കൈകഴുകലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പൊതുവിദ്യാലയങ്ങളില്‍ ഹിന്ദുസ്ഥാന്‍ ലിവറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലൈഫ്ബോയ് സോപ്പിന്റെയും ഹാന്‍ഡ്വാഷിന്റെയും പ്രചരണ-വിപണന പരിപാടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി. കേരള ശുചിത്വമിഷന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും സംയുക്തത്തില്‍ ‘തെളിമ’ എന്ന ശുചിത്വ-ആരോഗ്യ വിദ്യാഭ്യാസ പരിപാടി വിദ്യാലയങ്ങളില്‍ നടക്കുന്നതിനിടയിലാണ് ‘ദി സ്കൂള്‍ ഫൈവ്’ എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ലിവറിന്റെ വിപണനപരിപാടികള്‍ അരങ്ങേറുന്നത്. 21 ദിവസം ക്ളാസ് സമയത്താണ് വിദ്യാലയങ്ങളില്‍ ഈ പരിപാടി നടക്കുന്നത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹിന്ദുസ്ഥാന്‍ ലിവര്‍ പോലുള്ള കമ്പനികളുടെ വിപണനശൃംഖലയുടെ ഭാഗമാക്കുന്നത് വിദ്യാലയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സാമൂഹിക ധര്‍മത്തിനും മൂല്യബോധത്തിനും എതിരാണ്. ആയതിനാല്‍ ഈ പരിപാടി അടിയന്തിരമായി നിര്‍ത്തുന്നതിന് വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

Categories: Updates