പശ്ചിമഘട്ട വികസനവുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നിരുന്നാലും കമ്മറ്റിയുടെ ശുപാര്‍ശകളെ അധികരിച്ച് സജീവമായ ചര്‍ച്ചകള്‍ വിവിധതലങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ട്. മുഖ്യമായും ആറ് കാര്യങ്ങളെയാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. (1) പശ്ചിമഘട്ടം സംബന്ധിച്ച വിവരങ്ങളുടെ ക്രോഡീകരണം (2) പരിസ്ഥിതിവിലോല പ്രദേശങ്ങളെ തരംതിരിച്ചറിയല്‍ (3) തിരിച്ചറിഞ്ഞ പ്രദേശങ്ങളുടെ തരംതിരിച്ചുള്ള പരിരക്ഷണം (4) പശ്ചിമഘട്ടനിവാസികളുടെ ജീവിതസുരക്ഷ (5) പശ്ചിമഘട്ട വികസനം പങ്കാളിത്ത ശൈലിയില്‍ ആക്കല്‍ (6) മേല്‍നോട്ട ചുമതല നിര്‍വഹിക്കാന്‍ പശ്ചിമഘട്ട അതോറിറ്റിയുടെ രൂപീകരണം, എന്നിവയാണ് അവ. അതിരുവിട്ട വിഭവവിനിയോഗംനടത്തി നേട്ടമുണ്ടാക്കുന്ന ഒരുന്യൂനപക്ഷം ഗാഡ്ഗില്‍ കമ്മറ്റി മുന്നോട്ടുവയ്ക്കുന്ന പല ശുപാര്‍ശകളും തള്ളിക്കളയണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ പരിരക്ഷണത്തിലൂടെ ദീര്‍ഘകാല വികസനം സാധ്യമാക്കുക എന്ന റിപ്പോര്‍ട്ടിന്റെ മൗലികസമീപനം മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഗുണകരമാണുതാനും. ആയതിനാല്‍ ശുപാര്‍ശകളുടെ അന്ത:സത്ത ചോര്‍ത്തിക്കളയാതെ അവ ജനക്ഷേമപരമായും, സ്ഥലകാല പ്രസക്തിയോടെയും, വികസനോന്മുഖമായും എങ്ങനെ പ്രയോഗത്തിലാക്കാം എന്നതിനാണ് പ്രസക്തി. പശ്ചിമഘട്ടത്തിലെ പ്രകൃതിവിഭവങ്ങളെ ദീര്‍ഘകാലാടി സ്ഥാനത്തില്‍ പരിരക്ഷിക്കുകയും, ശാസ്ത്രീയമായി അവയെ വിനിയോഗിക്കുകയും ചെയ്യുന്നതിനുള്ള പ്രായോഗികനടപടികളാണ് ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശകളില്‍ നിന്ന് ഉരുത്തിരിച്ചെടുക്കേണ്ടത്. ഇത്തരം ശ്രമങ്ങള്‍ക്ക് പിന്‍ബലമേകാന്‍ പശ്ചിമ ഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ മലയാളപരിഭാഷ ഏറെ പ്രയോജന പ്പെടുമെന്നാണ് ശാസ്ത്രസാഹിത്യപരിഷത്ത് വിശ്വസിക്കുന്നത്.
മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് പ്രചോദനം നല്‍കിയ പ്രൊഫ. മാധവ് ഗാഡ്ഗില്‍, ഡോ. പി.എസ്. വിജയന്‍ എന്നിവരോടും പരിഭാഷ നിര്‍വ്വഹിച്ച ശ്രീ. ഹരിദാസന്‍ ഉണ്ണിത്താന്‍, ശ്രീ. അജിത്ത് വെണ്ണിയൂര്‍, ഡോ. സി.എസ്. ഗോപകുമാര്‍ എന്നിവരോടും പരിഷത്തിന്റെ നന്ദി രേഖപ്പെടുത്തുന്നു.

Categories: Updates