കേരളം അതിരൂക്ഷമായ പാരിസ്ഥിതികപ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കയാണ്. ഇവിടുത്തെ പ്രധാന ആവാസവ്യവസ്ഥകളായ കാട്, നെല്‍വയല്‍, തണ്ണീര്‍ത്തടം, കുന്നുകള്‍, കടല്‍ എന്നിവയൊക്കെ തകര്‍ച്ചയുടെ ഭീഷണിയിലാണ്. കുന്നിടിക്കല്‍, കാട് കയ്യേറ്റം, ഖനനം, മണലൂറ്റല്‍, പാടം നികത്തല്‍ എന്നിവയൊക്കെ ഒരുവിധത്തിലുമുള്ള സാമൂഹികനിയന്ത്രണവും ബാധകമല്ലാത്തരീതിയില്‍ കരുത്താര്‍ജിച്ചിരിക്കുന്നു. ഇതിന്റെഭാഗമായി കേരളത്തിലെ മണ്ണും വെള്ളവും വായുവും അടക്കം മൊത്തം വിഭവാടിത്തറ തന്നെ തകരുകയാണ്. ഈ അതിക്രമങ്ങളെ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെന്ന് മാത്രമല്ല സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയുമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ അജണ്ടയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും തന്നെ വരുന്നതേയില്ല. ഇത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. പ്രകൃതിവിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയതും ഭരണഘടനാപിന്തുണയുള്ളതുമായ കേന്ദ്രനിയമങ്ങളാകട്ടെ ഇന്നത്തെ നവലിബറല്‍ കാലത്ത് വലിയ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയുമാണ്. ഇത് കേരള സമൂഹത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. ഈസ്ഥിതി സംസ്ഥാനത്തിന്റെ സാമൂഹ്യ സാമ്പത്തികവികസനത്തിന് മാത്രമല്ല സുസ്ഥിര നിലനില്പിനുതന്നെ ഭീഷണിസൃഷ്ടിക്കുന്നു. അതിനാല്‍ ഈപോക്ക് നിയന്ത്രിക്കേണ്ടതുണ്ട്. ജനകീയപ്രതിരോധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പ്രശ്‌നങ്ങളെ ആഴത്തില്‍ പരിശോധിക്കുകയും പരിസ്ഥിതിവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങളെ തിരുത്തുന്നതിനുള്ള ശക്തമായ ഇടപെടലുകള്‍ ആവിഷ്‌കരിക്കുകയും ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഗ്രീന്‍ അസംബ്ലി ചേര്‍ന്നത്.
പുത്തന്‍ സാമ്പത്തികനയങ്ങളുടെ ഭാഗമായി കമ്പോളശക്തികള്‍ പശ്ചാത്തലവികസനത്തിന്റെ പേരില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പൊതുവില്‍ പരിസ്ഥിതിയുടെ മേല്‍ വലിയ കടന്നാക്രമണം നടത്തുന്നുവയാണ്. വികസനത്തിലെ ദരിദ്രപക്ഷ മുന്‍ഗണനകളെ ബോധപൂര്‍വം അട്ടിമറിക്കുന്നവയാണ് ഇവയെല്ലാമെന്ന് സൂക്ഷമതലനിരീക്ഷണത്തില്‍ ബോധ്യപ്പെടും. ഇവിടെയെല്ലാം തകര്‍ക്കപ്പെടുന്നത് ദരിദ്രജനങ്ങളുടെ ആവാസവ്യവസ്ഥകളാണ്. ദരിദ്രജനങ്ങള്‍ക്ക് അവരുടെ ഉപജീവനത്തിനായുള്ള പ്രകൃതിവിഭവങ്ങളില്‍ നിയന്ത്രണമില്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെ ഒരു ജനവിഭാഗം ഉപജീവനത്തിനായി ആശ്രയിക്കുന്ന ആവാസവ്യസ്ഥകളിലും വിഭവങ്ങളിലും ആവിഭാഗത്തിന് നിയന്ത്രണമുണ്ടാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍ കമ്പോളശക്തികളുമായുള്ള ചങ്ങാത്തത്താല്‍ ഈ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും ഒഴിഞ്ഞുമാറുന്നതായാണ് ഇന്നത്തെ അനുഭവം.
ഈ സാഹചര്യത്തില്‍ കേരളത്തിലെ പരിസ്ഥിതിയില്‍ ഉണ്ടാകുന്ന ഓരോ ഇടപെടലിനെയും അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് നമ്മള്‍ തിരിച്ചറിയുന്നു. പരിസ്ഥിതിയില്‍ ഏത് ചെറിയ തകര്‍ച്ചയും ജനജീവിതത്തിന്റെ പ്രത്യേകിച്ചും ദരിദ്രരുടെ ജീവിതത്തിന്റെ തകര്‍ച്ചയ്ക്കാണ് ഇടയാക്കുക. കാരണം ഉപജീവനത്തിനായി പ്രകൃതിവിഭവങ്ങളെ പ്രത്യക്ഷമായി ആശ്രയിക്കുന്നത് അവരാണ്.
