വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിനിടയാക്കിയവരെ പോക്സോ കോടതിക്ക് വെറുതെ വിടേണ്ടിവന്ന സാഹചര്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിനൊന്നും എട്ടും വയസ്സുള്ള പെൺകുട്ടികൾ 2017 ജനുവരി മാര്‍ച്ച് മാസങ്ങളിലാണ് ദുരൂഹ സാഹചര്യത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഈ കേസിന്റെ അന്വേഷണത്തിന്റെ തുടക്കം മുതലേ പോലീസിന്റെ അനാസ്ഥയും താല്‍പര്യക്കുറവും പ്രകടമായിരുന്നു. മരണത്തില്‍ ദുരൂഹത രേഖപ്പെടുത്താവുന്ന ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിട്ടും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അല്ല ഇന്‍ക്വസ്റ്റ് നടത്തിയത്. പീഢനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍‍ രേഖപ്പെടുത്തിയിട്ടും രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയില്ല. കൂടാതെ ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതും ദുര്‍ബലമായ എഫ്.ഐ.ആര്‍. തയ്യാറാക്കി കേസ് മുന്നോട്ട് കൊണ്ടുപോയതുമെല്ലാം പബ്ലിക്ക് പ്രോസിക്യൂട്ടറിന്റെ വാദങ്ങള്‍ ദുര്‍ബലമാവുന്നതിന് കാരണമായിട്ടുണ്ട്. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ തീരാകളങ്കമായി ഈ വിധിന്യായം വന്നിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
ഈ സാഹചര്യത്തില്‍ ഈ കേസ് സമഗ്രമായി പുനരന്വേഷിപ്പിക്കണമെന്നും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവരോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.

 

എ പി മുരളീധരന്‍
സംസ്ഥാന പ്രസിഡണ്ട്
കെ രാധന്‍
ജനറല്‍ സെക്രട്ടറി

Categories: Press Release