ചാല ടാങ്കര്‍ ദുരന്തം
കൂട്ടക്കുരുതി ആവര്‍ത്തിക്കാതിരിക്കാന്‍
നടപടികള്‍ സ്വീകരിക്കുക

കണ്ണൂരിലെ ചാലയില്‍ ഉണ്ടായ ടാങ്കര്‍ അപകടം അത്യന്തം ദുഖകരമാണ്. അപകടത്തില്‍ മരണപ്പെട്ടവരോടും ദുരിതമനുഭവിക്കുന്നവരോടുമുള്ള അനുശോചനവും അനുതാപവും പ്രകടിപ്പിക്കാത്തവര്‍ ഉണ്ടാവില്ല.
അടുത്തകാലത്തായി കേരളത്തില്‍ പാചകവാതക ടാങ്കറുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ആശങ്കാജനകമാംവിധം വര്‍ധിച്ചിട്ടുണ്ട്.

മൂന്നു വര്‍ഷം മുമ്പാണ് കൊല്ലം കരുനാഗപ്പള്ളിയില്‍ പതിനൊന്നുപേരുടെ ജീവന്‍ അപഹരിച്ച ഇതുപോലൊരു അപകടമുണ്ടായത്. ആളപായം സംഭവിക്കാത്ത നൂറിലേറെ അപകടങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മൂമ്പുണ്ടായ അപകടങ്ങളും അപകട സൂചനകളും വേണ്ടവിധം ഗൗരവത്തില്‍ എടുക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല എന്നതിനാലാണ് ഇപ്പോള്‍അപകടം സംഭവിച്ചത്. സ്ഥലത്തിന്റെയും സമയത്തിന്റേയും പ്രത്യേകതകൊണ്ടും പ്രദേശവാസികളുടെ ശുഷ്‌കാന്തികൊണ്ടും മാത്രമാണ് മരണസംഖ്യനിലയിലെങ്കിലും നിന്നത്.

അപകടങ്ങള്‍ പല കാരണങ്ങള്‍കൊണ്ടും സംഭവിക്കാം. ഡ്രൈവറുടെ അനാസ്ഥയും അശാസ്ത്രീയമായി റോഡില്‍ സ്ഥാപിച്ച ഡിവൈഡറുമെല്ലാം ചില ഘടകം മാത്രമാണ്. അത്തരം വളരെ പ്രകടമായ ചില സംഗതികളില്‍ നടപടി എടുത്തു പ്രശ്‌നം അവസാനിപ്പിക്കയല്ല വേണ്ടത്. വര്‍ഷം തോറും നാല്‍പതിനായിരത്തോളം റോഡപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന നാടാണ് കേരളം. അപ്പോള്‍ അപകടകരമായ ചരക്കുകള്‍ കടത്തുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്താനും മുന്‍കരുതലുകള്‍ പാലിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുമുള്ള ബാധ്യത അധികൃതര്‍ക്കുണ്ട്. വേഗത നിയന്ത്രണത്തിനും മോണിറ്ററിങ്ങിനുമായി ഇത്തരം വണ്ടികളില്‍ സ്ഥാപിക്കേണ്ട സുരക്ഷാ ഉപകരണങ്ങള്‍ അവയില്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ടോ? പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവര്‍മാര്‍ മാത്രമേ ഇത്തരം വണ്ടികള്‍ ഓടിക്കാവൂ. അതുപോലെ തന്നെ പരിശോധിക്കേണ്ട മറ്റൊരു ഘടകമാണ്വണ്ടികളുടെ രൂപകല്‍പ്പനയിലും നിര്‍മാണത്തിലും എന്തെങ്കിലും പോരായ്മകള്‍ ഉണ്ടോ എന്നതും. നൂറുകണക്കിനുണ്ടാകുന്ന അപകടങ്ങള്‍വിധത്തില്‍ സംശയിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ടാങ്കുകളില്‍ ദ്രാവകം നിറച്ച വണ്ടി, വളവുകള്‍ തിരിയുമ്പോള്‍ അവ വശങ്ങളിലേയ്ക്ക് ആഞ്ഞടിച്ച് രൂക്ഷമായ മര്‍ദം പ്രയോഗിക്കാനുള്ള സാധ്യതയുണ്ട്. വളവുകളില്‍ വണ്ടി മറിയുന്നതിന് പലപ്പോഴും കാരണമാകുന്നത്സ്ലോഷിംഗ്മൂലമുണ്ടാകുന്നബലമാണ്.

ഇതിനൊക്കെ പുറമെയാണ് അശാസ്ത്രീയമായ റോഡുനിര്‍മാണവും വേണ്ട രീതിയില്‍ കേടുപാടു തീര്‍ക്കാത്ത റോഡുകളും. നാഷണല്‍ ഹൈവേയും അതിലെ പാലങ്ങളും വേണ്ടവിധം പരിപാലിക്കപ്പെടാതെ ഇരുഭാഗത്തും ജനവാസമേറിയ നിലവാരമില്ലാത്ത റോഡുകളിലൂടെ ടാങ്കര്‍ലോറികളെ കടത്തിവിടുന്ന പതിവും ഇന്നുണ്ട്. ഇതെല്ലാം അധികൃതരുടെ കുറ്റം തന്നെയാണ്. പൊതു ഗതാഗത സൗകര്യങ്ങളും പൊതു നിരത്തുകളും മെച്ചപ്പെടുത്തുന്നതിനേക്കാള്‍ അതിവേഗ പാതകളും സ്‌പെഷ്യല്‍ കോറിഡോറുകളും രൂപകല്‍പ്പന ചെയ്യുന്നതിലാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്നതും പ്രശ്‌നമാണ്. ഈവിധത്തിലുള്ള നാനാവിധ ഘടകങ്ങള്‍ പരിശോധിച്ച് ഇത്തരം അപകടങ്ങള്‍ ഇനിയുണ്ടാവില്ലെന്ന് ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഒരു വിദഗ്ധ സമിതിയെ അടിയന്തിരമായി നിയോഗിക്കണമെന്നും അതിന്റെ നിര്‍ദേശങ്ങള്‍ ഉടനടി നടപ്പാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

    പ്രസിഡന്റ്
കെ ടി രാധാകൃഷ്ണന്‍

Categories: Updates