മുല്ലപ്പെരിയാര്‍
ബദല്‍ മാതൃകകള്‍ കൂടി പഠിച്ചതിന് ശേഷമേ തീരുമാനമെടുക്കാവൂ:
കേരള ശാസ്ത്രസാഹിത്യപരിഷത്ത്
മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെക്കുന്ന സാഹചര്യത്തില്‍ അവയുടെ വിശദാംശങ്ങള്‍ ഒരു നിഷ്പക്ഷ ശാസ്ത്രസംഘം പഠിച്ചതിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാവൂ. പുതിയ ഡാം മാത്രമല്ല; ബദല്‍ എന്നതാണ് വിദഗ്ധരുടെ അഭിപ്രായം.
കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ഒപ്പം തമിഴ്‌നാടിന്ന് അര്‍ഹമായ വെള്ളം നല്‍കുക, എന്നീ രണ്ട് കാര്യങ്ങളും ഒന്നിച്ച് നടക്കണം. ഇത് സംബന്ധിച്ച കൂടുതല്‍ ശാസ്ത്രീയ നിഗമനങ്ങളിലെത്തുന്നതിന് വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രജ്ഞരുടേയും വിദഗ്ധരുടേയും ഒരു യോഗം ഡിസംബര്‍ 22ന് എറണാകുളത്ത് ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ മൂന്ന് പ്രധാന നിര്‍ദേശങ്ങളാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.
ഒന്ന്, നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് അത് ഒരു തടയണയാക്കി നിലനിര്‍ത്തുകയും ഇങ്ങിനെ നിര്‍ത്തുന്ന ജലനിരപ്പിന് മുകളില്‍ കാലാകാലം എത്തുന്ന വെള്ളം മുഴുവനും തന്നെ അപ്പപ്പോള്‍ ടണലുകള്‍ വഴി തമിഴ്‌നാട്ടില്‍ സംഭരിച്ച് ഉപയോഗിക്കുകയും ചെയ്യുക.
രണ്ട്, മുല്ലപ്പെരിയാര്‍ റിസര്‍വോയറിലെ വെള്ളം ഇടുക്കിയില്‍ ശേഖരിച്ച്, ഇടുക്കി ജലസംഭരണിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തിരിച്ചുവിടുന്നതിനായി ടണലുകള്‍ നിര്‍മിക്കുക. അതിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ട് ക്രമേണ ഡീകമ്മീഷന്‍ ചെയ്യുക.
മൂന്ന്, നിലവിലുള്ള അണക്കെട്ടിന് താഴെ മറ്റൊരു അണക്കെട്ട് നിര്‍മിച്ച്, നിലവിലുള്ളത് ക്രമേണ നിര്‍വീര്യമാക്കി പൊളിച്ചുമാറ്റുക.
ഇനിയും പുതിയ നിര്‍ദേശങ്ങള്‍ ഉണ്ടാകാം. ഇത്തരം ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ, അണക്കെട്ട് പോലുള്ള കാര്യങ്ങളെ വൈകാരികമായി കാണാന്‍ ഇരു സംസ്ഥാനങ്ങളും ശ്രമിക്കരുത്. അതിനാല്‍ എല്ലാ നിര്‍ദേശങ്ങളും പരിഹാരങ്ങളും നിഷ്പക്ഷമായി പഠിച്ചും മൂല്യനിര്‍ണയം നടത്തുന്നതിനുമായി അന്താരാഷ്ട്ര തലത്തില്‍ ഒരു വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. ഇപ്പോള്‍, നിലവിലുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ കീഴിലോ, സുപ്രീംകോടതിയുടെ നേരിട്ടുള്ള കീഴിലോ, ഈ സംഘത്തെ നിയമിക്കാം. അതില്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ അംഗങ്ങളാണെന്നത് ഉറപ്പാക്കണം.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നവരേയും ജനങ്ങളുടെ ഭീതി അകറ്റാനും വേണ്ടി ജലനിരപ്പ് ഇന്നത്തേതില്‍ നിന്ന് കുറച്ചു നിര്‍ത്തുന്നത് അഭികാമ്യമായിരിക്കും. ഇക്കാലത്ത് അപകടം സംഭവിച്ചാലുണ്ടാകുന്ന ആഘാതങ്ങള്‍ നിര്‍ണയിക്കാനും ദുരന്ത നിവാരണത്തിനും ഉള്ള നടപടികളും ഉണ്ടാവണം. ഇപ്പോഴത്തെ അണക്കെട്ടു നിലനില്‍ക്കെ തന്നെ ബദല്‍ സംവിധാനം ഉണ്ടാക്കണമെന്നതാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗം.
കെ. ടി. രാധാകൃഷ്ണന്‍ ഡോ. എ. അച്യുതന്‍ ടി. പി. ശ്രീശങ്കര്‍
(പ്രസിഡന്റ് ) (മുന്‍ പ്രസിഡന്റ്) (ജന:സെക്രട്ടറി )
# 22-12-2011 ലെ വിദഗ്ധരുടെ കൂടിയിരിപ്പിന്റെ റിപ്പോര്‍ട്ട് താഴെ അറ്റാച്ച് ചെയ്തിരിക്കുന്നതും കാണുക.