കോഴിക്കോട് ഫറൂഖ് കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിനു ശിക്ഷാനടപടി സ്വീകരിച്ചതിനെ ശക്തമായി അപലപിക്കുന്നു.
വിദ്യാലയങ്ങള്‍ ജനാധിപത്യരഹിതവും സ്ത്രീവിരുദ്ധവും ആക്കി തീര്‍ക്കുന്നതിനു ആസൂത്രിത നീക്കം നടക്കുന്നത് ആശങ്കാകുലമാണ്. ആണ്‍പെണ്‍ ബന്ധങ്ങളെ വിലകുറച്ചു കാണുകയും അവരുടെ സര്‍ഗാത്മകമായ ബന്ധങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന ആണ്‍കോയ്മാ സദാചാര കാഴ്ചപ്പാട് ഒരു പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ല. കേരളത്തിലെ പൊതു ഇടങ്ങള്‍ അപമാനകരമാം വിധം സ്ത്രീവിരുദ്ധം ആയിരിക്കുന്നതില്‍ ആരോഗ്യകരമായ ആണ്‍പെണ്‍ ബന്ധങ്ങളുടെ അഭാവവും ഒരു കാരണം ആണ്. കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ഒരുമിച്ച് പഠിച്ചും കളിച്ചും സംഘടനാ പ്രവര്‍ത്തനം നടത്തിയും കലാകായിക പരിപാടികളില്‍ പങ്കെടുത്തും പൂര്‍ണ വ്യക്തികളാകുകയാണ് വേണ്ടത്. ആധുനിക കാലത്ത് വിവിധ തുറകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുമിച്ചു ജീവിക്കുവാനും പ്രവര്‍ത്തിക്കുവാനും ആവശ്യമായ പരിശീലനം ലഭിക്കേണ്ടത് കലാലയങ്ങളില്‍ നിന്നാണ്. സഹവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പഠിച്ചു വളരേണ്ട സ്ഥാപനങ്ങളാണ്. സമൂഹത്തിന്റെ ധാര്‍മികതക്കും, മൂല്യബോധത്തിനും മാനവിക സങ്കല്‍പത്തിനും സംഭാവനകള്‍ നല്കാന്‍ കഴിയും എന്നതുകൊണ്ടാണ് അത്തരം സ്ഥാപനങ്ങള്‍ വിഭാവനം ചെയ്യപ്പെട്ടത്. അവിടെ നടത്തുന്ന കൃത്രിമമായ വേര്‍തിരിവുകള്‍ ഈ മാനവിക സങ്കല്‍പത്തിന് എതിരാണ്. ഇതില്‍ പങ്കെടുത്ത കുട്ടികള്‍ അവരുടെ ആവശ്യങ്ങളെ പ്രകടിപ്പിക്കാനായി മാധ്യമങ്ങളെ സമീപിച്ചു എന്നത് ഒരു കുറ്റമായി നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ കാണാന്‍ കഴിയില്ല.
ലിംഗനീതിക്കും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരത്തെ പിന്തുണക്കുകയും പെണ്‍കുട്ടികള്‍ക്ക് ഒപ്പം ഇരുന്നതിനു സസ്‌പെണ്ട് ചെയ്ത ദിനു എന്ന വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണമെന്നും പാരമ്പര്യം അവകാശപ്പെടുന്നഫറൂഖ് കോളേജ്മാനേജുമെന്റ് ലിംഗനീതിയും ജനാധിപത്യവും ലംഘിക്കുന്ന തീരുമാനങ്ങളില്‍ നിന്നും പിന്തിരിയമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

ഡോ.കെ.പി. അരവിന്ദന്‍ പ്രസിഡണ്ട്
പി. മുരളീധരന്‍ ജനറല്‍ സെക്രട്ടറി

Categories: Updates