ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വാര്‍ഷികവുമായി ബന്ധപ്പെട്ട്‌ മെയ്‌ 10 ന്‌ നടക്കുന്ന ദേശീയ ശാസ്‌ത്ര സമ്മേളനത്തില്‍ രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍കേന്ദ്ര പരിസ്ഥിതി വകുപ്പ്‌ മന്ത്രി ജയ്‌റാം രമേഷ്. സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, അഖഖിലേന്ത്യാ ജനകീയ ശാസ്‌ത്ര പ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഡി. രഘുനന്ദന്‍, തുടങ്ങിയവര്‍ ശാസ്‌ത്ര സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമകാലിക ഇന്ത്യയും ശാസ്‌ത്രപാരമ്പര്യവുമെന്ന വിഷയത്തില്‍ ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. ആര്‍.വി. ജി. മേനോന്‍, ഡോ. കെ.എന്‍. ഗണേഷ്‌, ഡോ. എം. പി. പരമേശ്വരന്‍ തുടങ്ങിയവര്‍ വിവിധ അവതരണങ്ങള്‍ നടത്തും.
ശാസ്‌ത്ര – സാങ്കേതിക വിദ്യയുടെ വികാസ പരിണാമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്‌, പുരാണങ്ങളിലും മിത്തുകളിലും പ്രതിപാദിക്കുന്ന കഥകളാണ്‌ ഇന്ത്യയുടെ ശാസ്‌ത്രപാരമ്പര്യം എന്ന പ്രചരണം രാജ്യവ്യാപകമായി നടക്കുകയാണ്‌. ഇത്തരം അടിസ്ഥാന രഹിതമായ പ്രചരണങ്ങളുടെ വേദിയാക്കി ദേശീയ ശാസ്‌ത്രകോണ്‍ഗ്രസ്സിനെ മാറ്റുവാന്‍ പോലും ഇക്കൂട്ടര്‍ ശ്രമിച്ചു. അക്കാദമിക്‌ യോഗ്യതകളോ, പുരോഗമനകാഴ്‌ചപ്പാടോ കണക്കിലെടുക്കാതെ രാജ്യത്തെ ഉന്നത ശാസ്‌ത്ര – സാങ്കേതിക സ്ഥാപനങ്ങളുടെ തലപ്പത്തെല്ലാം രാഷ്‌ട്രീയ നിയമനങ്ങള്‍ നടത്തുന്നതും വ്യാപകമായിരിക്കുന്നു. ഇന്ത്യയുടെ മതേതര – ജനാധിപത്യ മൂല്യങ്ങള്‍ക്ക്‌ പകരം തീവ്രഹിന്ദുത്വത്തിന്റെയും വര്‍ഗ്ഗീയതയുടെയും ആശയങ്ങള്‍ കുത്തിനിറയ്‌കുന്നു. ജനങ്ങളില്‍ ശാസ്‌ത്രബോധം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയും രാജ്യത്തെ ശാസ്‌ത്ര – സാങ്കേതിക മേഖലയുടെ പുരോഗതിക്ക്‌ വിഘാതമാകുന്നതുമാണ്‌ ഇവയെല്ലാം. ഇതിനെതിരായുള്ള ശാസ്‌ത്ര സമൂഹത്തിന്റെ പ്രതികരണമായാണ്‌ അഖിലേന്ത്യാ ശാസ്‌ത്ര സമ്മേളനം നടത്തുന്നത്‌. രാജ്യത്തെ വിവിധ ശാസ്‌ത്ര – സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്കൊപ്പം ബഹുജനങ്ങള്‍ക്കും ശാസ്‌ത്രസമ്മേളനത്തില്‍ പ്രവേശനമുണ്ടാകും.

പി.വി. ജോസഫ്‌

ജനറല്‍ കണ്‍വീനര്‍,
സ്വാഗതസംഘം
9846012841

Categories: Updates