ക്വാറികളുടെ ദൂരപരിധി കുറച്ചുകൊണ്ടും ലൈസന്‍സ് കാലാവധി നീട്ടിക്കൊണ്ടുമുള്ള വ്യവസായ വകുപ്പിന്റെ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.അനധികൃതവും അശാസ്ത്രീയവുമായ ഖനനംമൂലം കേരളത്തിലങ്ങോളമിങ്ങോളം നിരവധി പാരിസ്ഥിതികപ്രശ്‌നങ്ങളാണ് കഴിഞ്ഞകുറേ വര്‍ഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റവന്യൂഭൂമിയും വനഭൂമിയും കയ്യേറിയും നിയമങ്ങള്‍ പാലിക്കാതെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടം മറിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ക്വാറിമാഫിയകളുടെ പ്രവര്‍ത്തനം സംസ്ഥാനത്താകെ ചെറുതും വലുതുമായ നിരവധി സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടുവരാന്‍ ഇടയാക്കിയിട്ടുണ്ട്. ചില ഉദ്യോഗസ്ഥരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും കയ്യിലെടുത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇവരുടെ ഇടപെടല്‍ കേരളത്തിലെ സൈ്വര്യജീവിതം തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അഞ്ചുഹെക്ടറില്‍ താഴെയുള്ള ഖനനത്തിനും പാരിസ്ഥിതികാനുമതി സുപ്രീംകോടതി നിര്‍ബന്ധമാക്കിയത്. ഖനനം പൊതുമേഖലയില്‍ കൊണ്ടുവരുമെന്നുള്ള എല്‍.ഡി.എഫ് പ്രകടനപത്രികയിലെ നിര്‍ദേശവും ഏറെ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍ അനാവശ്യനിര്‍മാണങ്ങള്‍ ഒഴിവാക്കിയും ഗ്രീന്‍ ടെക്‌നോളജി സങ്കേതങ്ങള്‍ ഉപയോഗിച്ചും നിര്‍മാണമേഖലയില്‍ ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് പ്രകൃതിവിഭവങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത്തരം ആലോചനകളോ അനധികൃതമാഫികള്‍ക്കെതിരെയുള്ള നടപടികളോ ഉണ്ടാകാതെ ധൃതിപിടിച്ച് ഖനന ചട്ടങ്ങളില്‍ അയവുവരുത്തുന്നത് പ്രതിഷേധാര്‍ഹമാണ്. ആയതിനാല്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി അടിയന്തിരമായി പിന്‍വലിക്കണമെന്നും ഖനനം പൊതുനിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് നടപടിയെടുക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളസര്‍ക്കാറിനോട് അഭ്യര്‍ഥിക്കുന്നു.

 

എ പി മുരളീധരന്‍
സംസ്ഥാന പ്രസിഡണ്ട്
കെ രാധന്‍
ജനറല്‍ സെക്രട്ടറി

Categories: Press Release