വനഭൂമിയും എസ്റ്റെറ്റുകളും അന്യാധീനപ്പെടുന്നത് തടയുക

പൊതുമുതല്‍ ദുരുപയോഗം ചെയ്തും അന്യാധീനപ്പെടുത്തിയും കാശുണ്ടാക്കുന്ന പണി കേരളത്തില്‍ വര്‍ധിച്ചുവരുന്നു. ഇത് തടയേണ്ട സര്‍ക്കാര്‍ പലപ്പോഴും ഇതിന് കൂട്ട്‌ നില്‍ക്കുകയും ഒത്താശ ചെയ്യുകയുമാണെന്നത് പ്രതിഷേധാര്‍ഹമാണ്. പാലക്കാട്ടെ ചെറുനെല്ലി എസ്റ്റേറ്റ്, പാട്ടക്കാര്‍ നിയമവിരുദ്ധമായി മുറിച്ചു വില്‍ക്കുകയും സര്‍ക്കാര്‍ ഭൂമി പണയപ്പെടുത്തി ബാങ്കുകളില്‍ നിന്ന്‌ വന്‍തുക വായ്പ എടുക്കുകയും ചെയ്തതായി കണ്ടതിനാല്‍ വനം വകുപ്പ് എസ്റ്റെറ്റു ഏറ്റെടുത്തു. ഉടമകള്‍ കോടതിയില്‍ പോയി. മുന്‍കൂര്‍ നോട്ടീസ് നല്‍കിയില്ല എന്ന കാരണം പറഞ്ഞ് കോടതിനടപടി അസാധുവാക്കി. നിയമാനുസൃതമായ നടപടിക്രമം പാലിക്കാതെ ഭൂമി ഏറ്റെടുത്തതും കോടതിയില്‍ വേണ്ടവിധം കേസ് വാദിക്കാതെ കേസ് തോല്കാനിടയായതും സര്‍ക്കാരിന്റെ വീഴ്ച തന്നെ. നെല്ലിയാമ്പതിയിലെ രാമവര്‍മ എസ്റ്റെറ്റു വ്യാജരേഖ ചമച്ചു കൈയെറിയതാണ് എന്ന്‌ തെളിഞ്ഞപ്പോള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. നോട്ടീസ് നല്‍കിയില്ല എന്നകാരണം പറഞ്ഞു കോടതി അതും അസാധുവാക്കി. എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കേണ്ടതില്ല എന്ന്‌ റോസറി എസ്റ്റെറ്റിന്റെ കാര്യത്തില്‍ നേരത്തെ തന്നെ ഹൈക്കോടതിയുടെ വിധി ഉണ്ടെന്നുള്ള കാര്യം സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ ബോധിപ്പിക്കാന്‍ വിട്ടുപോയി! വേണ്ട വിധത്തില്‍ കേസ് വാദിക്കാതെ കോടതികളില്‍ കേസ്തോറ്റുകൊടുക്കുന്ന‘ പഴയ രീതി വീണ്ടും വരികയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

തന്നേയുമല്ല, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എസ്റ്റെറ്റുകള്‍ ഏറ്റെടുത്തതിനെ യു ഡി എഫ് അപലപിച്ചതായും വാര്‍ത്തയുണ്ട്.പോരെങ്കില്‍ ഈ വിഷയം പഠിക്കാനായി യു ഡി എഫ് ഒരു ഉപസമിതി രൂപീകരിചിരിക്കുന്നുവത്രേ. തോട്ടമുടമകള്‍ക്ക് വേണ്ടി ശക്തിയായി വാദിച്ച പൂഞ്ഞാര്‍ എം എല്‍ശ്രി പി സി ജോര്‍ജിന് ആണത്രേസമിതിയുടെ നേതൃത്വം! ഇതൊക്കെ കാണിക്കുന്നത് ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലെന്നും സര്‍ക്കാര്‍ ഭൂമി അനധികൃതമായി ദുരുപയോഗം ചെയ്തു വന്‍ തോതില്‍ വെട്ടിപ്പ് നടത്താന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നു എന്നുമാണ്. ഇതിന് കൂട്ട്‌ നില്‍ക്കാത്ത ഉദ്യോഗസ്ഥരെ തേജോവധം ചെയ്യാനും പീഡിപ്പിക്കാനുംസര്‍ക്കാര്‍ മടിക്കുന്നില്ല.

എസ്റ്റെറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു എതിരായി പറയുന്ന ന്യായം ഏറ്റെടുത്തവ വേണ്ട വിധം പരിപാലിക്കാതെ അവകാട് പിടിച്ചു നാശമാകുന്നുഎന്നതാണ്. അനധികൃതമായി കൈയേറിയ വനഭൂമി വീണ്ടും വനം ആകുന്നതിനു അനുവദിക്കുക തന്നെയാണ് വേണ്ടത്. നല്ല രീതിയില്‍ എസ്റ്റെറ്റുകള്‍ ആയി പരിപാലിച്ചിരുന്നവ, പൊതു താത്പര്യവും തൊഴിലാളികളുടെ താത്പര്യവും കണക്കാക്കി, അതുപോലെ തുടര്‍ന്നും പരിപാലിക്കുന്നതിനു ഫോറെസ്റ്റ് ഡിവേലപ്മെന്റ്റ് കോര്പരെഷനെയോ പ്ലാന്റെഷന്‍ കോര്പരെഷനെയോ ഏല്‍പ്പിക്കണം. അല്ലാതെ കൊള്ളക്കാര്‍ക്കു തിരിച്ചു കൊടുക്കുകയല്ല വേണ്ടത്. അതോടൊപ്പം സര്‍ക്കാര്‍ കേസുകള്‍ സമര്‍ത്ഥമായി നടത്താനുള്ള സംവിധാനം ഉണ്ടാക്കണം. പൊതു താത്പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

ഇക്കാര്യങ്ങളില്‍ പൊതുമുതലും പൊതുതാത്പര്യവും സംരക്ഷിക്കുന്നതിനു സത്വരമായ നടപടികള്‍ ഉണ്ടാകണം എന്ന്‌ കേരള ശാസ്ത്ര പരിഷത്ത് ആവശ്യപ്പെടുന്നു.

Categories: Updates