കേരളത്തില്‍ ഉടനീളമായി നടന്ന ജനസംവാദങ്ങളില്‍ പങ്കുവച്ച ആശങ്കകളും അഭിപ്രായങ്ങളും പരിഗണിച്ചുകൊണ്ടും ഇന്നുരാവിലെ മുതല്‍ ഗ്രീന്‍ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന ആവശ്യങ്ങളും നിലപാടുകളും പ്രഖ്യാപിക്കുന്നു.
1. കേരളത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ നിലനില്പ് സുസ്ഥിരമാക്കുന്നതിലും കേരളം കേരളമായി നിലനില്‍ക്കുന്നതില്‍ സവിശേഷമായ പങ്കുവഹിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കായലുകളും ഇനി ഒരിഞ്ചുപോലും നഷ്ടപ്പെടുത്താനാവില്ല. നെല്‍വയലുകള്‍ നികത്തുന്നതിനും തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാകുന്നതിനും സഹായിക്കുന്ന എല്ലാ നിയമസംരക്ഷണങ്ങളും അവസാനിപ്പിക്കണം.
2. പശ്ചിമഘട്ട സംരക്ഷണത്തിനായി ഒന്നിനുപുറകെ ഒന്നായി നിരവധി കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ രൂപപ്പെടുത്തുകയുണ്ടായി. പശ്ചിമഘട്ടം എന്ന ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടി ഇ.എസ്.എ. നിര്‍ണയത്തില്‍മാത്രം ഒതുക്കുന്നത് അശാസ്ത്രീയമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി സമര്‍പ്പിച്ചിട്ടുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് നടപ്പിലാക്കണം.
3. പരിസ്ഥിതി സംരക്ഷണനിയമങ്ങള്‍ എന്നത് സുസ്ഥിരവികസനത്തിന് അനിവാര്യമായതിനാല്‍ ഇന്ന് നിലനില്‍ക്കുന്ന നിയമങ്ങള്‍ അപ്പാടെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ടി.എസ്.ആര്‍. സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണം.
4. കേരളത്തിലെ ഖനിജങ്ങളെ പൊതുഉടമസ്ഥതയിലാക്കി സാമൂഹികനിയന്ത്രണം ഉറപ്പാക്കണം.
5. കേരളത്തിന്റെ തീരപരിസ്ഥിതിക്ക് അപരിഹാര്യമായ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന് ഉറപ്പുള്ളതും തദ്ദേശീയരുടെ പരമ്പരാഗതമായ ജീവസന്ധാരണമാര്‍ഗങ്ങള്‍ ഇല്ലാതാക്കുന്നതും അളവറ്റ കണക്കില്‍ പ്രകൃതി വിഭവങ്ങള്‍ ആവശ്യമുള്ളതുമാണ് നിര്‍ദ്ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതി. പദ്ധതിയുടെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ കൃത്യമായും വസ്തുനിഷ്ഠമായും വ്യക്തമാക്കപ്പെട്ടിട്ടില്ല. ആയത് വ്യക്തമാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. അതുവരേക്കും വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണം.
കേരളം അനുദിനം വാസയോഗ്യമല്ലാതാവുകയാണ്. വരാനിരിക്കുന്ന തലമുറയ്ക്കാകട്ടെ, വാസം അസാധ്യമായിത്തീരുന്നു. ലാഭം മാത്രം ലക്ഷ്യമാക്കി ആവാസവ്യവസ്ഥകളെ ഛിന്നഭിന്നമാക്കുന്ന ഇടപെടലുകളാണ് ഈയൊരു സ്ഥിതിക്ക് ഇടയാക്കുന്നതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഈ തിരിച്ചറിവ് വിവിധ ആവാസവ്യവസ്ഥകളെയും തദ്ദേശവാസികളെയും സംരക്ഷിക്കാന്‍ ഉതകുന്ന നയപരിപാടികളിലേക്കെത്തണം. ഇതിനു കഴിയണമെങ്കില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ തല്‍പ്പരരായ മുഴുവന്‍ ജനങ്ങളുടെയും വ്യത്യസ്ത തലത്തിലുള്ള കൂട്ടായ്മകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. യോജിക്കാവുന്ന കാര്യങ്ങളില്‍, പ്രശ്‌നാധിഷ്ഠിതമായി പരമാവധി യോജിച്ചുകൊണ്ട് ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ ശക്തിപ്പെടണം. ആവാസവ്യവസ്ഥകള്‍ ഒരിക്കല്‍ തകര്‍ന്നുകഴിഞ്ഞാല്‍, അവയെ പൂര്‍വസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരാന്‍ എളുപ്പമല്ല എന്നതാണ് ലോകത്തിലെ പല അനുഭവങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നത്. പരിസ്ഥിതി പരിപാലനത്തിനുള്ള ശാസ്ത്രീയ നടപടികള്‍ നാളേയ്ക്ക് മാറ്റിവെയ്ക്കാവുന്നതുമല്ല. അതിനാല്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരുംതലമുറകള്‍ക്കുകൂടി വാസയോഗ്യമായ പ്രദേശമായി കേരളത്തെ നിലനിര്‍ത്തുക എന്നത് ഓരോ കേരളീയന്റെയും ജനകീയ പ്രസ്ഥാനങ്ങളുടെയും പ്രാഥമിക കടമയും ബാധ്യതയുമാണ് എന്ന് ഈ സമ്മേളനം പ്രഖ്യാപിക്കുന്നു.

Categories: Updates