അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും യുക്തിവാദിയും മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതിയുടെ സ്ഥാപക നേതാവും ആയ ഡോ. നരേന്ദ്ര ദാബോല്‍ക്കറിന്റെ കൊലപാതകം അത്യന്തം അപലപനീയവും ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ തീരാകളങ്കവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സം സ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ സാധാരണ മനുഷ്യര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും അന്ധവിശ്വാസങ്ങള്‍ക്കെതിരായും മന്ത്രവാദത്തിനും ആള്‍ദൈവങ്ങള്‍ക്കെതിരെയും ദിവ്യാത്ഭുതങ്ങള്‍ക്കെതിരെയും ശാസ്ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കുവാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങളിലേര്പ്പെട്ടുകൊണ്ടിരിക്കവെയാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നത്. ഒരിക്കലും മതത്തിനും ദൈവത്തിനും എതിരായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനം, മറിച്ച് മതവും ദൈവങ്ങളും ചൂഷണോപാധിയായി മാറുന്നത്തിനെതിരെയായിരുന്നു. പൗരന്മാരില് ശാസ്ത്രബോധവും മാനവികതയും സാമൂഹ്യ പരിഷ്കരണത്വരയും വളര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ ഭരണഘടന നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ ഇതിനകം അതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഡോ. നരേന്ദ്ര ദാബോല്‍ക്കറുടെ കൊലപാതകം. കൊലപാതകികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും, ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധമുയര്‍ത്തണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പരിഷത്തിന്റെ നേതൃത്വത്തില്‍ നാളെ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
Updates
എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു.
2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി Read more…