മെഡിക്കല്‍ കോളേജ് പ്രവേശനം : സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുത്

മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍, സ്വാശ്രയ, കല്‍പ്പിത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സ്വാശ്രയ കോളേജുകളിലേക്കായാലും ന്യൂനപക്ഷ കോളേജുകളിലേക്കായാലും കേന്ദ്ര സര്‍ക്കാരിന്റെ നീറ്റ് പ്രവേശന പരീക്ഷ വഴി മാത്രമേ പ്രവേശനം നല്‍കാവൂ എന്നിരിക്കെ ഇതിനെതിരെ സ്വകാര്യ മാനേജ്‌മെന്റുകള്‍ രംഗത്തു വന്നിരിക്കുന്നത് ദുരൂഹമാണ്.
നീറ്റ് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ കുട്ടികള്‍ക്കും എല്ലായിടത്തും അപേക്ഷിക്കാന്‍ തുല്യ സാധ്യത ലഭിക്കണമെങ്കില്‍ ഒരു ഏക ജാലക സംവിധാനം വേണമെന്നത് വ്യക്തമാണ്. ഇത് സര്‍ക്കാരിനല്ലാതെ ആര്‍ക്കു നടപ്പാക്കാന്‍ കഴിയും? സുതാര്യമായ രീതിയില്‍ നടന്നാല്‍ പുതിയ സംവിധാനത്തില്‍ കാപ്പിറ്റേഷന്‍ ഫീസ് ഈടാക്കല്‍ നടക്കില്ല. പല സ്ഥലങ്ങളില്‍ പല കാറ്റഗറികളായി വെവ്വേറെ അപേക്ഷിക്കേണ്ടി വന്നാല്‍ ഇതുണ്ടാക്കുന്ന അവ്യക്തത മുതലെടുത്ത് കുറേ പേരെ മുറ തെറ്റിച്ച് തിരുകി കയറ്റാനുള്ള ശ്രമമാണ് മാനേജ്‌മെന്റുകള്‍ ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വെവ്വേറെ എല്ലായിടത്തും അപേക്ഷിക്കണമെങ്കില്‍ പലരും പലയിടത്തും അപേക്ഷിക്കുകയില്ലെന്ന് ഉറപ്പാണ്. മാത്രമല്ല ഇത് അപേക്ഷകര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തി വെക്കുകയും ചെയ്യും.
ഇതുവഴി ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്ന വാദത്തിലും കഴമ്പില്ല. ഏകജാലക സംവിധാനത്തില്‍ ന്യൂനപക്ഷ വിഹിതം ഉള്ള കോളേജുകളില്‍ നീറ്റ് ക്രമപ്രകാരം അതു നല്‍കുന്നത് എളുപ്പമാണെന്നു മാത്രമല്ല, കൂടുതല്‍ സുതാര്യവും അതുകൊണ്ടുതന്നെ കൂടുതല്‍ നീതിപൂര്‍വ്വവും ആയിരിക്കും.
കോടതികളിലേക്ക് ഇക്കാര്യങ്ങള്‍ വലിച്ചിഴക്കേണ്ട ഒരു സാഹചര്യവും കാണുന്നില്ല. മാത്രവുമല്ല കോടതിക്കേസുകള്‍ വഴി പ്രവേശനം താമസിപ്പിക്കാനോ അട്ടിമറിക്കാനോ ശ്രമിക്കുന്നത് വലിയ നീതി നിഷേധം ആവുകയും ചെയ്യും.
സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ ഫീസിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ട സ്ഥിതിക്ക് ജെയിംസ് കമ്മറ്റി തീരുമാനമെടുക്കേണ്ടതുണ്ട്. മാനേജ്‌മെന്റുകള്‍ ഇന്ന് ആവശ്യപ്പെടുന്ന പത്തും പതിനഞ്ചും ലക്ഷമൊക്കെ ഊതി വീര്‍പ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ്. കര്‍ണാടകത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ മനേജ്‌മെന്റ് സീറ്റുകളില്‍ വാര്‍ഷിക ഫീസ് 4.25 ലക്ഷം ആണ്. 40% സര്‍ക്കാര്‍ സീറ്റുകള്‍ക്ക് ഈ കോളേജുകളില്‍ ഫീസ് 50,000 മാത്രമാണെന്നതും ഓര്‍ക്കുക. എന്തുകൊണ്ടാണ് കേരളത്തില്‍ ഇത്രയധികം ആവശ്യപ്പെടുന്നത്?
ഈ സ്വാശ്രയ കോളേജുകളില്‍ പലതും പഠിപ്പിക്കാന്‍ വേണ്ടത്ര അദ്ധ്യാപകരും ആശുപത്രികളില്‍ പരിശോധിക്കാന്‍ വേണ്ടത്ര രോഗികള്‍ ഇല്ലാത്തവയും ആണ്. ഇതുപോലെ ഉയര്‍ന്ന ഫീസ് ഈടാക്കാതെ അവ നടത്തിക്കൊണ്ടു പോകാന്‍ കഴിയുന്നില്ലെങ്കില്‍ അവ പൂട്ടി പോകുക എന്നതായിരിക്കും ഏറ്റവും നല്ല പ്രതിവിധി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വെറും കച്ചവടം മാത്രമായി അധഃപതിച്ച സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ കാര്യത്തില്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ ആശയ്ക്കു വക നല്‍കുന്നു. ഈ നടപടികളുമായി ശക്തമായി മുന്നോട്ടു പോകണമെന്നും, മാനേജ്‌മെന്റുകളുടെ ഭീഷണികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങരുത് എന്നും കേരള സര്‍ക്കാരിനോട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

ഡോ.കെ.പി. അരവിന്ദന്‍ പി. മുരളീധരന്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി

Categories: Updates