അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും തീരദേശ നിയന്ത്രണ മേഖലയില്‍ വരുന്നതും, അന്തര്‍ദ്ദേശീയതലത്തിലുള്ള റാംസര്‍ കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ വേമ്പനാട്ടുകായലിലെ അനധികൃതവും നിയമവിരുദ്ധവുമായ നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്ന ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വിധി, സുപ്രീംകോടതിയും ശരിവെച്ച സാഹചര്യത്തില്‍ പ്രസ്‌തുത നിര്‍മ്മാണങ്ങള്‍ അടിയന്തിരമായി പൊളിച്ചു നീക്കുന്നതിനും, കേരളത്തില്‍ സമാനമായി നടന്നിട്ടുള്ള നിയമലംഘനങ്ങള്‍ ഉടനടി കണ്ടെത്തി അവക്കെതിരെയും അടിയന്തിരനടപടികള്‍ എടുക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, കേരള സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.
പാരിസ്ഥിതികമായി ദുര്‍ബലമായ തീരദേശങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കായലുകള്‍, നദീമുഖങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായി 1991 ലും 2011 ലും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനങ്ങളെ നോക്കുകുത്തികളാക്കിക്കൊണ്ടാണ്‌ വേമ്പനാട്ടുകായലിലെ കൈയ്യേറ്റങ്ങളും മലിനീകരണവും അരങ്ങേറുന്നത്‌. കായലിന്റെ വിസ്‌തൃതി പകുതിയില്‍ താഴെയായി കുറഞ്ഞിരിക്കുന്നു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ (Critically Vulnerable Coastal Area) ഉള്‍പ്പെട്ട വേമ്പനാട്ടു കായലില്‍ എല്ലാ നിയന്ത്രണങ്ങളും മറികടന്നുള്ള മൂലധന നിക്ഷേപത്തിന്റെ തള്ളിക്കയറ്റമാണ്‌ ഇന്നത്തെ തകര്‍ച്ചയ്‌ക്ക്‌ കാരണം. വേമ്പനാട്‌ കായലിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ ഇതിനെ ദേശീയ കായല്‍ സംരക്ഷണ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്‌. തീരദേശ നിയന്ത്രണ നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ ഉറപ്പാക്കേണ്ട കേരള തീരദേശ മാനേജ്‌മെന്റ്‌ അതോറിറ്റിയ്‌ക്കും മലിനീകരണം തടയേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കൈയ്യേറ്റങ്ങളെ തടയേണ്ട ജില്ലാ ഭരണകൂട സംവിധാനങ്ങള്‍ക്കുംതകര്‍ച്ചയുടെ പങ്കില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ ആവില്ല. ഇത്‌ നിയമലംഘനങ്ങള്‍ക്ക്‌ ആക്കംകൂട്ടുന്നതിന്‌ സഹായകമായി. സുപ്രീം കോടതി വിധിയിലൂടെനിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിനും പുതിയ കൈയ്യേറ്റങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ഫലപ്രദമായ ഇടപെടല്‍ സംവിധാനം ഒരുക്കാനുമുള്ള സാധ്യതയാണ്‌ തെളിഞ്ഞുവന്നിട്ടുള്ളത്‌. എന്നാല്‍ സുപ്രീംകോടതി ആവശ്യപ്പെട്ട നിയമലംഘനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കരുതെന്ന്‌ വിവിധ സഭാധ്യക്ഷന്മാരും ഇരുപതില്‍ അടുത്ത്‌ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നു. നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമലംഘനങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുവാന്‍ എടുത്ത തീരുമാനം അത്യന്തം ഗുരുതരവും പ്രതിഷേധാര്‍ഹവുമാണ്‌.
സാഹചര്യത്തില്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കേരളത്തിന്റെ തീരപ്രദേശങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും കായല്‍ ആവാസവ്യവസ്ഥകളേയും സംരക്ഷിക്കുന്നതിന്‌ തീരദേശ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുപ്രീംകോടതി വിധിയിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതും നിയമം ലംഘിച്ച്‌ നിര്‍മ്മിച്ചിട്ടുള്ളതുമായ എല്ലാ നിര്‍മ്മാണങ്ങളും പൊളിച്ചു മാറ്റുന്നതിന്‌ നടപടി എടുക്കണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
സുപ്രീംകോടതി ആവശ്യപ്പെട്ട നിയമലംഘനങ്ങളുടെ ശരിയായ വിവരം നല്‍കരുതെന്ന്‌ ജനപ്രതിനിധികളും സഭാദ്ധ്യക്ഷന്മാരും മുഖ്യമന്ത്രിയോട്‌ രേഖാമൂലം ആവശ്യപ്പെട്ടത്‌ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി കണ്ട്‌ വേണ്ട നടപടികള്‍ എടുക്കണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

Categories: Updates