പരീക്ഷകളുടെ എണ്ണം കൂട്ടിയാല്‍ നിലവാരം വര്‍ദ്ധിക്കില്ല

വിദ്യാഭ്യാസരംഗത്ത് യാന്ത്രികമായ മൂല്യനിര്‍ണയ പരിഷ്‌കാരങ്ങള്‍ക്ക് അണിയറയില്‍ നീക്കം നടക്കുന്നതായി അറിയുന്നു. നിരന്തരമൂല്യനിര്‍ണയം പരിമിതപ്പെടുത്താനും പരീക്ഷകളുടെയും പേപ്പറുകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ തുനിയുന്നതെന്നാണ് അറിയുന്നത്. പഠനത്തോടൊപ്പം നിരന്തരമായി നടക്കേണ്ട പ്രക്രിയയാണ് മൂല്യനിര്‍ണയം. അത് ജയം, തോല്‍വി എന്നിവ അളക്കാനുള്ള മാനദണ്ഡമല്ല; പഠനപോരായ്മ കണ്ടെത്തി പരിഹരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും കുട്ടികളെ നിശ്ചിത നിലവാരത്തിലെത്തിക്കാനുമുള്ള പഠനപ്രക്രിയ തന്നെയാണ.് പഠനത്തില്‍ നിന്ന് ബാഹ്യമായ ഒന്നല്ല നിരന്തരമൂല്യനിര്‍ണയം. വിദ്യാഭ്യാസനിലവാരം ഉയര്‍ത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിരന്തരമൂല്യനിര്‍ണയം ചിട്ടയായും കാര്യക്ഷമമായും നടക്കുന്നു എന്നുറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പഠനപ്രക്രിയകളെത്തന്നെ അപ്രസക്തമാക്കുകയും യാന്ത്രികമായ പഠന-പരീക്ഷാ രീതികള്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്നത് കുട്ടികളുടെ അവകാശങ്ങള്‍ക്കും ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിനും അതുവഴി ഭരണഘടനയ്ക്കുതന്നെയും എതിരാണ്. സമീപകാലത്ത് പരീക്ഷകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിന്റെ ഫലം എന്താണ്? യാന്ത്രികമായ പിരീഡു വര്‍ദ്ധന ഗുണമാണോ ചെയ്തത്, ഇതൊന്നും പഠിക്കാതെ നിലവാരം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ തലതിരിഞ്ഞ പരീക്ഷാപരിഷ്‌കാരങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകം അംഗീകരിച്ച വിദ്യാഭ്യാസതത്വങ്ങള്‍ക്കും സമീപനങ്ങള്‍ക്കും നിലവിലുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും നേര്‍ വിപരീതമാണിത്. പഠനപ്രക്രിയ മെച്ചപ്പെടുത്താനുള്ള മുന്‍കൈ സൃഷ്ടിക്കാനും പാഠപുസ്തകങ്ങളടക്കമുള്ള സൗകര്യങ്ങള്‍ യഥാസമയം ലഭ്യമാക്കാനും പഠനപ്രകിയകളുടെ മോണിറ്ററിങ്ങും സഹായങ്ങളും പരിശീലനപരിപാടികളും ഫലവത്താക്കാനും ശ്രമിക്കാതെ ജാതിമത ശക്തികളെ പ്രീണിപ്പിക്കാനായി അവധികള്‍ വര്‍ദ്ധിപ്പിച്ചും തലതിരിഞ്ഞ പരീക്ഷാപരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പിച്ചും വിദ്യാഭ്യാസത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതിനെതിരെ പ്രതികരിക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും രംഗത്തു വരണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

ഡോ.കെ.പി. അരവിന്ദന്‍ പി. മുരളീധരന്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി

Categories: Updates