കുടുംബത്തൊഴിലിനെയും വിനോദവ്യവസായത്തെയും ബാലവേലയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്രഗവണ്മെന്റ് കൊണ്ടുവരുന്ന നിയമഭേദഗതി പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

14 വയസ്സ് വരെയുള്ള എല്ലാ കുട്ടികളെയും ബാലവേലയില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം ലോകമാസകലമുള്ള തൊഴിലെടുക്കുന്ന ജനത സുദീര്‍ഘമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ഇന്ത്യന്‍ ഭരണഘടനയിലും 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിലും 2012ലെ ബാലവേലനിരോധന നിയമത്തിലുംഅവകാശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനെ പുറകോട്ടടിപ്പിക്കാനും കുട്ടികളെ ക്കൊണ്ട് കൂലിപ്പണി എടുപ്പിച്ചിരുന്ന ഇരുണ്ടയുഗങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകാനുമുള്ള കുത്സിത ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ബാലവേല എന്നാല്‍ എന്താണെന്നത് കൃത്യമായി നിര്‍വചിക്കാതെ അതിനെ സംരംഭകത്വവും സൃഷ്ടിപരതയും മറ്റുമായി കൂട്ടിക്കുഴച്ച് ജനങ്ങളുടെ കണ്ണില്‍  പൊടിയിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബാലാവകാശ കമ്മിഷനുകളുടെ ശുപാര്‍ശകള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ട് എന്നോ ഇല്ലെങ്കില്‍ എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ്ഭേദഗതി കൊണ്ടുവരുന്നത് എന്നോ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

ബാലവേലയെ കൂലിവേലയായിത്തന്നെയാണ് എല്ലാ കാലത്തും നിര്‍വചിച്ചുപോന്നിട്ടുള്ളത്.  ബാലവേല നടന്നിരുന്ന തൊഴിലിടങ്ങള്‍ ഫാക്ടറികള്‍ മാത്രമായിരുന്നില്ല. ഭൂരിപക്ഷം കുട്ടികളും ഒരു കാലത്ത്  വീടുകളിലെ പണിശാലകളിലോ കൃഷിയിടങ്ങളിലോ സ്വന്തം കുടുംബാംഗങ്ങളോടൊപ്പം  തന്നെയാണ് പണിയെടുത്തിരുന്നത്.  അത് സ്വന്തം ഭൂമിയില്‍ ആയിരുന്നില്ല. അതിനു  അവര്‍ക്ക് കൂലിയും ലഭിച്ചിരുന്നു. സര്‍ക്കസ്സിലും ഉത്സവപ്പറമ്പിലുമൊക്കെ കുട്ടികളെ ധാരാളമായി വിനോദപ്രകടനങ്ങള്‍ക്ക്   ഉപയോഗിച്ചിരുന്നു. ഇന്ന് നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന കുടുംബത്തൊഴിലും വിനോദ വ്യവസായവും ബാലവേലയുടെ കേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്നവ തന്നെയാണ്. വീടുകളെ കേന്ദ്രീകരിച്ചു ഉല്‍പാദനവും ചെറുകിട വിയര്‍പ്പുശാലകളും നവലിബറല്‍ ഉല്പാദനത്തിന്റെ കേന്ദ്രമാവുകയും കുട്ടികളെ വച്ചുകൊണ്ടുള്ള റിയാലിറ്റിഷോകള്‍ നമ്മുടെ സാംസ്‌കാരിക വ്യവസായത്തിന്റെ മുഖമുദ്രയാവുകയും ചെയ്ത ഇന്നത്തെ കാലഘട്ടത്തില്‍നിയമഭേദഗതി  ഇന്ത്യയിലെ കോര്‍പ്പറേറ്റ് വ്യവസായികള്‍ക്ക് കുറഞ്ഞ കൂലിക്ക് ബാലവേല തരപ്പെടുത്തിക്കൊടുക്കാനുള്ള സൂത്രപ്പണിയാണ് എന്നതില്‍ യാതൊരു സംശയവുമില്ല. സംരഭകത്വത്തിന്റെയും സൃഷ്ടിപരതയുടെയും പുകമറ കൂടിയാകുമ്പോള്‍ കൂലിപോലും  മുതലാളിമാര്‍ക്ക് ലാഭിക്കാം.

ആഗോളതലത്തിലും ഇന്ത്യക്കകത്തുതന്നെയും വിവിധ സംസ്ഥാനങ്ങള്‍ തമ്മിലും തൊഴില്‍  സേനയുടെ വിനിമയം വന്‍തോതില്‍ നടക്കുമ്പോള്‍ കുട്ടികളുടെ അധ്വാനം വ്യാപകമായി ഉപയോഗി ക്കപ്പെടുന്നുണ്ടെന്നുള്ളത് ഇന്നത്തെ യാഥാര്‍ഥ്യമാണ്കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതെയാണ് ഇത്തരം തൊഴിലുകള്‍ അനുവദിക്കുക എന്ന് പറയുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും ഇന്നത്തെ അവസ്ഥയില്‍ അത് പ്രായോഗികമല്ല. മാത്രമല്ല വിദ്യാഭ്യാസ അവകാശനിയമത്തെ തള്ളിക്കളയുക കൂടിയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നത്. കുട്ടികള്‍ കൈവരിക്കേണ്ട തൊഴില്‍ പരിചയ ത്തിനും അവര്‍ക്കുള്ള വിനോദത്തിനും ആവശ്യമായ സൗകര്യം സ്‌കൂളുകളില്‍ തന്നെയാണ് ഉണ്ടാകേണ്ടത്. അതിന് ഇത്തരം ഒരു നിയമഭേദഗതിയുടെ ആവശ്യവുമില്ല

അതുകൊണ്ട് ഈ കുടിലതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ബാലവേലനിരോധന നിയമഭേദഗതിക്കെതിരെ അതിശക്തമായി പ്രതികരിക്കണമെന്ന് എല്ലാ ജനാധിപത്യവാദികളോടും കേരളശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

ഡോ. കെ പി അരവിന്ദന്‍                     പി മുരളീധരന്‍
പ്രസിഡണ്ട്                              ജനറല്‍ സെക്രട്ടറി

Categories: Updates