കേരള വനഗവേഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് എന്റമോളജി വകുപ്പ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി വി സജീവിനെതിരായി ക്വാറി ഉടമസ്ഥസംഘം ഉയര്‍ത്തുന്ന ഭീഷണി ശാസ്ത്ര ഗവേഷണത്തോടും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണ്. സജീവ്, കേരള വനഗവേഷണ കേന്ദ്രത്തിലെ സി ജെ അലക്സുമായി ചേര്‍ന്ന് 2017 ല്‍ പ്രസിദ്ധപ്പെടുത്തിയ‍ കരിങ്കല്‍ ക്വാറികളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഉരുള്‍ പൊട്ടലുകള്‍ക്ക് കരിങ്കല്‍ ഖനനവും കാരണമാണെന്ന് അഭിപ്രായപ്പെട്ടതിന് എതിരെയാണ് ക്വാറി ഉടമകള്‍ പ്രക്ഷോഭം നടത്തുന്നത്. പശ്ചിമഘട്ട മലനിരകള്‍ പരിസ്ഥിതിലോല മേഖലയാണെന്നും അവിടെ നടക്കുന്ന അനിയന്ത്രിത ഖനന പ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പൊതുവില്‍ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
ഡോ. ടി വി സജീവിന്റെ റിപ്പോര്‍ട്ടിലെ നിഗമനങ്ങളോട് വിയോജിപ്പുള്ളവരുണ്ടാകാം. അത് അവതരിപ്പിക്കുകയും ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയുമാണു വേണ്ടത്. അതിന് മുതിരാതെ ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഡോ. ടി വി സജീവിനെ നിശബ്ദനാക്കാനാണ് ക്വാറി ഉടമകള്‍ ശ്രമിക്കുന്നത്. സമൂഹത്തില്‍ ആള്‍ബലവും ധനബലവുമുള്ള മൂലധനശക്തികള്‍ സംഘടിത സമ്മര്‍ദ്ദങ്ങള്‍ സ്വീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയമായും സ്വതന്ത്രമായും നടത്തുന്നതിനുള്ള അക്കാദമിക സ്വാതന്ത്ര്യം അനിവാര്യമാണ്. ഡോ. സജീവിനെതിരെ ഭീ‍ഷണികള്‍ ഉയര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുംവിധത്തില്‍ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് മുഴുവന്‍ ബഹുജനപ്രസ്ഥാനങ്ങളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു

 

എ പി മുരളീധരന്‍
സംസ്ഥാന പ്രസിഡണ്ട്
കെ രാധന്‍
ജനറല്‍ സെക്രട്ടറി

Categories: Press Release