മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ 8നകം അടച്ചുപൂട്ടാനുള്ള ഹൈക്കോടതിയുടെ വിധിക്കെതിരായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്ത അപ്പീല്‍ തള്ളിക്കൊണ്ട് വിധി വന്നിരിക്കയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരായി ജനകീയപ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ 57 വിദ്യാര്‍ത്ഥികളും 8 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനുമുള്ള സ്‌കൂളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളെയും എന്തു ചെയ്യണമെന്നും കോടതിയുടെയും അധികൃതരുടെയും നിലപാട് പ്രദേശത്തിന്റെ വിദ്യാഭ്യാസ താല്‍പ്പര്യങ്ങള്‍ക്ക് എന്ത് പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്നും വേണ്ടത്ര ആലോചനയില്ലാതെയാണ് കോടതി നിലപാട് എടുത്തിട്ടുള്ളത്. തികച്ചും യാന്ത്രികമായി നടപടിക്രമം പാലിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് പരിശോധിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ പ്രശ്‌നം സജീവമായിരുന്നെങ്കിലും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും താല്‍പ്പര്യങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള ഒരു നീക്കവും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ സംരക്ഷണത്തിന് നിയമനിര്‍മാണമടക്കമുള്ള അടിയന്തിര നടപടികളിലേക്ക് നീങ്ങാന്‍ ഗവണ്മെന്റ് ഇനിയെങ്കിലും തയ്യാറാവണം. ഇന്നത്തെ സാഹചര്യത്തില്‍ സ്‌കൂളിലെ അധ്യയനം നിലനിര്‍ത്തുക എന്നുള്ളത് അത്യാവശ്യമായതുകൊണ്ട് ഈ സ്‌കൂളിലെ വിദ്യാഭ്യാസപ്രവര്‍ത്തനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സ്‌കൂള്‍ തുടര്‍ന്നുകൊണ്ടുപോകാനുള്ള നടപടികള്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങി നടത്തണമെന്നും പരിഷത്ത് അഭിപ്രായപ്പെടുന്നു.
കോടതി വിധിയുടെ നിയമപരമായ അടിത്തറയായി ഞങ്ങള്‍ മനസ്സിലാക്കുന്നത് ഒരു സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഏതൊരു മാനേജ്‌മെന്റിനും മെയ് 31ന് അവസാനിക്കുന്ന ഒരു വര്‍ഷം മുമ്പ് നിയുക്ത വിദ്യാഭ്യാസ ഓഫീസറെ നോട്ടീസ് പ്രകാരം അറിയിക്കണമെന്നും ഒരു വര്‍ഷത്തിനകം ആ സ്‌കൂള്‍ അടച്ചുപൂട്ടാമെന്നുമുള്ള കേരള വിദ്യാഭ്യാസ നിയമത്തിലെ നടപടിക്രമങ്ങള്‍ സംബന്ധിച്ച വ്യവസ്ഥയാണ്. ഈ വിദ്യാഭ്യാസ അവകാശ നിയമം ഉള്‍പ്പെടെയുള്ള സമകാലിക സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യവസ്ഥയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് പരിഷത്ത് ആവശ്യപ്പെടുന്നു.
പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിധത്തില്‍ ഗവണ്മെന്റിന്റേയും രക്ഷാകര്‍ത്താക്കളടക്കമുള്ള തദ്ദേശ ജനവിഭാഗങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അനുവാദത്തോടെയും അംഗീകാരത്തോടെയും മാത്രമേ ഒരു സ്‌കൂള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുക്കാവൂ എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം ഉടനടി ഓര്‍ഡിനന്‍സ് രൂപത്തില്‍ കൊണ്ടുവരണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
കച്ചവട-റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി സ്‌കൂള്‍ കാമ്പസുകളെ മാറ്റാനുള്ള മാനേജ്‌മെന്റിന്റെ ഹീനശ്രമങ്ങളെ പ്രതിരോധിക്കാന്‍ അടിയന്തരമായി ഒരു ഓര്‍ഡിന്‍സ് ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. അതേ സമയം പൊതുവിദ്യാഭ്യാസ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌കൂളുകള്‍ അടിയന്തര സ്വഭാവത്തോടുകൂടി ഏറ്റെടുക്കാനുള്ള കേരള വിദ്യാഭ്യാസ നിയമത്തിലെ 14(2) വകുപ്പും മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാനായി ഉപയോഗിക്കണമെന്നും പരിഷത്ത് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു.

ഡോ.കെ.പി. അരവിന്ദന്‍ പി. മുരളീധരന്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി

Categories: Updates