പരിസ്ഥിതിലോല പ്രദേശങ്ങളെ ഹര്‍ത്താല്‍ നടത്തിയല്ല തീരുമാനിക്കേണ്ടത്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഹൈറേഞ്ച് സംരക്ഷണസമിതി തിങ്കളാഴ്ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലാ ഹര്‍ത്താലോടു കൂടി പശ്ചിമഘട്ടമേഖല വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്. കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളസര്‍ക്കാര്‍ പരിസ്ഥിതിലോല പ്രദേശങ്ങളെ നിര്‍ണ്ണയിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടിനെച്ചൊല്ലിയാണ് ഇക്കുറി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രസ്തുത റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ പ്രസിദ്ധപ്പെടുത്തുകയോ അതിന്മേല്‍ വേണ്ടത്ര ജനകീയചര്‍ച്ചകള്‍ നടക്കുകയോ ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് സാമാന്യജനത്തിന് ഒരു തീരുമാനമെടുക്കാന്‍ കഴിയും വിധത്തിലുള്ള അറിവുകളും ലഭിച്ചിട്ടില്ല. അതിന് കഴിയുംവിധം ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പ്രാദേശികമായി ചര്‍ച്ചചെയ്യാന്‍ അവസരമുണ്ടാക്കണം. എന്നാല്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ ഏതൊക്കെ എന്ന തീരുമാനം എടുക്കേണ്ടത്, അക്കാര്യത്തില്‍ അക്കാദമിക വൈദഗ്ധ്യം ഉള്ളവരായിരിക്കണം എന്ന കാര്യത്തില്‍ കേരളത്തില്‍ രണ്ടുപക്ഷമുണ്ടാവാനിടയില്ല. അത് പരിസ്ഥിതി ശാസ്ത്രജ്ഞരുടേയും ഈ വിഷയത്തില്‍ വൈദഗ്ധ്യമുള്ള സാമൂഹ്യപ്രവര്‍ത്തകരുടേയും സമിതിയായിരിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. എന്നാല്‍ ഇവിടെ മാധവ്ഗാഡ്ഗില്‍ അധ്യക്ഷനായ വിദഗ്ധസമിതിയുടെ ശുപാര്‍ശകളെ അട്ടിമറിച്ചുകൊണ്ട് നിയുക്തരായ കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളെത്തുടര്‍ന്നാണ് ഇപ്പോള്‍ പരാമര്‍ശിക്കപ്പെട്ട പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് ഉണ്ടായിട്ടുള്ളത്. വന്‍കിട ഭൂവുടമകള്‍ക്കും തോട്ടം ലോബിക്കും വേണ്ടി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ വെള്ളം ചേര്‍ക്കുകയായിരുന്നു കസ്തൂരിരംഗന്‍സമിതി ചെയ്തതെന്ന ആക്ഷേപം ശക്തമായി നിലനില്കുന്നുണ്ട്. അതില്‍തന്നെ വീണ്ടും ചില ഇളവുകള്‍ നല്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായി. അങ്ങനെ പലതവണ വെള്ളംചേര്‍ത്ത് പല്ലുകൊഴിഞ്ഞ ഒന്നായി ഇപ്പോഴത്തെ പരിസ്ഥിതിലോല പ്രദേശപ്രഖ്യാപനം മാറിയിട്ടുണ്ടെന്നതാണ് സത്യം. ഈ നിലയില്‍പോലും ആ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കുകയില്ലെന്നാണ് ഇപ്പോഴത്തെ ഹര്‍ത്താല്‍ പ്രഖ്യാപനത്തിലൂടെ ഹൈറേഞ്ച് സംരക്ഷണസമിതി ഭീഷണിപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഈ പ്രശ്‌നം ഏതെങ്കിലും സമ്മര്‍ദ്ദഗ്രൂപ്പ് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി തീരുമാനമെടുക്കേണ്ട ഒന്നല്ല. പകരം ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ട ഒന്നാണ്. ശാസ്ത്രീയപഠനത്തിന് പകരമാവില്ല ഹര്‍ത്താലിലൂടെ ഉയരുന്ന സമ്മര്‍ദ്ദം. പശ്ചിമഘട്ട മേഖലയില്‍ ഇപ്പോഴും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന വന്‍കിട തോട്ടമുടമകള്‍ എല്ലാ നിയമങ്ങളേയും വെല്ലുവിളിച്ച് വിലസുകയാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ഈയിടെ പെരുവന്താനത്തെ ട്രാവന്‍കൂര്‍ റബ്ബേഴ്‌സ് ആന്റ് ടീ എസ്‌റ്റേറ്റില്‍ ഉണ്ടായ സംഘര്‍ഷത്തിലൂടെ പ്രസ്തുത എസ്‌റ്റേറ്റ് ഉടമകള്‍ കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമിയുടെ കണക്ക് പുറത്തുവന്നതാണ്. മറ്റനേകം തോട്ടങ്ങള്‍ സമാനമായ അവസ്ഥയിലാണെന്ന് ഇടുക്കിയിലെ സാമാന്യ ജനം വിശ്വസിക്കുന്നു. സത്യത്തില്‍ ഇത്തരം വന്‍കിട കയ്യേറ്റക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഗാഡ്ഗില്‍ സമിതിയെ പടിക്കുപുറത്ത് നിര്‍ത്തിയത്. പെരുവന്താനത്ത് ജനങ്ങള്‍ക്കൊപ്പം നില്കാനും പരിസ്ഥിതിസംരക്ഷണത്തിനും സുസ്ഥിരവികസനത്തിനും വേണ്ടി പ്രമേയങ്ങള്‍ അംഗീകരിക്കുകയും ചെയ്തിട്ടുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍പോലും പഴയ ഗാഡ്ഗില്‍ വിരോധം ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ലെന്നത് ഖേദകരമാണ്. ആയതിനാല്‍ ശാസ്ത്രീയ വൈദഗ്ധ്യമുള്ളവര്‍ തീരുമാനമെടുക്കേണ്ട വിഷയത്തില്‍ ഹര്‍ത്താല്‍പോലെയുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉയര്‍ത്തി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കരുതെന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരോടും അതിന് പിന്തുണ പ്രഖ്യാപിച്ചവരോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

ഡോ. കെ.പി. അരവിന്ദന്‍
പ്രസിഡന്റ്
പി.മുരളീധരന്‍
ജനറല്‍സെക്രട്ടറി

Categories: Updates