പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ച് അടുത്ത കാലത്തായി പലതരത്തിലുള്ള ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി ഘടകങ്ങളുടെ സഹായത്തോടുകൂടി മാത്രമേ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ കഴിയൂ. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ട പഠനസമയം. പാഠ്യപദ്ധതി ഫലപ്രദമായി വിനിമയം ചെയ്യണമെങ്കില്‍ അതിനാവശ്യമായ പഠനസമയം ലഭിച്ചിരിക്കണം.
1 മുതല്‍ 5 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 200 ഉം. 6 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 220 ഉം. പ്രവൃത്തി ദിനങ്ങള്‍ ലഭിക്കണമെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍ പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനങ്ങള്‍ വര്‍ഷംതോറും കുറഞ്ഞുവരുന്ന അവസ്ഥയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഈ വര്‍ഷം നവംബര്‍ 30 വരെയുള്ള പൊതുവിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം 119 പ്രവൃത്തി ദിനങ്ങളാണ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളായ കായികമേള, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയമേള, കലോത്സവം തുടങ്ങിയവ നടത്തുന്നതിനായി വേണ്ടിവരുന്ന ദിവസങ്ങളും ടേം പരീക്ഷ നടക്കുന്ന ദിവസങ്ങളും ഹര്‍ത്താല്‍ ദിനങ്ങളും അധ്യാപകരുടെ ക്ലസ്റ്റര്‍ ശില്‍പ്പശാല നടക്കുന്ന ദിവസങ്ങളും ഉള്‍പ്പെടെ 110 പ്രവൃത്തി ദിനങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഡിസംബര്‍ മാസത്തില്‍ അധ്യാപകരെ ജനസംഖ്യാ കണക്കെടുപ്പ് ഡ്യൂട്ടിക്കായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വന്നിരിക്കുകയാണ്. പ്രസ്തുത ചുമതല നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി ഒരു എന്യൂമറേറ്റര്‍ക്ക് 7 ദിവസം പൂര്‍ണ്ണമായോ 1/2 ദിവസത്തെ അവധി എന്ന രീതിയില്‍ 14 ദിവസമോ ഡ്യൂട്ടി ലീവ് എടുക്കാവുന്നതാണ്. 2 ബ്ലോക്കുകളില്‍ ഡ്യൂട്ടി ലഭിച്ചിട്ടുള്ളവര്‍ക്ക് 14 ദിവസത്തെ ഡ്യൂട്ടി ലീവ് എടുക്കാം. ഡിസംബര്‍ 10-ാം തീയതി അര്‍ദ്ധവാര്‍ഷിക പരീക്ഷ തുടങ്ങിയിരിക്കുകയാണ്. പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാതെയും പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സമയം ലഭിക്കാതേയും പരീക്ഷയെ അഭിമുഖീകരിക്കേണ്ടിവരുന്ന കുട്ടികളുടെ പഠനനിലവാരം ഏത് അളവുകോല്‍ വച്ചാണ് അളക്കുവാന്‍ കഴിയുക.
10 കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന സെന്‍സസ് ഡ്യൂട്ടിക്കും പ്രകൃതിദുരന്തത്തിന്റെ ഭാഗമായുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കും മാത്രമേ അധ്യാപകരെ നിയമിക്കാന്‍ പാടുള്ളൂവെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് അര്‍ഹമായ പ്രവൃത്തി ദിനങ്ങള്‍ ഉറപ്പുവരുത്തി പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് അധ്യാപകരെ ജനസംഖ്യാ കണക്കെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

ഡോ.കെ.പി. അരവിന്ദന്‍
പ്രസിഡണ്ട്
പി. മുരളീധരന്‍
ജനറല്‍ സെക്രട്ടറി

Categories: Updates