മറ്റൊരു കേരളം എന്ന ജനകീയ ക്യാമ്പയിന് ഡോ. കെ.എന്‍. പണിക്കര്‍ തുടക്കമിട്ടു
വേണം മറ്റൊരു കേരളം എന്ന ജനകീയ ക്യാമ്പയിന് 2011 ഒക്ടോബര്‍ 31 ന് (തിങ്കളാഴ്ച്ച) വൈകീട്ട് 4 മണിക്ക് തിരിതെളിഞ്ഞു. കേരള ശാസ്ത്രസാഹിത്യ അക്കാദമി ഹാളില്‍ കേരളീയ സംസ്കൃതിയുടെ ചൈതന്യങ്ങളായ നിരവധി പേരുടെ സാന്നിദ്ധ്യത്തില്‍ പ്രശസ്ത ചരിത്ര പണ്ഡിതനായ ഡോ.കെ.എന്‍. പണിക്കരാണ് ആദ്യതിരികൊളുത്തിക്കൊണ്ട് സാമൂഹിക വികസനത്തിനായുള്ള ഈ ജനകീയ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 55 കേരളപിറവി ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ചുക്കൊണ്ട് നാളെയുടെ നാമ്പുകളായ 55 കുട്ടികള്‍ 55 ചെരാതുകളിലൂടെ വെളിച്ചം പകര്‍ന്നു നല്കി.
ജലവിഭവ വകുപ്പ് മന്ത്രി ടി.എം.ജേക്കബ്, പ്രശസ്തകവിയും പരിഷത്ത് സഹയാത്രികനുമായ മുല്ലനേഴി മാഷ്, പരിഷത്ത് കലാജാഥയുടെ ജീവനായിരുന്ന വാസു കുളനട എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കാവുമ്പായി ബാലകൃഷ്ണന് ചടങ്ങിന്റെ ആരംഭത്തില്‍ തന്നെ അവതരിപ്പിച്ചു.
പരിഷത്ത് പ്രസിഡണ്ട് കെ.ടി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശസ്ത സാഹിത്യകാരന് വൈശാഖന് സ്വാഗതവും ഡോ.കെ.എന്‍.ഗണേഷ് ആമുഖ പ്രഭാഷണവും നടത്തി.
മഞ്ഞള്ളൂര്‍ സുരേന്ദ്രന് പകര്‍ന്ന സംഗീതത്തിന്റെ അകമ്പടിയോടെയാണ് തിരിതെളിയിക്കുന്ന ചടങ്ങ് നടന്നത്.
വി.ടി.കുമാരന്റെ സരസ്വതി, എം.എം.സചീന്ദ്രന്റെ പുണ്യഭൂമിയുടെ തേങ്ങല്‍,കരിവെള്ളൂര്‍ മുരളിയുടെ ഒരു ധീരസ്വപ്നം എന്ന കവിതകള്‍ക്ക് ഗായത്രിയും സംഘവും ഒരുക്കിയ രംഗാവിഷ്ക്കാരങ്ങള്‍ ചടങ്ങിനു മാറ്റുകൂട്ടി.
ഡോ. കെ.എന്‍ പണിക്കര്‍ ഉത്ഘാടന പ്രഭാഷണം നടത്തി. ഡോ. കെ.പി കണ്ണന്, ഡോ. സി.ടി.എസ് നായര്‍, പെരുവനം കുട്ടന് മാരാര്‍, പ്രൊഫ. ലളിതാലെനിന്, സി.പി നാരായണന്, വി.കെ ദാമോദരന്‍, ഡോ. ബി. ഇക്ബാല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ലഘുലേഖ / പുസ്തകങ്ങളുടെ പ്രകാശനത്തിനും ചടങ്ങ് വേദിയായി.
കെ.പി.കണ്ണന്റെ കേരളം വികസനത്തിലേയ്ക്ക് ഒരു പ്രയാണം എന്ന പുസ്തം എം.സി.നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു. പ്രൊഫ.സി.ജെ.ശിവശങ്കരന് പുസ്തകം ഏറ്റുവാങ്ങി. വേണം മറ്റൊരു കേരളം എന്ന ലഘുലേഖ കൊടക്കാട് ശ്രീധരന് പ്രകാശനം ചെയ്തു. പ്രൊഫ.കെ.ആര്.ജനാര്ദ്ദനന് ലഘുലേഖ ഏറ്റുവാങ്ങി.
സമ്മേളനം വൈകീട്ട് 8.30 ന് സമാപിച്ചു. പരിഷത്ത് ജനറല്‍ സെക്രട്ടറി .ടി.പി.ശ്രീശങ്കര്‍ നന്ദി പറഞ്ഞു.
(വിശദമായ റിപ്പോര്‍ട്ട് അറ്റാച്ച് ചെയ്തിട്ടുളളത് കാണുക)