നമ്മുടെ ചുറ്റുപാടിനെ ശാസ്ത്രബോധമുള്ളതാക്കാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന്റെ 52 ാം പ്രവര്‍ത്തന വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പരിഷത്ത് പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ്. ഈ ലക്ഷ്യത്തിനുവേണ്ടി ഈ കാലമത്രയും നാം നടത്തിവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. തുടക്കം ശാസ്ത്രത്തിന്റെ പ്രചാരണം എന്നനിലയിലാണെങ്കിലും ക്രമേണ അത് ശാസ്ത്രത്തിന്റെ സാമൂഹ്യ ധര്‍മ്മങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലേക്ക് വികസിക്കുകയും ‘ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്’ എന്ന മുദ്രാവാക്യം സ്വീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. സമൂഹത്തിലുണ്ടാകേണ്ട അടിസ്ഥാനപരമായ മാറ്റത്തിനായി സമസ്തമേഖലകളിലേക്കും ജനവിഭാഗങ്ങളിലേക്കും ശാസ്ത്രബോധം എത്തിക്കുകയും അത് വളര്‍ന്നുവികസിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുകയും ചെയ്തതോടെ, പരിഷത്ത് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമായി മാറി.

‘ഇന്ന് എല്ലാരാജ്യങ്ങളെയും ജനങ്ങളെയും സംബന്ധിച്ചിടത്തോളം ശാസ്ത്രത്തിന്റെ പ്രയോഗങ്ങള്‍ ഒഴിയ്ക്കാനും തടുക്കാനും വയ്യാത്തവ ആകുന്നു. പക്ഷെ അതിന്റെ പ്രയോഗത്തിലും കവിഞ്ഞ എന്തോ ആവശ്യമായിരിക്കുന്നു. അത് ശാസ്ത്രീയമായ ഉപക്രമമാണ്. ശാസ്ത്രത്തിന്റെ സാഹസികമെങ്കിലും വിമര്‍ശനാത്മകമായ ഭാവം, സത്യത്തിനും പുത്തന്‍ അറിവിനും വേണ്ടിയുള്ള അന്വേഷണം, പരീക്ഷിക്കാതെയും പ്രയോഗിച്ച് നോക്കാതെയും എന്തെങ്കിലും അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കല്‍, പുതിയ തെളിവ് കിട്ടുമ്പോള്‍ അവയനുസരിച്ച് പഴയ നിഗമനങ്ങള്‍ മാറ്റാനുള്ള കഴിവ്, മുന്‍കൂട്ടി സങ്കല്‍പ്പിച്ച് വച്ച തത്വത്തെയല്ല നിരീക്ഷണത്തില്‍ തെളിഞ്ഞ വസ്തുതയെ അവലംബിക്കല്‍, മനസ്സിന്റെ കഠിന സംയമനം- ഇതൊക്കെയും ആവശ്യമാണ്, ശാസ്ത്രത്തിന്റെ പ്രയോഗത്തിന് മാത്രമല്ല, ജീവിതത്തിന് തന്നെയും അതിന്റെ നാനാ പ്രശ്‌നങ്ങളുടെ പരിഹാരത്തിനും…..മനുഷ്യന്‍ സഞ്ചരിക്കേണ്ട മാര്‍ഗ്ഗത്തെ ശാസ്ത്രീയ മനോഭാവം ചൂണ്ടിക്കാണിക്കുന്നു. അതൊരു സ്വതന്ത്ര മനുഷ്യന്റെ മനോഭാവമാകുന്നു.’ (ഇന്ത്യയെ കണ്ടെത്തല്‍)

(രേഖയുടെ പൂര്‍ണ്ണ രൂപത്തിന് ജനുവരി ലക്കം പരിഷത്ത് വാര്‍ത്ത കാണുക.)

Categories: Updates