തെരുവുനായ്‌ക്കളെ വനത്തില്‍ വേലികെട്ടി പ്രത്യേക വാസസ്ഥാനങ്ങളില്‍ സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതായി മാധ്യമ വാര്‍ത്തകള്‍ പറയുന്നു. ജനവാസകേന്ദ്രങ്ങളിലെ തെരുവുനായവാസം എങ്ങനെ ഉണ്ടായിവന്നു എന്നോ പുറമെ നിന്നുള്ള ജീവികളെ വനത്തിനുള്ളില്‍ കൊണ്ടുപോയി പാര്‍പ്പിക്കുന്നതിന്റെ അപകടം എന്തെന്നോ പരിശോധിക്കാതെയുള്ള ഒന്നാണ്‌ ഈ പ്രഖ്യാപനം. മാത്രമല്ല കേരളത്തിലാകെയുള്ള തെരുവുനായ്‌ക്കളുടെ എണ്ണം കണക്കാക്കി എത്ര വനഭൂമി വേണ്ടിവരുമെന്ന്‌ ഇപ്പോഴറിയില്ല. ഇങ്ങനെ താമസിപ്പിക്കേണ്ടി വരുന്ന തെരുവുനായകൂട്ടത്തിന്‌ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം ലഭിക്കാനുള്ള സാദ്ധ്യത എന്തെന്നും വ്യക്തമല്ല. ഇപ്രകാരം സംരക്ഷിക്കുന്ന നായ്‌ക്കളെ മാംസഭുക്കുകളായ വലിയ മൃഗങ്ങള്‍ക്ക്‌ ഭക്ഷണമാക്കാം എന്ന ചിന്തയും ഉചിതമല്ല. സ്വാഭാവിക വനത്തിലെ ഭക്ഷ്യശൃംഖലയിലും ആവാസവ്യവസ്ഥയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാനേ അത്തരം തീരുമാനം ഉതകൂ.മാത്രവുമല്ല പേവിഷബാധ പോലെയുള്ള മാരകമായ പ്രത്യാഘാതങ്ങള്‍ വന്യജീവികളില്‍ പടര്‍ന്ന്‌ പിടിക്കാനും ഇത്‌ കാരണമാകും.
അതേ സമയം തെരുവുനായക്കൂട്ടങ്ങളുടെ അനിയന്ത്രിതമായ പെരുപ്പം ഒരു മനുഷ്യനിര്‍മ്മിത ദുരന്തമാണ്‌. ഗ്രാമങ്ങളിലും നഗരങ്ങളിലും നിറയുന്ന ജൈവമാലിന്യമാണ്‌ തെരുവുനായകളുടെ പ്രധാന ഭക്ഷണം. ആ നിലയ്‌ക്ക്‌ ജനവാസ കേന്ദ്രങ്ങളിലെ മാലിന്യ നിക്ഷേപം കുറച്ചുകൊണ്ടുവന്ന്‌ മാത്രമേ തെരുവുനായ പ്രശ്‌നത്തിന്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹാരം കാണാനാകൂ.കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ABC( Animal Birth Control )എന്ന പദ്ധതി ഇപ്പോള്‍ തന്നെ പഞ്ചായത്തുകള്‍ക്ക്‌ ലഭ്യമാണ്‌. ഇതിനുപുറമെ കുറെക്കൂടി മെച്ചപ്പെട്ടരീതിയില്‍ വന്ധീകരണം ശുപാര്‍ശ ചെയ്യുന്ന END (Early Neutering in Dogs) പദ്ധതിയും കേരളത്തില്‍ വെറ്ററിനറി സര്‍വ്വകലാശാല വികസിപ്പിച്ചെടുത്തതായി അറിയുന്നു. വന്ധീകരണം ഒഴിവാക്കികൊണ്ട്‌ സംരക്ഷിക്കുന്ന ലക്ഷ്യമാണോ പുതിയ തീരുമാനത്തില്‍ ഉള്ളത്‌ എന്ന്‌ വ്യക്തമല്ല. ഈ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കപ്പെടുന്നില്ലെന്ന്‌ മാത്രമല്ല മനുഷ്യനും ചുറ്റുപാടും തമ്മിലുള്ള ബന്ധത്തില്‍ നൈതികമായ ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്‌. തെരുവുനായക്കൂട്ടങ്ങള്‍ ഓരോ പ്രദേശത്തും സവിശേഷ വാസസങ്കേതങ്ങള്‍ ഒരുക്കുന്നവയാണ്‌. അവയെ അവിടെ നിന്ന്‌ പിടിച്ചുമാറ്റി ശുദ്ധിചെയ്യാനാവില്ല. അങ്ങനെ ചെയ്‌താല്‍ മറ്റു തെരുവുനായകള്‍ ആ സ്ഥാനത്തേക്ക്‌ വരും ഈ സാഹചര്യത്തില്‍ തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന്‌ പരിസര പ്രദേശങ്ങളിലെ മാലിന്യ നിക്ഷേപം കുറച്ചുകൊണ്ട്‌ വരിക, ശാസ്‌ത്രീയ മാലിന്യസംസ്‌കരണം നടപ്പിലാക്കുക, പേവിഷബാധ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുക തുടങ്ങിയ വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച്‌കൊണ്ടുള്ള ഒരു ദീര്‍ഘകാല പദ്ധതി രൂപപ്പെടുത്തുകയും വനത്തില്‍ തെരുവുനായ സങ്കേതം സൃഷ്‌ടിക്കാനുള്ള തീരുമാനം പിന്‍വലിക്കുകയും ചെയ്യണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു

Categories: Updates