പ്രവര്‍ത്തനമാരംഭിച്ച് അന്‍പതാണ്ടുകള്‍ തികയുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സുവര്‍ണജൂബിലി വര്‍ഷത്തില്‍ വിപുലമായ ഒരു വികസന സംഗമം സംഘടിപ്പിക്കുകയാണ്. ഭാവികേരളത്തെ സംബന്ധിച്ചും കേരള വികസനത്തെ സംബന്ധിച്ചും നിലനില്ക്കുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെയും പ്രവര്‍ത്തനപരിപാടികളെയും സമഗ്രമായി പരിശോധിച്ച് സാമൂഹിക നീതിയിലധിഷ്ഠിതവും ഉത്പാദന മേഖലകളെ പോഷിപ്പിക്കുന്നതും പ്രകൃതി വിഭവങ്ങളെ വിവേചനപൂര്‍വം ഉപയോഗിക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമായ ഒരു വികസനക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിഷത്ത് ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് കേരള വികസന സംഗമം സംഘടിപ്പിക്കുന്നത്. വിവിധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ 2013 ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തുന്ന സംഗമത്തില്‍ ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പ്രകൃതിവിഭവ സുരക്ഷ, ഉപജീവന സുരക്ഷ, ഊര്‍ജം-ഗതാഗതം എന്നീ വികസനമേഖലകളുമായി ബന്ധപ്പെട്ട ഇരുപതോളം ശില്പശാലകളും പൊതുസെഷനുകളും ഉണ്ടാകും. കേരളത്തിന് അകത്തും പുറത്തും നിന്നുള്ള വിദഗ്ധരുള്‍പ്പെടെ മുന്നൂറു പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും.

Categories: Updates