ഗ്രാമീണ സാങ്കേതികവിദ്യയിലെ നൂതനാശയങ്ങള്ക്കു രൂപം നല്കി പ്രായോഗിമാക്കിയവര്ക്കായി ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്സിലിന്റെ സഹായത്തോടെ പാലക്കാട് ഐആര് ടി സി സംഘടിപ്പിച്ച മേള സമാപിച്ചു. മികവുറ്റ രീതിയില് സംഘടിപ്പിക്കപ്പെട്ട മേളയില് നാടന് സാങ്കേതിക വിദ്യയില് നിരവധി പുത്തന് കണ്ടുപിടുത്തങ്ങള് അവതരിപ്പിക്കപ്പെട്ടു.

അടയ്ക്കവെട്ടുന്ന യന്ത്രം മുതല്‍ തെങ്ങുകയറുന്ന റോബോട്ട്‌ വരെയുള്ള ഉപകരണങ്ങള്‍ കാണികള്‍ക്ക്‌ ആവേശം പകര്‍ന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും സംരക്ഷണം ലഭിക്കുന്ന ഉപകരണം, തെങ്ങുകയറുന്ന റോബോട്ട്‌ എന്നിവയുമായി മത്സരിക്കാനെത്തിയ കഞ്ചിക്കോട്‌ സോഫ്റ്റ്‌വെയര്‍ ടെക്നോളജി പാര്‍ക്കിലെ സി.സതീഷും സുഹൃത്തുക്കളും അവതരിപ്പിച്ച ഉപകരണം ശ്രദ്ധേയമായി. പ്രകൃതിദത്ത സുഗന്ധദ്രവ്യങ്ങളുടെ പ്രദര്‍ശനവുമായെത്തിയ കാസര്‍ഗോഡ്‌ മുന്നാട്‌ സ്വദേശി സുരേഷ്ബാബുവും മേളയിലെത്തിയ കാണികള്‍ക്ക്‌ കൗതുകം പകര്‍ന്നു.

നവീന അടയ്ക്കവെട്ടി യന്ത്രം, താഴെനിന്ന്‌ കുരുമുളക്‌ പറിക്കാനുള്ള ലളിതമായ ഉപകരണം, നെല്ലിക്കയുടെ കുരുവളരെവേഗം നീക്കം ചെയ്യുന്ന യന്ത്രം മുതല്‍ കിണറ്റില്‍ മൃഗങ്ങളെയും വ്യക്തികളെയും രക്ഷിക്കുന്നതിന്‌ തൃശ്ശൂര്‍ വടക്കാഞ്ചേരി ചിറ്റിലപ്പളില്‍ സി.ഡി.സെബാസ്റ്റ്യന്‍ നടത്തിയ അവതരണം എന്നിവയും ആകര്‍ഷകമായി.

കാര്‍ഷികമേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിക്കുമെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ ഉണക്ക അടയ്ക്കാതോട്‌ വളരെ വേഗത്തില്‍ നീക്കം ചെയ്യുന്ന ഉപകരണവുമായി രംഗത്തെത്തിയ കോഴിക്കോട്‌ വിലങ്ങാട്‌ വാഴംപ്ലാക്കല്‍ യേശുദാസും സാധാരണക്കാരായ കാണികള്‍ക്ക്‌ വിരുന്നേകി. പച്ച അടയ്ക്കയുടെ തോടും വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന യന്ത്രവും രൂപകല്‍പന ചെയ്തിട്ടുണ്ടെന്നും 150 രൂപമുതല്‍ 1,300 വരെ മാര്‍ക്കറ്റില്‍ ലഭിക്കുമെന്നും അദ്ദേഹം റൂറല്‍ ഇന്നോവേറ്റേഴ്സ്‌ മീറ്റില്‍ പറഞ്ഞു.
ഗ്രാമീണമേഖലയിലും കാര്‍ഷികവൃത്തിയിലും ചെറുകിട വ്യവസായരംഗത്തും മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്ന നിരവധി പ്രോജക്ടുകളും കണ്ടെത്തലുകളും റിം-2013 ന്ററണ്ടാംദിവസംഅവതരിപ്പിച്ചു.

