കൊറോണ വൈറസ് രോഗത്തിന് ആയുർവേദം, യുനാനി, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിൽ ഫലവത്തായ ചികിത്സയുണ്ടെന്ന് കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പ് വിജ്ഞാപനം ചെയ്തിരിക്കുന്നത് തികച്ചും നിരുത്തരവാദപരമാണെന്നും ഇത്തരം അശാസ്ത്രീയ അവകാശവാദങ്ങള്‍ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
വൈറസ് രോഗങ്ങളെ കുറിച്ചുള്ള അടിസ്ഥാന വസ്തുതകള്‍ പോലും മാനിക്കാതെയും കൊറോണ വൈറസുകളെ കുറിച്ച് യാതൊരു ശാസ്ത്രീയ പരിശോധനകളോ പഠനങ്ങളോ നടത്താതെയും ഉന്നയിക്കുന്ന ഇത്തരം അവകാശ വാദങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വകുപ്പുതന്നെ പ്രചാരം നൽകുന്നത് വലിയൊരു ആരോഗ്യ അടിയന്തിരാവസ്ഥയെ നേരിടുന്ന ഇന്ത്യൻ ജനതയോടു കാട്ടുന്ന തികഞ്ഞ ക്രൂരതയാണ്.
ചൈനയില്‍ നിന്നും എത്തിയ കേരളത്തിലെ രണ്ടു വിദ്യാർത്ഥികള്‍ക്ക് കോറോണാ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇത്തരം അശാസ്ത്രീയതകളും അമിത ഭീതിയും ആശങ്കകളുമല്ല പ്രചരിപ്പിക്കേണ്ടത്. ആരോഗ്യ വകുപ്പും ആരോഗ്യ വിദഗ്ധരും ആവർത്തിച്ച് ആവശ്യപ്പെടുന്നതുപോലെ ജാഗ്രത പുലര്‍ത്തുകയും ശാസ്ത്രീയമായ കരുതൽ നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടത്. നമ്മുടെ പത്ര ദൃശ്യമാധ്യമങ്ങൾ കൊറോണ രോഗത്തെപറ്റിയും പ്രതിരോധ നടപടികളെപറ്റിയും ശാസ്ത്രീയമായ വിവരങ്ങൾ നൽകിവരുന്നു എന്നുള്ളത് ആശ്വാസകരമാണ്.
ആധുനിക ശാസ്ത്രവിജ്ഞാനങ്ങളെല്ലാം ഭാരതത്തിലെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഉണ്ടെന്ന ശുദ്ധ അസംബന്ധങ്ങള്‍ ശാസ്ത്രജ്ഞന്‍മാരെന്നു പറയുന്നവര്‍‍ ഒട്ടും ജാള്യതയില്ലാതെ അഖിലേന്ത്യ സയൻസ് കോൺഗ്രസ്സിലും ചില കേന്ദ്രമന്ത്രിമാര്‍ പൊതു വേദികളിലും ഉന്നയിക്കുന്നതിന്റെ തുടർച്ചയായികണ്ട് ആയുഷ് വകുപ്പിന്റെ വിജ്ഞാപനത്തെ പൊതുസമൂഹം തള്ളികളയണമെന്നും കേരളത്തിലെ വിവേകികളായ ആയുഷ് ചികിത്സകർ കേന്ദ്ര ആയുഷ് വകുപ്പിന്റെ അവകാശവാദത്തെ തിരസ്കരിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

 

എ പി മുരളീധരന്‍
സംസ്ഥാന പ്രസിഡണ്ട്
കെ രാധന്‍
ജനറല്‍ സെക്രട്ടറി

Categories: Press Release