മണിപ്പൂർ വംശഹത്യക്കെതിരെ വിവിധ ജില്ലകളിൽ പരിഷത്ത് പ്രതിഷേധങ്ങൾ

മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായി തുടരുന്ന വംശീയ സംഘർഷങ്ങൾ ഇക്കാലത്തിനിടയിൽ   വംശഹത്യാ സ്വഭാവത്തിലേക്ക് നീങ്ങുന്നു.സംഘർഷങ്ങളിൽ  നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും അതിലുമെത്രയോ അധികം പേർക്ക് പരിക്കേൽക്കുകയും തങ്ങളുടെ വീടുകളും സ്ഥാപനങ്ങളുമൊക്കെ ചുട്ടു ചാമ്പലാക്കുകയും ചെയ്യപ്പെട്ടതായി പരിമിതമായെങ്കിലും വിവിധ മാധ്യമങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. ഈ സംഭവങ്ങളിൽ മണിപ്പൂർ  സംസ്ഥാന സർക്കാർ സ്വീകരിച്ച നിസ്സംഗതയും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനവും അക്രമികൾക്ക് ഭരണകൂട പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നു.വംശഹത്യ നടക്കുന്ന എല്ലാ കലാപങ്ങളിലും അതിക്രൂരമായി ആക്രമിക്കപ്പെടുന്നത് സ്ത്രീകളാണ് എന്നത് ഇവിടെയും ആവർത്തിക്കുന്നത് യാദൃശ്ചികമല്ല..അതാകട്ടെ അന്യമത വിദ്വേഷത്തിൻ്റെ പേരിലായിരുന്നുതാനും. ഹിന്ദുത്വം എങ്ങനെയാണ് ഇന്ത്യയെ വിഭജിക്കുന്നതെന്നതിന് ചോരമണമുള്ള ഉദാഹരണമാണ് മണിപ്പൂർ.ഇൻ്റർനെറ്റ് സേവനങ്ങൾ നിഷേധിക്കുന്നതു വഴിയും മറ്റും അവിടെ നടക്കുന്ന സംഭവങ്ങൾ പുറം ലോകമറിയാതിരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ മണിപ്പൂരിൽ സമാധാനം  പുന:സ്ഥാപിക്കുകയെന്ന മുദ്രാവാക്യമുയർത്തി  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  ജില്ലകളിലും മേഖലകളിലും യൂണിറ്റുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

Categories: Updates