വിഴിഞ്ഞം കരാർ അദാനി ഗ്രൂപ്പിന്‌ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതും സംസ്ഥാന ഖജനാവിന്‌ വലിയ ബാധ്യത ഉണ്ടാക്കുന്നതും ആണന്ന് സി. എ. ജി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പരിഷത്തുൾപ്പെടെ നിരവധി സംഘടനകളും വ്യക്തികളും ഇക്കാര്യം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ എതിർപ്പുകളെ ഒട്ടുംതന്നെ പരിഗണിക്കാതെയാണ്‌ മുൻ സർക്കാരിന്റെ കാലത്ത്‌ പദ്ധതിക്ക്‌ കരാർ ഒപ്പിട്ടത്‌.
കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നവുമായ കടല്‍ മേഖലകളില്‍ ഒന്നാണ് വിഴിഞ്ഞം. കടല്‍ ആവാസവ്യവസ്ഥയ്ക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം ഏറെ വലുതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ജൈവവ്യവസ്ഥക്കുണ്ടാകുന്ന അപരിഹാര്യമായ ആഘാതങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണം പരിസരാഘാത പത്രികയിലില്ല. ഇക്കാര്യം നിരവധി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചെങ്കിലും അത് ഇപ്പോഴും കണക്കിലെടുത്തിട്ടില്ല. ഇന്ത്യയുടെ വിവിധ കടല്‍ത്തീരങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍മിക്കപ്പെട്ട പുലിമുട്ടുകള്‍ കടല്‍ത്തീരത്തുണ്ടാക്കിയിട്ടുള്ള വളരെ അപകടകരവും പ്രത്യക്ഷവുമായ മാറ്റങ്ങളെ കണ്ടറിഞ്ഞുകൊണ്ട് വിഴിഞ്ഞം പദ്ധതിയുടെ ആഘാതം പരിഗണനയില്‍ എടുത്തില്ല.
വിഴിഞ്ഞം പദ്ധതി സാമ്പത്തികമായി വന്‍നഷ്ടമാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. വാണിജ്യപ്രാധാന്യമുള്ള ഒരു തുറമുഖമെന്ന നിലയിലോ പ്രകൃതിദത്ത തുറമുഖമെന്ന നിലയിലോ വിഴിഞ്ഞത്തെ പരിഗണിക്കാനാവില്ല. അദാനിയുമായി കേരള സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പു വ്യവസ്ഥകളിലൂടെ അവര്‍ക്ക് വലിയ ലാഭമുണ്ടാക്കുന്ന വിധത്തിലാണ് കരാര്‍ രൂപപ്പെടുത്തിയത്. മൊത്തം പദ്ധതി പ്രദേശത്തിന്റെ മൂന്നിലൊന്ന് സ്ഥലം അദാനിയുടെ സ്വകാര്യ കമ്പനിക്ക് റിയല്‍ എസ്റ്റേറ്റിനായി വിട്ടുനല്‍കുകയും ഇത് ഈടുവച്ച് വായ്പയെടുക്കാന്‍ അവര്‍ക്ക് അവകാശം നല്‍കുകയും ചെയ്തു. അവിടെ നടക്കുന്ന സ്വകാര്യ നിര്‍മാണങ്ങള്‍ പോര്‍ട്ടിന്റെ പേരിലായതിനാല്‍ നിലവിലുള്ള തീരദേശ നിയന്ത്രണനിയമങ്ങള്‍ ബാധകമല്ല താനും.
പദ്ധതിയുടെ ഭാഗമായി വരേണ്ട പ്രധാനപ്പെട്ട ചെലവുകള്‍ പദ്ധതിക്ക് പുറത്താണ്. ഉദാഹരണമായി പുനരധിവാസ ചെലവുകള്‍. 3000 പേരെയാണ് പുനരധിവസിപ്പിക്കേണ്ടിവരുന്നത്. കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പുനരധിവാസ പദ്ധതിയാണ് ഇത്. ഇത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
തീരദേശ നിയന്ത്രണ നിയമങ്ങൾ ഒന്നും ബാധക മാകാതെ അദാനിക്ക്‌ കടൽ തീരത്ത്‌ റിയൽ എസ്റ്റേറ്റ്‌ ബിസിനസ്സു നടത്താൻ സൗകര്യമൊരുക്കി എന്നല്ലാതെ കേരളത്തിന്റെ ദീർഘകാല വികസനത്തിൽ പദ്ധതി ഒരു പങ്കും വഹിക്കാൻ പോകുന്നില്ല. മാത്രമല്ല, കേരളത്തിലെ ഏറ്റവും ജൈവ സബന്നമായ വിഴിഞ്ഞം കടൽ മേഖലക്കും തീരപ്രദേശത്തിനും ഉണ്ടാകാൻ പോകുന്ന ആഘാതത്തെ സംബന്ധിച്ച്‌ ശാസ്ത്രലോകം നൽകിയ മുന്നറിയിപ്പും പരിഗണിക്കുകയുണ്ടായില്ല. ഇതിനെല്ലാം പുറമെയാണ്‌ ഇപ്പോൾ സി എ ജി ചൂണ്ടിക്കാണിച്ചിരിക്കുന്ന വൻ സാമ്പത്തിക അഴിമതി.
ആയതിനാൽ സി എ ജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞം കരാർ റദ്ദാക്കണമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും സംസ്ഥാനസർക്കാരിന്‌ വൻബാധ്യതയായ കരാറിനെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ അഭ്യർത്ഥിക്കുന്നു.

ടി.ഗംഗാധരന്‍ ടി.കെ.മീരാഭായ്
പ്രസിഡണ്ട് ജനറല്‍സെക്രട്ടറി

Categories: Updates