കേരളത്തിലെ വനപ്രദേശങ്ങള്‍ വന്‍തോതില്‍ അഗ്നിക്കിരയാക്കുന്ന സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന കമ്മിറ്റി വനം വകുപ്പ്‌ മന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജൈവവൈവിധ്യം കൊണ്ട്‌ സമ്പന്നമായ കേരളത്തിന്റെ വനമേഖല വ്യാപകമായ തോതില്‍ അഗ്നിക്കിരയാക്കുന്നത്‌ ഏറെ ആശങ്ക ഉയര്‍ത്തുന്നു. കേരളത്തില്‍ വനവിസ്‌തൃതി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതായിട്ടാണ്‌ എല്ലാ കണക്കുകളും സൂചിപ്പിക്കുന്നത്‌. വനഭൂമിയിലെ കൈയേറ്റം, വനനശീകരണം, വനമേഖലയില്‍ നടക്കുന്ന നിരവധി ഖനനങ്ങള്‍, ക്വാറികള്‍, റിസോര്‍ട്ടുകളും മറ്റ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒക്കെനഷ്‌ടത്തിന്‌ കാരണങ്ങളാണ്‌. വേനല്‍ക്കാലമായാല്‍ കേരളത്തില്‍ കാടുകള്‍ വ്യാപകമായി അഗ്നിക്കിരയാകുകയോ ഇരയാക്കപ്പെടുകയോ ചെയ്യുന്നു. വയനാട്ടില്‍വര്‍ഷം പടര്‍ന്ന കാട്ടുതീക്ക്‌ കാരണം സാമൂഹ്യവിരുദ്ധര്‍ കാട്‌ കത്തിച്ചതാണെന്ന്‌ കണ്ടെത്തിയിരിക്കുന്നു. കേരളത്തിലെ പശ്ചിമഘട്ട മലനിരകളും കാടും നിര്‍വഹിക്കുന്ന പാരിസ്ഥിതികവും സാമൂഹ്യവുമായ ധര്‍മങ്ങളെക്കുറിച്ച്‌ വിവരിക്കേണ്ടതില്ല. കേരളം കേരളമായി നിലനില്‍ക്കുന്നതിന്‌, എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്നതിന്‌, കൃഷി നിലനില്‍ക്കുന്നതിന്‌, അതുവഴി കേരളീയന്റെ നിലനില്‍പ്പിന്‌ തന്നെ അനിവാര്യമായ കാട്‌ സംരക്ഷിക്കേണ്ടത്‌ ഭരണകൂടത്തിന്റെ ബാധ്യതയാണ്‌. മനുഷ്യനിര്‍മിത സമ്പത്തുകള്‍ക്കു മാത്രമേ മൂല്യമുള്ളൂ എന്നും പ്രകൃതിയും പ്രകൃതിദത്ത വിഭവങ്ങള്‍ക്കും ഒരു മൂല്യവുമില്ല എന്നും അത്‌ ആര്‍ക്കും യഥേഷ്‌ടം കയ്യേറി നശിപ്പിക്കാമെന്നുമുള്ള ധാരണ കേരളത്തില്‍ പ്രബലമായി വരുന്നുണ്ട്‌. ഇത്‌ അങ്ങേയറ്റം ആപത്‌കരമാണ്‌. പ്രകൃതിയിലെ ഓരോ ഘടകവും നമ്മുടെ നിലനില്‍പ്പിനു വേണ്ടി നല്‍കുന്ന വിലമതിക്കാനാകാത്ത സേവനങ്ങള്‍ക്ക്‌ പകരം വെക്കാന്‍ മറ്റൊന്നും ഇല്ലെന്ന്‌ മനസ്സിലാക്കി ഇതിനെ സംരക്ഷിക്കാനുള്ള കടമ സര്‍ക്കാറിനുണ്ട്‌. ആയതിനാല്‍ ആസൂത്രിതമായി വനം അഗ്നിക്കിരയാക്കുന്ന സമകാലിക സംഭവങ്ങളെക്കുറിച്ച്‌ അടിയന്തിരമായി അന്വേഷിക്കുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനുള്ള നടപടികള്‍ എടുക്കുകയും ചെയ്യണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

Categories: Updates