികേന്ദ്രീകൃത ആസൂത്രണം എന്നീ മേഖലകളില്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പലവിധ പ്രവര്‍ത്തനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിയ പ്രസ്ഥാനമെന്ന നിലയില്‍ ഈ പുത്തന്‍ ചര്‍ച്ച കൂടുതല്‍ ഫലപ്രദമാകുമെന്നും വിശ്വസിക്കുന്നു.

Categories: Updates