സംസ്ഥാന പദായത്ര ഉത്ഘാടനം

ഏറെ പുകഴ്ത്തപ്പെട്ട കേരളവികസന മാതൃകയുടെ പൊതു പന്ഥാവില്‍ നിന്ന് കേരളം വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. കേരള വികസനമാതൃകയാകട്ടെ ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയാലും കൂട്ടായ്മയുടെ ശക്തിയാലും നയിക്കപ്പെട്ട ഒന്നായിരുന്നു.ജാതി മത വിഭജനങ്ങള്‍ക്കുമപ്പുറം എല്ലാ മനുഷ്യര്‍ക്കും ഒത്തുചേരുവാനുള്ള പൊതു ഇടവും അത് സൃഷ്ടിച്ചിരുന്നു. ഈ രംഗവേദിയിലേക്ക് ആര്‍ത്തലച്ചു വന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ സാമ്പത്തികമായി മാത്രമല്ല; സാംസ്‌കാരികമായും രാഷ്ട്രീയമായും കേരളവികസനത്തെ ഉലച്ചു കളയുകയുണ്ടായി.

ഇംഗ്ലീഷ് മീഡിയം വിദ്യാലയം മുതല്‍ ഷോപ്പിംഗ് മാളുവരെയുള്ള ലാഭാധിഷ്ഠിത വികസന സങ്കേതങ്ങള്‍ കേരളത്തില്‍ സര്‍വ്വാധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. പരിസ്ഥിതിത്തകര്‍ച്ച, മലിനീകരണം. തൊഴില്‍, സുരക്ഷയില്ലായ്മ, സാംസ്‌കാരിക പ്രശ്‌നങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍, അഴിമതി, കവര്‍ച്ചകള്‍, മദ്യാസക്തി, ഉപഭോഗപരത എന്നിവയെല്ലാമാണ് ഇതിന്റെ ഫലങ്ങള്‍. ഈ കേരളം മാറണം മറ്റൊരു കേരളം വേണം മാറ്റത്തിനായുള്ള എല്ലാവഴികളും അടഞ്ഞ് പോയിട്ടില്ല.

അധികാര വികേന്ദ്രീകരണത്തെ വികേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയിലേക്ക് വളര്‍ത്തിക്കൊണ്ട്,ലഭ്യമായ ഓരോ ഇഞ്ച് ഭൂമിയേയും കൃഷിയോഗ്യമാക്കിക്കൊണ്ടും, ശാസ്ത്രീയമായ മണ്ണ് ജല പരിപാലനത്തിലൂടെയും, മാലിന്യസംസ്‌കരണത്തിലൂടെയും സാംസ്‌കാരിക കൂട്ടായ്മകളിലൂടെയും ആരോഗ്യകരമായ സ്ത്രീപുരുഷബന്ധത്തിലൂടെയും യുക്തിബോധവും ശാസ്ത്രബോധവും വളര്‍ത്തുന്നതിലൂടെയും സര്‍വ്വോപരി മാനുഷ്യാദ്ധ്വാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടും ഒരു പുതിയ കേരള സൃഷ്ടിക്കുള്ള പുതുവഴികള്‍ തുറക്കാവുന്നതാണ്.
ഒരു ചെറു സംഘം ആളുകള്‍ക്ക് മാത്രമായി ചെയ്യാവുന്ന ഒന്നല്ല ഇത്. 
മാറ്റം സാദ്ധ്യമാണ് എന്ന പൊതു ബോധം കേരളത്തില്‍ പാകിവളര്‍ത്തുകയെന്നതാണ് ഇതിന്റെ ആദ്യപടി. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വേണം മറ്റൊരു കേരളം എന്ന കാമ്പെയ്ന്‍ പരിഷത്ത് ആരംഭിച്ചിരിക്കുന്നത്.

വലിയ കാമ്പെയ്‌നിന്റെയും ആശയ രൂപവല്‍ക്കരണത്തിന്റെയും പ്രയാണത്തിനായി സംസ്ഥാനമെട്ടാകെ രണ്ട് കാല്‍നടജാഥകള്‍ രക്തസാക്ഷി ദിനമായ ജനുവരി 30ന് ആലുവായില്‍ സംഗമിച്ച് സമാപിക്കും. ജാഥയുടെ പ്രയാണത്തിനും മറ്റ് പ്രചാരണപരിപാടികള്‍ക്കും താങ്കളുടെ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കാഞ്ഞങ്ങാടു നിന്നും വെങ്ങാനൂരില്‍ നിന്നും ആരംഭിക്കുന്ന ജാഥകളുടെ ഉത്ഘാടന വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഒപ്പം വിശദായ നോട്ടീസ്, പി.ഡി.എഫ് ആയി അറ്റാച്ച് ചെയ്തിരിക്കുന്നതും കാണുമല്ലോ

ആദരവോടെ,

കെ.ടി. രാധാകൃഷ്ണന്‍                     ടി. പി. ശ്രീശങ്കര്‍
പ്രസിഡന്റ്                                ജനറല്‍ സെക്രട്ടറി

                    കേരള ശാസ്ത്രസാഹിത്യ  പരിഷത്ത്

Categories: Updates