റൂറല്‍ ഇന്നവേറ്റേഴ്‌സ് മീറ്റിലെ മികച്ച ഗ്രാമീണഗവേഷകനായി കോഴിക്കോട് മയ്യനാട് നമ്പ്യാരിവീട്ടില്‍ പ്രകാശന്‍ ടി. തട്ടാരിയെ തിരഞ്ഞെടുത്തു.

കവുങ്ങില്‍ക്കയറാതെ അടയ്ക്ക പറിച്ചെടുക്കാവുന്ന നൂതന ഉപകരണം വികസിപ്പിച്ചെടുത്തതിനാണ് മികച്ച ഗവേഷകനുള്ള അവാര്‍ഡ് ലഭിച്ചത്.

ബേക്കറിമേഖലയില്‍ ഉപയോഗപ്പെടുത്താവുന്ന റോട്ടേറ്ററി ബനാന സ്ലൈസറുമായി സംഗമത്തിനെത്തിയ തിരൂര്‍ സ്വകാര്യസ്‌കൂളിലെ അധ്യാപകനായ കണ്ണൂര്‍ കിഴക്കേക്കരവീട്ടില്‍ ജോയി അഗസ്റ്റിനാണ് രണ്ടാം സ്ഥാനം. നേന്ത്രക്കായ വളരെവേഗം കഷ്ണങ്ങളാക്കി മാറ്റാവുന്ന ഉപകരണമാണ് ഇദ്ദേഹം വികസിപ്പിച്ചെടുത്തത്.

കാര്‍ഷികമേഖലയിലെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാവുന്ന വളരെവേഗം അടയ്ക്കാത്തോട് നീക്കം ചെയ്യാവുന്ന യന്ത്രം രൂപകല്പനചെയ്ത കോഴിക്കോട് വിലങ്ങാട് വാഴംപ്ലാക്കല്‍ യേശുദാസ് മൂന്നാം സ്ഥാനവുംനേടി.

യഥാക്രമം 30,000, 20,000, 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡുകള്‍. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. കെ.കെ.രാമചന്ദ്രന്‍ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍ അധ്യക്ഷനായി.

മുറിയിലെ ചൂട് നിയന്ത്രിക്കുന്ന ഗവേഷണത്തിന് തൃശ്ശൂര്‍ വടക്കുമുറിസ്വദേശി അഷറഫ്, കിണറ്റില്‍ വീണയാളെ രക്ഷിക്കുന്ന ഉപകരണവുമായെത്തിയ വടക്കഞ്ചേരിസ്വദേശി സി.ഡി.സെബാസ്റ്റ്യന്‍, പള്‍സ് അക്‌സിലറേറ്റുമായെത്തിയ കുര്യന്‍ചിറസ്വദേശി ഇഗേ്‌നഷ്യസ് തോമസ്, ഇന്ധനക്ഷമമായ അടുപ്പ് രൂപകല്പനചെയ്ത കോട്ടയം തലയോലപ്പറമ്പ് സ്വദേശി സി.ജെ.സന്തോഷ്, വയനാട് തൃക്കായിപ്പേട്ടസ്വദേശി എ.അനൂപ്കുമാര്‍ എന്നീ അഞ്ചുപേര്‍ക്ക് പ്രോത്സാഹനസമ്മാനങ്ങളും വിതരണം ചെയ്തു.

ഓര്‍ഗനൈസിങ്കമ്മിറ്റി കണ്‍വീനര്‍ ഡോ. എന്‍.കെ.ശശിധരന്‍പിള്ള, പ്രൊഫ. പി.കെ.രവീന്ദ്രന്‍, ഡോ. എം.പി.പരമേശ്വരന്‍, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ആര്‍.വി.ജി.മേനോന്‍, ജോയന്റ് ഡയറക്ടര്‍ ഡോ. വി.അജിത്പ്രഭു എന്നിവര്‍ സംസാരിച്ചു.

ഭൗതിക സ്വത്തവകാശത്തെ സംബന്ധിച്ച് ബാലഗംഗാധരന്‍, പരമ്പരാഗത വിജ്ഞാനസംരക്ഷണത്തെക്കുറിച്ച് ഡോ. എസ്.രാജശേഖരന്‍, ആയുര്‍വേദത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ കരിമ്പുഴ രാമന്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനമേള ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.

(വാര്‍ത്തകള്‍ക്ക് കടപ്പാട്: മാതൃഭൂമി, ജന്മഭൂമി)

Categories: Updates