അന്താരാഷ്ട്ര രസതന്ത്ര വർഷവും വനവർഷവും വിവിധ പരിപാടികളോടെ അചരിക്കുവാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആഹ്വാനം ചെയ്തു. വനവർഷത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷത്തോടെ പരിസര ദിനമായ ജൂൺ 5 ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ 2011 മെയ് 14, 15 തീയതികളിൽ തൃശ്ശൂർ പരിസര കേന്ദ്രത്തിൽ ചേർന്ന പരിഷത് കേന്ദ്ര നിർവ്വാഹക സമിതിയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുറീക്ക ബാലവേദികളിൽ വൃക്ഷത്തൈ നടുകയും കുട്ടികളുടെ റാലി സംഘടിപ്പിക്കുകയും ചെയ്യും. തൃശ്ശൂരിൽ സംസ്ഥാന തല സെമിനാർ സംഘടിപ്പിക്കും.

മാഡം ക്യൂറിക്ക് രസതന്ത്ര നോബൽ‌ സമ്മാനം ലഭിച്ചതിന്റെ ശതാബ്ദി പ്രമാണിച്ച് അന്താരാഷ്ട്ര രസതന്ത്ര വർഷമായും ഈ വർഷം ആചരിക്കുകയാണ്. പൊതുജനങ്ങളിലും കുട്ടികളിലും രസതന്ത്രത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ക്ലാസ്സുകളും, രസതന്ത്രം – ജീവിതവും ഭാവിയും എന്ന പാനൽ പ്രദർശനവും, സഞ്ചരിക്കുന്ന രസതന്ത്ര പരീക്ഷണ ശാലയും മാഡം ക്യൂറി നാടകത്തിന്റെ അവതരണവും സംഘടിപ്പിക്കും.

ജൂലൈ മാസത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശാസ്ത്ര ക്ലാസ്സുകളുടെ ഔപചാരിക ഉത്ഘാടനം ജൂലൈ 4 – ന് മാഡം ക്യൂറിയുടെ ചരമദിനത്തിൽ നടക്കും. ശാസ്ത്രക്ലാസ്സുകൾക്കുള്ള പരിശീലനം ജൂൺ 11, 12 തീയതികളിൽ കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9446453397 എന്ന നമ്പരിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Categories: Updates