(കടപ്പാട്മാതൃഭൂമി)

കൊച്ചി: വികസനത്തിന്റെ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടത് കമ്പോളമല്ല, സമൂഹമാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വികസന കോണ്‍ഗ്രസ്. അതിലാണ് വികസനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്നത്. വിഖ്യാതമായ കേരള വികസന മാതൃക സാധ്യമാക്കിയത് ജനകീയമുന്നേറ്റങ്ങളായിരുന്നുവെന്നും ഇന്ന് അതില്‍ നിന്ന് വ്യത്യസ്തമായി വികസനം എന്നത് കമ്പോളത്തിലെ മുന്‍ഗണനകള്‍ക്കനുസരിച്ചാണ് എന്ന ചിന്താഗതി ശക്തിപ്പെടുന്നത് അപകടകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കമ്പോളത്തിന്റെ താല്പര്യം എപ്പോഴും ഉപഭോഗജ്വരം വളര്‍ത്തുക എന്നതാണ്. അത് നമ്മുടെ സംസ്‌കാരത്തെയും ദുഷിപ്പിക്കും.

കേരള വികസനത്തിന്റെ പുതുതലങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്യുവാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ത്രിദിന കേരള വികസന കോണ്‍ഗ്രസ് വ്യാഴാഴ്ച എറണാകുളം മഹാരാജാസ് കോളേജില്‍ ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫ എം. കെ. പ്രസാദ് അധ്യക്ഷത വഹിച്ചു.

കേരളം ഇന്ന് പിന്‍തുടരുന്ന വികസന രീതി പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് ഇടയാക്കുന്നതും, സ്ഥായിത്വമില്ലാത്തതുമാണ് എന്ന് കോണ്‍ഗ്രസിന്റെ സമീപനരേഖ അവതരിപ്പിച്ചുകൊണ്ട് പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.കെ. ശശിധരന്‍ പിള്ള പറഞ്ഞു. ഉത്പാദന വളര്‍ച്ചയും തൊഴില്‍ വളര്‍ച്ചയും ഇല്ലാത്ത കേരളത്തിന്റെ വികസനത്തിന് സ്ഥിരതയുണ്ടാവില്ല. കേരളത്തില്‍ ഇന്ന് ഭൂമി ഉത്പാദന വസ്തുവായല്ല, മാറ്റക്കച്ചവടത്തിനും ഊഹക്കച്ചവടത്തിനുമുള്ള ഉല്‍പ്പന്നമായാണ് കാണുന്നത്. ജെസിബികള്‍ മേയുന്ന കുന്നിന്‍ പുറങ്ങളാണ് ഇന്നു നമുക്കുള്ളതെന്നുംപ്രതിസന്ധികളില്‍ നിന്നെല്ലാം കരകയറാന്‍ ജനപക്ഷ വികസനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷിതരായി ജീവിക്കാനാവാത്ത സംസ്ഥാനമാണ് കേരളം. ഈ സ്ഥിതി മാറണമെങ്കില്‍ സാമൂഹിക നീതിയിലും, ലിംഗനീതിയിലും, പാരിസ്ഥിതിക സന്തുലനത്തിലും ഊന്നിയ ഒരു പുതിയ കേരളത്തിനായുള്ള അന്വേഷണം കൂടിയേ തീരൂ. അതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് കേരളവികസന കോണ്‍ഗ്രസ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സ്ത്രീ പദവി പഠനത്തിന്റെ പുസ്തക പ്രകാശനം എഴുത്തുകാരി കെ. ആര്‍. മീര മാധ്യമപ്രവര്‍ത്തക പാര്‍വതീ ദേവിക്ക് നല്‍കി നിര്‍വഹിച്ചു.

ഡോ. കെ.പി. കണ്ണന്‍, ഡോ.എം.പി. പരമേശ്വരന്‍, ടി. ഗംഗാധരന്‍, സി.പി. നാരായണന്‍ എം.പി, പ്രൊ.സി.ജെ. ശിവശങ്കരന്‍, പ്രൊഫ.പി.കെ. രവീന്ദ്രന്‍, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലതാ രാജ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഡോ.കെ. രാജേഷ് പ്രവര്‍ത്തന പരിപാടി വിശദീകരിച്ചു. പരിഷത്ത് ജനറല്‍ സെക്രട്ടറി വി.വി. ശ്രീനിവാസന്‍ സ്വാഗതവും എറണാകുളം ജില്ലാ സെക്രട്ടറി വി.എ. വിജയകുമാര്‍ നന്ദിയും പറഞ്ഞു.

കേരളത്തിന്റെ കാര്‍ഷിക മേഖല വിഷയത്തില്‍ ഡോ. ജിജു പി. അലക്‌സ് മുഖ്യ അവതരണം നടത്തി. സി.കെ.പി. പത്മനാഭന്‍ സെമിനാര്‍ മോഡറേറ്ററായി. ഊര്‍ജ്ജ വിഷയത്തില്‍ പ്രൊഫ. കെ. ശ്രീധരന്‍ പ്രബന്ധം അവതരിപ്പിച്ചു. മോഡറേറ്ററായത് ഡോ.എം.പി. പരമേശ്വരനാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഒ.എം. ശങ്കരന്‍ മുഖ്യ അവതരണം നടത്തി മോഡറേറ്റര്‍ ആയത് ഡോ.എം.എ. ഖാദര്‍ ആണ്. ഉന്നതവിദ്യാഭ്യാസം ഡോ.കെ. പ്രദീപ് കുമാര്‍ അവതരിപ്പിച്ചു. എന്‍. ശാന്തകുമാരി ലിംഗനീതിയും കേരളവും എന്ന വിഷയത്തില്‍ മുഖ്യാവതരണം നടത്തിയപ്പോള്‍ അഡ്വ.തുളസി മോഡറേറ്റര്‍ ആയി.

മഹാരാജാസ് കോളേജിലെ സാമ്പത്തിക വിഭാഗത്തിന്റെയും പൊളിറ്റിക്‌സ് വിഭാഗത്തിന്റെയും സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള വികസന കോണ്‍ഗ്രസ് 28 ന് സമാപിക്കും.

Categories: Updates