ഹയര്‍സെക്കണ്ടറി പ്രവേശനത്തിലെ അശാസ്ത്രീയമായ നിലപാടുകള്‍, വ്യാപകമായി സി.ബി.എസ്.ഇ. സ്കൂളുകള്‍ക്ക് എന്‍.ഒ.സി. നല്കല്, പൊതു വിദ്യാലയങ്ങളിലെ സമാന്തര ഇംഗ്ലീഷ്മീഡിയം ക്ലാസുകള്‍ ആരംഭിക്കാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തല്‍ തുടങ്ങി സമീപകാലത്ത് സര്‍ക്കാര്‍ കൈക്കൊണ്ട തലതിരിഞ്ഞ വിദ്യാഭ്യാസ നയങ്ങള്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ കടുത്ത പ്രതിസന്ധിയിലേയ്ക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേയ്ക്കുമാണ് നയിക്കുന്നത്.
2012 ലെ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ ക്ലാസ്സുകള്‍ ജൂണ്‍ മാസത്തിലെങ്കിലും ആരംഭിക്കുവാനുള്ള സാധ്യതകള്‍ കുറഞ്ഞുവരികയാണ്. ഏകജാലക പ്രവേശന പ്രക്രിയ ഇനിയും പൂര്‍ത്തിയായിട്ടില്ല. സി.ബി.എസ്.ഇ. പത്താംതരം പരീക്ഷ ഓപ്ഷണലാണെന്നും കേരള സിലബസിലെ പൊതു പരീക്ഷ എഴുതി വരുന്ന കുട്ടികളുടെ പ്രവേശനത്തെ ഇത് ബാധിക്കുമെന്നും അറിഞ്ഞിട്ടും അതിനനുസരിച്ച് ക്രമീകരണങ്ങള്‍ പ്രവേശന നടപടികളില്‍ വരുത്തുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. ഇതിന്റെ ഭാഗമായി സി.ബി.എസ്.ഇ മാനേജ്മെന്റുകള്‍ ആഭ്യന്തര പരീക്ഷയിലൂടെ മാത്രം നല്കിയ മാര്ക്കുമായെത്തിയ കുട്ടികള്‍ക്ക് ഉയര്‍ന്ന പരിഗണന ലഭിക്കുകയും പൊതു പരീക്ഷ എഴുതി മികച്ച ഗ്രേഡുമായെത്തിയ കേരള സിലബസുകാര്‍ പിന്തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.
ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 26നു പ്രഖ്യാപിച്ചിട്ടും പ്രവേശന പ്രക്രിയ ആരംഭിക്കുവാന്‍ നീണ്ട ഇടവേള സൃഷ്ടിച്ചത് സി.ബി.എസ്.ഇ മാനേജ്മെന്റ് താല്‍പ്പര്യങ്ങളെ ഉദ്ദേശിച്ചായിരുന്നുവെന്നു വ്യക്തമായിരിക്കയാണ്. ഹയര്‍സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകരില്‍ 90% ത്തിലധികവും കേരള സിലബസുകാരാണ്. 6-8% ക്കാര് മാത്രമേ സി.ബി.എസ്.ഇ ക്കാരുള്ളൂ. സി.ബി.എസ്.ഇ.ക്കാര്ക്കുവേണ്ടി ബഹുഭൂരിപക്ഷം വരുന്ന കേരള സിലബസുകാരുടെ പഠനദിനങ്ങള്‍ നഷ്ടപ്പെടുത്തുന്നത് അപലപനീയമാണ്. മുന്‍കാലങ്ങളില്‍ ചെയ്തപോലെ ആദ്യം പരീക്ഷാഫലം വന്ന കുട്ടികളുടെ പ്രവേശനം ആദ്യം നടത്തുകയും മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സപ്ലിമെന്ററി പ്രവേശനത്തിലൂടെ സി.ബി.എസ്.ഇ ക്കാര്‍ക്ക് അവസരം നല്‍കുകയുമായിരുന്നു വേണ്ടിയിരുന്നത്. അതു ചെയ്യാതിരുന്നത് വിദ്യാഭ്യാസ വാണിജ്യശക്തികള്ക്കും ജാതിമത വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും ബോധപൂര്‍വം നല്കിയ സഹായമായേ കാണാന്‍ കഴിയൂ.
