ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക്,
കേരളം വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണല്ലോ. പൊതുവിദ്യാഭ്യാസമേഖലയില്‍ സ്‌കൂള്‍പ്രവേശനം, കുട്ടികളുടെ കൊഴിഞ്ഞുപോക്കില്ലായ്മ എന്നിവയില്‍ അസൂയാവഹമായ നേട്ടങ്ങള്‍ നാം കൈവരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പഠനനേട്ടങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിലെ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും പരിഹരിക്കുന്നതിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് നാം മാതൃകയാണ്.
ഇതെല്ലാം നമുക്ക് അഭിമാനിക്കത്തക്ക നേട്ടങ്ങളാണെങ്കിലും ഈ മേഖലയില്‍ അടുത്ത കാലത്തായി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ ഏറെ ഉത്കണ്ഠയ്ക്ക് വക നല്‍കുന്നവയാണ്. ഒരുപക്ഷേ അവയിലേറ്റവും പ്രധാനം കുട്ടികള്‍ക്ക് ലഭിക്കേണ്ട പഠനസമയം നഷ്ടപ്പെടുന്നതും അതുവഴി അവര്‍ക്ക് ഉറപ്പുവരുത്തേണ്ട ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള അവകാശവുമാണ്.
കേന്ദ്രസര്‍ക്കാര്‍ 2009 ല്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശനിയമപ്രകാരം 1 മുതല്‍ 5 വരെ ക്ലാസുകളില്‍ 200പ്രവൃത്തിദിവസങ്ങള്‍ ലഭിക്കേണ്ടതുണ്ട്. 6 മുതല്‍ 8 വരെ ക്ലാസുകളിലാകട്ടെ 220 പ്രവൃത്തിദിനങ്ങളും ലഭിക്കേണ്ടതുണ്ട്.ഈ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം നാളിതുവരെ കേരളത്തിലെ സ്‌കൂളുകളിലൊന്നും ഈ പ്രവൃത്തിദിനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മാത്രവുമല്ല, നിസ്സാരകാരണങ്ങള്‍ ഉന്നയിച്ച് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും സ്‌കൂള്‍ കലണ്ടര്‍ പ്രകാരമുള്ള പ്രവൃത്തിദിനങ്ങള്‍ ലഭിക്കാതാവുകയും ചെയ്യുന്നു. ഈ അവധികളെല്ലാം പൊതുവിദ്യാലയങ്ങള്‍ക്കേ ബാധകമാകുന്നുള്ളു എന്നതിനാല്‍ കൂടുതല്‍ പ്രവര്‍ത്തിദിനങ്ങളുള്ള കേരളേതര സിലബസ് പഠിപ്പിക്കുന്ന അണ്‍എയിഡഡ് വിദ്യാലയങ്ങള്‍ മെച്ചമാണെന്ന് സര്‍ക്കാര്‍ ഇതുവഴി പറഞ്ഞുവെക്കുകയുമാണ്.
ഇക്കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ വിചിത്രമായ ഒരു കത്ത് തന്റെ കീഴുദ്യോഗസ്ഥര്‍ക്ക് അയക്കുകയുണ്ടായി. കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അക്ഷരബോധം, അക്കബോധം എന്നിവയില്ലാത്തവരുണ്ടെന്നും അവരെ കണ്ടെത്തി ഈ ന്യൂനതകള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ഒന്നാം ഘട്ടമായി1, 2 ക്ലാസുകളിലെ കുട്ടികളിലെ ഈ പ്രശ്‌നം നവമ്പര്‍ ഒന്നിനു മുമ്പായി പരിഹരിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വേണ്ടത്ര പഠനാനുഭവങ്ങളൊന്നും കിട്ടാത്തതുകൊണ്ടും പഠനബോധനത്തിലെ രീതിശാസ്ത്രത്തിന്റെ വിവിധഘട്ടങ്ങളില്‍ക്കൂടി കടന്നുപോകാത്തതുകൊണ്ടും മറ്റും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതും അത് മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നതും ശരി തന്നെ. 1, 2 ക്ലാസുകള്‍ ഒറ്റ യൂണിറ്റായാണ് പരിഗണിക്കുന്നത്. അതിനാല്‍ മലയാള അക്ഷരപഠനം പൂര്‍ത്തിയാകുന്നത് രണ്ടാം ക്ലാസ് പൂര്‍ത്തിയാകുന്നതോടെയാണ്. ഇത്തരത്തിലുള്ള അശാസ്ത്രീയതയും അപ്രായോഗികതയും ഈ കത്തില്‍ ഉണ്ടെങ്കില്‍ തന്നെ, അതിലെ പൊതു ഉത്കണ്ഠ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍ക്കൊള്ളുന്നു.
ഒരുഭാഗത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഗുണമേന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നു നിര്‍ദേശിക്കുക,മറുഭാഗത്ത് സര്‍ക്കാര്‍ തന്നെ പഠനസമയം ഇല്ലാതാക്കുക – ഇത് അംഗീകരിക്കാനാവില്ല. ഇതോടൊപ്പമാണ് പാഠപുസ്തകങ്ങള്‍ സമയത്ത് കിട്ടാത്തതുകൊണ്ടും അധ്യാപകരെ സമയത്ത് നിയമിക്കാത്തതു കൊണ്ടുമുള്ള പഠനനഷ്ടത്തെയും ചേര്‍ത്ത് പരിശോധിക്കേണ്ടത്.
കുട്ടിയുടെ മൗലികാവകാശമായ പഠനദിനങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിസ്സാരമായ കാരണങ്ങളാല്‍ പൊതുവിദ്യാലയങ്ങള്‍ക്ക് അവധിപ്രഖ്യാപിക്കുന്നത് ഒഴിവാക്കണമെന്നും ഈ അക്കാദമികവര്‍ഷത്തെ വാര്‍ഷിക പരീക്ഷകള്‍ നിയമപരമായ പ്രവര്‍ത്തിദിനങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ നടത്താവൂ എന്നും അതിനായുള്ള സര്‍ക്കാര്‍ തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ എടുക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്തിക്കുന്നു.സ്‌നേഹപൂര്‍വം,
ഡോ കെ.പി. അരവിന്ദന്‍
പ്രസിഡണ്ട്,
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Categories: Updates