അപേക്ഷിച്ചവര്‍ക്കൊക്കെ സി.ബി.എസ്.ഇ സ്കൂളുകള്‍ എന്ന നിലപാടാണ് കേരള സര്‍ക്കാരിനുള്ളതെന്നാണ് ഓരോ ആഴ്ചയിലും പുറത്തുവരുന്ന ഉത്തരവുകള്‍ വ്യക്തമാക്കുന്നത്. സ്കൂളുകള്‍ ആരംഭിക്കുന്നതിനു കെ.ഇ.ആര് വ്യവസ്ഥകളും കീഴ്വഴക്കങ്ങളുമുണ്ട്. ഇവയൊന്നും പാലിക്കാതെയും വിദ്യാഭ്യാസ അവകാശനിയമത്തിന്റെ സത്തയ്ക്ക് വിരുദ്ധമായുമാണ് കച്ചവട സാമുദായിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വ്യാപകമായി സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍.ഒ.സി. നല്കിക്കൊണ്ടിരിക്കുന്നത്. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുവാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് ഈ നടപടിയിലൂടെ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
ഇതോടൊപ്പം തന്നെ പൊതു വിദ്യാലയങ്ങളിലെ സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി മലയാള ഭാഷയെ അവഗണിക്കുന്ന സമീപനം ശക്തിപ്പെടുത്തുന്ന ഉത്തരവുകളും വന്നുകഴിഞ്ഞു. സര്‍ക്കാര്‍ എയ്ഡഡ് അണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ രണ്ടു മലയാളം മീഡിയം ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷന് ആരംഭിക്കുവാന്‍ നാളിതുവരെ സാധിച്ചിരുന്നുള്ളൂ. 2012 മെയ് 22ന് ഇറങ്ങിയ ഉത്തവു പ്രകാരം ഒരു മലയാളം മീഡിയം ഡിവിഷന് മാത്രമേ ഉള്ളൂവെങ്കിലും സമാന്തര ഇംഗ്ലീഷ്മീഡിയം ഡിവിഷനുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുവാദം നല്കിയിരിക്കുന്നു. ഒരു ഭാഗത്ത് മലയാളം ക്ലാസിക്കല്‍ ഭാഷയാക്കുക, ഒന്നാം ഭാഷ മലയാളമാക്കുക, കേന്ദ്ര സിലബസുള്ള സ്കൂളുകളിലടക്കം മലയാളം നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രഖ്യാപനങ്ങളും ഉയര്‍ത്തുകയും മറുഭാഗത്ത് നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ നിന്നു പോലും മാതൃഭാഷയെ നിഷ്ക്കാസനം ചെയ്യാനുള്ള ഗൂഢശ്രമങ്ങളും മറനീക്കി പുറത്തുവന്നിരിക്കുന്നു.
ലോകമാകെ അംഗീകരിച്ച വിദ്യാഭ്യാസ തത്ത്വങ്ങള്‍ക്കും നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ അവകാശനിയമത്തിനും കടകവിരുദ്ധമായ ഈ നടപടിയെ മലയാള ഭാഷയെ സ്നേഹിക്കുന്ന മുഴുവന്‍ പേരും ചെറുത്തു തേല്പ്പിച്ചേ പറ്റൂ.
ഇത്തരത്തില്‍ നമ്മുടെ പൊതുവിദ്യാഭ്യാസത്തെ തകര്‍ത്തുകൊണ്ട്, കേരളം ഇതുവരെ നേടിയെടുത്ത സാംസ്കാരികവും സാമൂഹ്യവുമായ ഔന്നത്യത്തെ പിറകോട്ടടിപ്പിക്കുന്ന കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ വിദ്യാഭ്യാസ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.
കെ.ടി. രാധാകൃഷ്ണന്
പ്രസിഡണ്ട്, സംസ്ഥാനകമ്മിറ്റി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്